വ്യാജ കാഫിർ സ്ക്രീൻഷോട്ട് ഷെയർ ചെയ്ത മനീഷ് വീണ്ടും സിപിഐഎം ബ്രാഞ്ച് സെക്രട്ടറി

കണ്ണൂർ : വടകര തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് വ്യാജ കാഫിർ സ്ക്രീൻ ഷോട്ട് ഷെയർ ചെയ്ത മനീഷ് കെ കെ സിപിഐഎം ബ്രാഞ്ച് സെക്രട്ടറി. മയ്യിൽ വേളം സെൻ്റർ ബ്രാഞ്ച് സെക്രട്ടറിയായാണ് മനീഷിനെ വീണ്ടും തിരഞ്ഞെടുത്തത്. സ്ക്രീൻഷോട്ട് വിവാദത്തിൽ സിപിഐഎമ്മിന് പങ്കില്ലെന്നായിരുന്നു പാർട്ടി നിലപാട്. സ്ക്രീൻഷോട്ട് ഷെയർ ചെയ്തതിന് മനീഷിൻ്റെ മൊഴി പോലീസ് രേഖപ്പെടുത്തിയിരുന്നു.

അമ്പാടിമുക്ക് സഖാക്കൾ എന്ന പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചിരുന്നു. ഈ പേജിന്റെ അഡ്മിനാണ് മനീഷ് കെ കെ. പേജിൽ സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തതിനാണ് മനീഷിന്റെ മൊഴി പോലീസ് രേഖപ്പെടുത്തിയത്. വടകരയിൽ തിരഞ്ഞെടുപ്പ് ഘട്ടത്തിലാണ് മതവിദ്വേഷം ഉണ്ടാക്കുന്ന പ്രചാരണം നടന്നത്. ‘കാഫിര്’ വ്യാജ സ്ക്രീന്ഷോട്ട് ആദ്യം പ്രചരിച്ചത് ഇടത് സൈബർ ഗ്രൂപ്പുകളിലെന്ന് പൊലീസ് നേരത്തെ ഹൈക്കോടതിയിൽ അറിയിച്ചിരുന്നു.

റെഡ് എന്കൗണ്ടര് വാട്സ് ആപ് ഗ്രൂപ്പിലും റെഡ് ബറ്റാലിയന് എന്ന വാട്സ് ആപ്പ് വഴിയും ‘കാഫിര്’ വ്യാജ സ്ക്രീന് ഷോട്ട് ലഭിച്ചെന്നും പൊലീസ് ഹൈക്കോടതിയില് നല്കിയ വിശദമായ റിപ്പോർട്ടിൽ ചൂണ്ടിക്കാണിച്ചിരുന്നു. 2024 ഏപ്രിൽ 25-ന് ഉച്ചക്ക് 2.13-നാണ് റെഡ് എൻകൗണ്ടർ വാട്സ്ആപ്പ് ഗ്രൂപ്പിൽ സ്ക്രീൻഷോട്ട് ആദ്യം പ്രത്യക്ഷപ്പെട്ടതെന്നാണ് റിപ്പോർട്ടിൽ വ്യക്തമാക്കിയിരുന്നത്.

ഏപ്രിൽ 25-ന് ഉച്ചക്ക് 2.34ന് റെഡ് ബറ്റാലിയൻ വാട്സ്ആപ്പ് ഗ്രൂപ്പിലും സ്ക്രീൻഷോട്ട് പോസ്റ്റ് ചെയ്തു. അമൽ റാം എന്ന വ്യക്തിയാണ് അവിടെ പോസ്റ്റ് ചെയ്തത്. അന്നേ ദിവസം വൈകീട്ട് മൂന്നിന് അമ്പാടിമുക്ക് സഖാക്കൾ എന്ന ഫേസ്ബുക്ക് പേജിൽ സ്ക്രീൻഷോട്ട് പ്രചരിച്ചു. രാത്രി 8.23ന് പോരാളി ഷാജിയുടെ ഫേസ്ബുക്ക് പേജിലും സ്ക്രീൻഷോട്ട് പ്രചരിച്ചു. അഡ്മിൻ അബ്ബാസ് ആണ് പോരാളി ഷാജി പേജിൽ ഇത് പോസ്റ്റ് ചെയ്തതെന്നും പോലീസ് സമർപ്പിച്ച റിപ്പോർട്ടിൽ പറഞ്ഞിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*