
കാസർഗോഡ് : മഞ്ചേശ്വരം കോഴക്കേസ് വിധി ദൗർഭാഗ്യകരമെന്ന് പരാതിക്കാരൻ. കേസിലെ കോടതി വിധിയിൽ അപ്പീൽ പോകുമെന്ന് പരാതിക്കാരൻ വി വി രമേശൻ പറഞ്ഞു. വിധിയുടെ പകർപ്പ് ലഭിച്ചതിന് ശേഷമായിരിക്കും അപ്പീലിന് പോകുക. കാസർകോട്ടെ ജനങ്ങൾക്ക് സുരേന്ദ്രനെ നന്നായി അറിയാം. കോഴ സുരേന്ദ്രൻ എന്നാണ് അദ്ദേഹത്തെ വിളിക്കുന്നത് എന്നും പരാതിക്കാരൻ പറഞ്ഞു.
കാസർഗോഡ് ജില്ലാ സെഷൻസ് കോടതിയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരെയും വെറുതെവിട്ടത്. സുരേന്ദ്രൻ ഉൾപ്പെടെ ആറു പ്രതികളുടെയും വിടുതൽ ഹർജി കോടതി അംഗീകരിച്ചു. നേരിട്ട് കോടതിയിൽ ഹാജരാകണമെന്ന് വ്യക്തമാക്കിയതിന്റെ പശ്ചാത്തലത്തിൽ കെ സുരേന്ദ്രൻ ഉൾപ്പെടെ ആറ് പേരും ഇന്ന് കോടതിയിൽ എത്തിയിരുന്നു.
വിചാരണ നേരിടേണ്ട സാഹചര്യമില്ലെന്ന് കോടതി കണ്ടതിന്റെ അടിസ്ഥാനത്തിലാണ് വിധിയെന്നും ഇതിൽ യാതൊരു വിധ കെട്ടിച്ചമക്കലും ഇല്ലെന്നും കെ സുരേന്ദ്രന് വേണ്ടി വാദിച്ച അഭിഭാഷകൻ കെ ശ്രീകാന്ത് പറഞ്ഞു. സത്യം ജയിച്ചെന്നും കേസിന് പിന്നിൽ സിപിഐഎമ്മിന്റെയും ലീഗിന്റെയും പിന്തുണയുണ്ടെന്നായിരുന്നു കെ സുരേന്ദ്രന്റെ പ്രതികരണം.
2021ലെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിഎസ്പി സ്ഥാനാർത്ഥിത്വം പിൻവലിച്ചതും തുടർന്നുള്ള വെളിപ്പെടുത്തലുമാണ് കേസിന് ആസ്പദമായ സംഭവം. കെ സുന്ദരയ്ക്ക് സ്ഥാനാർത്ഥിത്വം പിൻവലിക്കാൻ രണ്ടരലക്ഷം രൂപയും സ്മാർട്ട്ഫോണും കോഴ നൽകിയെന്നാണ് കേസ്. മൊഴിയെടുക്കലിൽ താൻ സ്വന്തം ഇഷ്ടപ്രകാരമാണ് സ്ഥാനാർത്ഥിത്വം പിൻവലിച്ചതെന്ന് സുന്ദര പറഞ്ഞിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സെപ്റ്റംബറിൽ പ്രതികൾ കോടതിയിൽ വിടുതൽ ഹർജി സമർപ്പിക്കുന്നത്. ഇത് പരിഗണിച്ചാണ് വിധി.
Be the first to comment