മണിപ്പൂർ കലാപം; പാര്‍ലമെന്റ് സംയുക്ത സമിതി അന്വേഷിക്കണം: കേരള കോണ്‍ഗ്രസ് എം

മണിപ്പൂരില്‍ കഴിഞ്ഞ രണ്ടുമാസമായി തുടരുന്ന ആസൂത്രിത വംശീയ കലാപത്തെക്കുറിച്ച് സംയുക്ത പാര്‍ലമെന്റ് സമിതി അന്വേഷിക്കണമെന്ന് കേരള കോണ്‍ഗ്രസ് എം ചെയര്‍മാന്‍ ജോസ് കെ മാണി എം പിയും വൈസ് ചെയര്‍മാന്‍ തോമസ് ചാഴിക്കാടന്‍ എം പിയും പ്രധാനമന്ത്രിയോട് ആവശ്യപ്പെട്ടു.

കഴിഞ്ഞ രണ്ടു ദിവസമായി മണിപ്പൂരിലെ കലാപബാധിത പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് വിഷയത്തിന്റെ ഗൗരവം ബോധ്യപ്പെട്ടിട്ടാണ് ഈ ആവശ്യം ഉന്നയിക്കുന്നത്. ഈ മാസം 20 ന് തുടങ്ങുന്ന പാര്‍ലമെന്റ് സമ്മേളനത്തിന്റെ നടപടികള്‍ നിര്‍ത്തിവെച്ച് മണിപ്പൂര്‍ കലാപം ചര്‍ച്ച ചെയ്യണം എന്നും ജോസ് കെ മാണി ആവശ്യപ്പെട്ടു.

2023 മെയ് മാസം മൂന്നാം തീയതിയാണ് മണിപ്പൂരില്‍ കലാപം തുടങ്ങുന്നത്. മെയ് 3, 4 എന്നീ രണ്ട് ദിവസങ്ങള്‍ കൊണ്ട് കുക്കി ഗോത്ര വിഭാഗത്തിലെ മാത്രം 80 ലധികം ആളുകള്‍ക്ക് ജീവഹാനി സംഭവിക്കുകയും അവരുടെ നൂറുകണക്കിന് ആരാധനാലയങ്ങളും സ്ഥാപനങ്ങളും തകര്‍ക്കപ്പെടുകയും ചെയ്തു.120ലധികം ആളുകളാണ് ഇതേവരെ കൊല്ലപ്പെട്ടത് എന്നാണ് പുറത്തുവന്ന കണക്കുകള്‍. ഇതിലും എത്രയോ അധികം ആളുകള്‍ക്ക് ജീവഹാനി സംഭവിച്ചിട്ടുണ്ടാകാമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്. കാണാതായ നിരവധി ആളുകളെക്കുറിച്ച് ഇനിയും വിവരമൊന്നും ലഭിച്ചിട്ടില്ലെന്നും ജോസ് കെ മാണി പറഞ്ഞു.

ജോസ് കെ മാണിയും തോമസ് ചാഴികാടനും മണിപ്പൂരിലെ പള്ളി സന്ദർശിച്ചപ്പോൾ

കലാപകാരികള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് നേരെ യാതൊരു പ്രകോപനവുമില്ലാതെ ആക്രമണം നടത്തുകയും ഗ്യാസ് സിലിണ്ടറുകള്‍ ഉപയോഗിച്ച് പൂര്‍ണമായും നശിപ്പിക്കുകയാണ് ചെയ്തിട്ടുള്ളത്. സംഗായി പ്രോയിലെ സെന്റ് പോള്‍സ് പള്ളി,കാഞ്ചിപൂരിലെ ഹോളി റെഡിമര്‍ പള്ളി എന്നിവ ഇത്തരത്തില്‍ പൂര്‍ണമായും തകര്‍ക്കപ്പെട്ടു. ഏറ്റവും കൂടുതല്‍ അക്രമ സംഭവങ്ങളുണ്ടായ സെയ്തു മണ്ഡലത്തിലെ എംഎല്‍എ കിപ്ഗനുമായി നടത്തിയ കൂടിക്കാഴ്ചയില്‍ മണിപ്പൂരിലെ സംഭവങ്ങളുടെ വ്യാപ്തി വളരെ വലുതാണെന്ന് അദ്ദേഹം അറിയിച്ചു.

കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ നിയോഗിക്കുന്ന അന്വേഷണസമിതികളിലൂടെ ഒരു സത്യവും പുറത്തേക്ക് വരാനിടയല്ല. മണിപ്പൂര്‍ സംഭവങ്ങളില്‍ ഭയപ്പെടുത്തുന്ന മൗനം തുടരുന്ന പ്രധാനമന്ത്രി അടിയന്തരമായി ഈ വിഷയത്തില്‍ ഇടപെട്ട് സംയുക്ത പാര്‍ലമെന്ററി സമിതിയുടെ അന്വേഷണത്തിന് നിര്‍ദ്ദേശം നല്‍കണമെന്നും, കലാപബാധിതര്‍ക്ക് നഷ്ടപരിഹാരവും പുനരധിവാസം അടിയന്തിരമായി ഉറപ്പാക്കണമെന്നും, ആരാധനാലയങ്ങള്‍ പുനര്‍നിര്‍മ്മിക്കുന്നതിനായി പ്രത്യേക പാക്കേജും പ്രഖ്യാപിക്കണമെന്ന് ജോസ് കെ മാണി എംപിയും തോമസ് ചാഴിക്കാടന്‍ എംപിയും ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*