മഞ്ജു വാര്യർ ചിത്രം ‘ആയിഷ’ ഒടിടിയിൽ: 5 ഭാഷകളിൽ സ്ട്രീമിങ് തുടങ്ങി

മഞ്ജു വാര്യർ പ്രധാന കഥാപാത്രമായി എത്തിയ ഇന്തോ-അറബിക് ചിത്രം ‘ആയിഷ’ ഒടിടിയിൽ. ആമസോൺ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീമിങ് ആരംഭിച്ചത്. നവാഗതനായ ആമിർ പള്ളിക്കൽ സംവിധാനം ചെയ്ത ചിത്രം ഈ വർഷം ജനുവരി 20നാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളിൽ റിലീസ് ചെയ്തത്.

മികച്ച പ്രേക്ഷകപ്രതികരണമാണ് ചിത്രം തിയേറ്ററുകളിൽ നിന്ന് നേടിയത്. മലയാളത്തിന് പുറമെ ഇംഗ്ലീഷിലും അറബിയിലും പുറത്തിറങ്ങിയ ‘ആയിഷ’, ഒടിടിയിൽ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിൽ പ്രേക്ഷകരിലെത്തും.

റിലീസിന് മുൻപേ തന്നെ ചിത്രത്തിലെ പാട്ടുകൾ വൻ സ്വീകാര്യത നേടിയിരുന്നു. മലയാളം, അറബിക് സംഗീതങ്ങള്‍ അടിസ്ഥാനമാക്കിയാണ് ഗാനങ്ങൾ ഒരുക്കിയിരുന്നത്. നൃത്തത്തിന് ഏറെ പ്രാധാന്യമുള്ള സിനിമയുടെ കോറിയോഗ്രാഫി നിര്‍വഹിച്ചിരിക്കുന്നത് പ്രശസ്ത നടനും സംവിധായകനും നര്‍ത്തകനുമായ പ്രഭുദേവയാണ്. അറബിക് മലയാളം ഭാഷകളില്‍ ചിത്രീകരിച്ച സിനിമയിലെ എഴുപതു ശതമാനത്തോളം അഭിനേതാക്കളും വിദേശികളാണ്.

ലോക സിനിമകളുടെ നിലവാരത്തിലാണ് ആയിഷ ചിത്രീകരിച്ചിട്ടുള്ളത്. അറബ് രാജ്യങ്ങളില്‍ അറബിക് ഭാഷയില്‍ തന്നെ ആയിരുന്നു സിനിമ റിലീസ് ചെയ്തത്. മഞ്ജു വാര്യര്‍ക്കു പുറമെ രാധിക, സജ്ന, പൂര്‍ണിമ എന്നീ അഭിനേത്രികളും ചിത്രത്തിൽ പ്രധാന വേഷങ്ങളിലുണ്ട്.

മുസ്ലിം സമുദായത്തിലെ ആദ്യ നാടക നടിയായി കലാരംഗത്തെ മുസ്ലീം വനിതകളുടെ മുന്നേറ്റത്തിന് ഊര്‍ജ്ജം പകര്‍ന്ന നിലമ്പൂർ ആയിഷയുടെ ജീവിതത്തിന്റെ ഒരു ഭാഗം ആധാരമാക്കിയാണ് ‘ആയിഷ’ ഒരുക്കിയിരിക്കുന്നത്. എൺപതുകളിലാണ് കഥ നടക്കുന്നത്.

ക്രോസ് ബോര്‍ഡര്‍ സിനിമയുടെ ബാനറില്‍ സംവിധായകന്‍ സക്കറിയയാണ് നിര്‍മ്മാണം.ആഷിഫ് കക്കോടിയാണ് രചന. ഫെതര്‍ ടച്ച് മൂവി ബോക്‌സ്, ഇമാജിന്‍ സിനിമാസ്, ലാസ്റ്റ് എക്‌സിറ്റ് സിനിമാസ് എന്നീ ബാനറുകളില്‍ ശംസുദ്ദീന്‍, സക്കറിയ വാവാട്, ഹാരിസ് ദേശം, അനീഷ് പി ബി എന്നിവരാണ് ഈ ചിത്രത്തിന്‍റെ സഹ നിർമ്മാതാക്കൾ.

Be the first to comment

Leave a Reply

Your email address will not be published.


*