മഞ്ചേശ്വരം കോഴക്കേസ്: രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദേശം നല്‍കി ഹൈക്കോടതി

എറണാകുളം: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ വിചാരണക്കോടതിയിലെ രേഖകള്‍ ഹാജരാക്കാന്‍ ഹൈക്കോടതിയുടെ നിര്‍ദേശം. ഒരു മാസത്തിനകം ഹാജരാക്കാനാണ് സിംഗിള്‍ ബെഞ്ച് നിര്‍ദേശം നൽകിയത്. സര്‍ക്കാരിൻ്റെ റിവിഷന്‍ ഹര്‍ജി ക്രിസ്‌മസ് അവധിക്ക് ശേഷം പരിഗണിക്കും. അതേസമയം, കേസില്‍ കെ സുരേന്ദ്രനെ പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ നടപടിയില്‍ സ്റ്റേ തുടരും.

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസിൽ കെ സുരേന്ദ്രനെ വിചാരണ കൂടാതെ കുറ്റവിമുക്തനാക്കിയ കീഴ് കോടതി നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹൈക്കോടതിയെ സമീപിച്ചത്. പ്രതിപ്പട്ടികയില്‍ നിന്ന് ഒഴിവാക്കിയ വിചാരണക്കോടതി നടപടി മതിയായ കാരണങ്ങളില്ലാതെയെന്ന് സര്‍ക്കാര്‍ വാദിച്ചു. കെ സുരേന്ദ്രനെതിരെ ദളിത് പീഡനക്കുറ്റം ചുമത്താന്‍ തക്ക തെളിവുകളുണ്ടെന്നും പ്രോസിക്യൂഷൻ വ്യക്തമാക്കിയിരുന്നു.

വിചാരണക്കോടതിയുടെ ഉത്തരവ് സുപ്രീംകോടതിയുടെ ഉത്തരവിന് വിരുദ്ധമാണ്. വിടുതല്‍ ഹര്‍ജിയില്‍ വിചാരണക്കോടതിയുടെ ഭാഗത്തു നിന്ന് ഉണ്ടായത് വിചാരണയ്ക്ക്‌ സമമായ നടപടിയാണ്. കൂടാതെ കെ സുരേന്ദ്രനെതിരെ പ്രോസിക്യൂഷന്‍ നല്‍കിയ തെളിവുകള്‍ കോടതി പരിഗണിച്ചില്ല. സാക്ഷിമൊഴികള്‍ വിലയിരുത്തുന്നതിലും വിചാരണക്കോടതിക്ക് പിഴവ് പറ്റി. സമയപരിധി കഴിഞ്ഞ് കുറ്റം ചുമത്താനാവില്ലെന്ന വ്യവസ്ഥ കോഴക്കുറ്റത്തില്‍ ബാധകമല്ലെന്നും റിവിഷൻ ഹർജിയിൽ സർക്കാർ ഉന്നയിച്ചിട്ടുണ്ട്.

2021ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരത്ത് മത്സരിച്ച കെ സുരേന്ദ്രന് അപരനായി ബിഎസ്‌പിയിലെ കെ.സുന്ദര പത്രിക നൽകിയിരുന്നു. സുരേന്ദ്രന്‍റെ അനുയായികൾ സുന്ദരയെ തട്ടിക്കൊണ്ടുപോയി തടങ്കലിൽ വച്ച് ഭീഷണിപ്പെടുത്തി പത്രിക പിൻവലിപ്പിച്ചെന്നും ഇതിന് പ്രതിഫലമായി 2.5 ലക്ഷം രൂപയും മൊബൈല്‍ ഫോണും നല്‍കിയെന്നുമാണ് ബദിയടുക്ക പൊലീസിൻ്റെ കേസ്.

മാധ്യമങ്ങളിലൂടെ സുന്ദര നടത്തിയ വെളിപ്പെടുത്തലിൽ അന്വേഷണം ആവശ്യപ്പെട്ട്‌ അന്നത്തെ എൽഡിഎഫ് സ്ഥാനാർഥി വിവി രമേശനാണ്‌ കോടതിയെ സമീപിച്ചത്‌. സുരേന്ദ്രനു പുറമെ ബിജെപി കാസർകോട് മുൻ ജില്ലാ പ്രസിഡന്‍റ് കെ ബാലകൃഷ്‌ണ ഷെട്ടി, യുവമോർച്ച മുൻ സംസ്ഥാന ട്രഷറർ സുനിൽ നായിക്, കെ മണികണ്‌ഠ റായ്, വെെ സുരേഷ്, ലോകേഷ് നോട്ട എന്നിവരാണ് മറ്റു പ്രതികൾ.

