മാന്നാനം: കത്തോലിക്കാ സഭയിലെ 1,500ലധികം വിശുദ്ധരുടെയും വാഴ്ത്തപ്പെട്ടവരുടെയും തിരുശേഷിപ്പുകൾ കണ്ടു വണങ്ങാനുള്ള അപൂർവാവസരം. മാന്നാനം സെന്റ് ജോസഫ് ആശ്രമ ദേവാലയത്തിൽ വിശുദ്ധ ചാവറയച്ചന്റെ തിരുനാളിനോടനുബന്ധിച്ചാണ് അത്യപൂർവമായ തിരുശേഷിപ്പ് വണക്കം നടക്കുന്നത്.
യേശുക്രിസ്തുവിനെ തറച്ച വിശുദ്ധ കുരിശിന്റെ ഭാഗങ്ങൾ, തലയിൽ വെച്ച മുൾക്കിരീടത്തിന്റെ അംശങ്ങൾ, ഒന്നാം നൂറ്റാണ്ടു മുതൽ അടുത്ത ഏപ്രിലിൽ വിശുദ്ധരുടെ ഗണത്തിലേക്ക് ഉയർത്തപ്പെടുന്നവരുടെ വരെ തിരുശേഷിപ്പുകളിൽ തൊട്ടു പ്രാർത്ഥിക്കുന്നവരുടെ തിരക്കാണ് മാന്നാനം ആശ്രമം ദേവാലയത്തിൽ.
വിശുദ്ധരും വാഴ്ത്തപ്പെട്ടവനും ധരിച്ചിരുന്ന വസ്ത്രങ്ങൾ, വസ്ത്രഭാഗങ്ങൾ, ശരീരഭാഗങ്ങൾ എന്നിവയാണ് തിരുശേഷിപ്പായി സൂക്ഷിച്ചിരിക്കുന്നത്. കാർലോ അക്വിറ്റി ഫൗണ്ടേഷനും ഫാ. എഫ്രേം കുന്നപ്പള്ളി അംഗമായുള്ള ഫാത്തിമൈറ്റ്സ് സന്യാസസമൂഹവും ചേർന്നാണ് പ്രദർശനം നടത്തുന്നത്.
റോമിൽ നിന്നും വിവിധ രാജ്യങ്ങളിൽ നിന്നുമായി 25 വർഷത്തെ ശ്രമഫലമായാണ് സഭാധികൃതരുടെ സാക്ഷ്യപത്രങ്ങളോടെ തിരുശേഷിപ്പുകൾ ഫൗണ്ടേഷന് ലഭിച്ചത്. കാണാൻ എത്തുന്നവരുടെ തിരക്ക് പരിഗണിച്ച് ഇന്നുകൂടി പ്രദർശനം ഉണ്ടാകും.
Be the first to comment