സുരേന്ദ്രനടക്കം ആറുപേരെ വെറുതെ വിട്ട് കാസർകോട് കോടതി ഓക്ടോബർ അഞ്ചിന് പുറപ്പെടുവിച്ച ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടാണ് സർക്കാർ ഹർജി സമർപ്പിച്ചത്. സെഷൻസ് കോടതി ഉത്തരവ് ഹൈക്കോടതി നേരത്തെ സ്റ്റേ ചെയ്‌തിരുന്നു. കേസിൽ സിപിഎം – ബിജെപി ഒത്തുകളി ആരോപണം ഉയർന്നിരിക്കെയാണ് സർക്കാർ അപ്പീൽ സമർപ്പിച്ചത്. ഇക്കാര്യം സഭയിൽ പ്രതിപക്ഷം ഉന്നയിച്ച ചോദ്യത്തിന് രേഖാമൂലമാണ് മുഖ്യമന്ത്രി മറുപടിയിൽ വ്യക്തമാക്കിയത്.

‘സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ’

സുരേന്ദ്രനെ കുറ്റവിമുക്തനാക്കിയത് സിപിഎം – ആർഎസ്എസ് ഡീൽ എന്നായിരുന്നു പ്രതിപക്ഷ ആരോപണം. കോളിളക്കമുണ്ടാക്കിയ മഞ്ചേശ്വരം കോഴക്കേസില്‍ സുരേന്ദ്രന്‍ അടക്കമുള്ള എല്ലാ പ്രതികളെയും കാസര്‍കോട് ജില്ലാ സെഷന്‍സ് കോടതി കുറ്റവിമുക്തരാക്കിയിരുന്നു. സുരേന്ദ്രന്‍റെ വിടുതല്‍ ഹര്‍ജി പരിഗണിച്ച് പ്രതികള്‍ക്ക് മേല്‍ ചുമത്തിയ വിവിധ കുറ്റങ്ങള്‍ നിലനില്‍ക്കുന്നതല്ലെന്ന് നിരീക്ഷിച്ച കോടതി, അന്വേഷണ സംഘത്തിന്‍റെയും പ്രോസിക്യൂഷന്‍റെയും ഭാഗത്തുണ്ടായ ഗുരുതര വീഴ്‌ചകളും വിധിപ്പകര്‍പ്പില്‍ അക്കമിട്ട് വ്യക്തമാക്കിയിരുന്നു.

തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ഒരു വര്‍ഷത്തിനകം കുറ്റപത്രം സമര്‍പ്പിക്കണമെന്നാണ് സിആര്‍പിസി വ്യവസ്ഥ ചെയ്യുന്നതെങ്കിലും 2021 മാര്‍ച്ച് 21 ന് നടന്ന സംഭവത്തില്‍ അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിച്ചത് 2023 ഒക്ടോബര്‍ ഒന്നിനായിരുന്നു. പരമാവധി ഒരു വര്‍ഷത്തെ തടവ് ശിക്ഷയുളള ഒരു കുറ്റത്തിൽ ഒരു വര്‍ഷത്തിനകം തന്നെ കുറ്റപത്രം സമര്‍പ്പിക്കണമെന്ന പ്രാഥമിക കാര്യം അന്വേഷണ സംഘവും പ്രോസിക്യൂഷനും പാലിച്ചില്ല. ഇടക്കാല കുറ്റപത്രം സമര്‍പ്പിച്ചിരുന്നെങ്കിലും അന്തിമ കുറ്റപത്രത്തില്‍ ഇക്കാര്യം ഉണ്ടായിരുന്നില്ല. അത് കോടതിയെ അറിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞില്ല. കേസ് രജിസ്‌റ്റര്‍ ചെയ്‌തത് തന്നെ സംഭവം നടന്ന് 78 ദിവസങ്ങള്‍ക്ക് ശേഷമാണെന്ന കാര്യവും കോടതി ചൂണ്ടിക്കാട്ടിയിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*