മാന്നാര്‍ കൊലപാതകം: നിര്‍ണായകമായത് സാക്ഷിമൊഴി; പ്രതികള്‍ ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍

ആലപ്പുഴ: മാന്നാര്‍ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് മൂന്ന് പ്രതികള്‍ പോലീസ് കസ്റ്റഡിയില്‍. കേസിലെ രണ്ട്, മൂന്ന്, നാല് പ്രതികളായിട്ടുള്ള ജിനു, സോമന്‍, പ്രമോദ് എന്നിവരെയാണ് ചെങ്ങന്നൂര്‍ കോടതി ആറ് ദിവസത്തെ പോലീസ് കസ്റ്റഡിയില്‍ വിട്ടത്. വൈകീട്ട് നാലുമണിയോടയാണ് പ്രതികളെ കോടതിയില്‍ ഹാജരാക്കിയത്.

മൂന്ന് പ്രതികളെയും പ്രത്യേകം പ്രത്യേകം ഇരുത്തി മണിക്കൂറുകള്‍ നീണ്ട ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.കേസില്‍ നാല് പ്രതികളെന്ന് പോലീസ് കണ്ടെത്തല്‍. ഭര്‍ത്താവ് അനില്‍ ആണ് ഒന്നാം പ്രതി. അനിലിന്റെ ബന്ധുക്കളും സുഹൃത്തുക്കളും ആയ ജിനു, സോമന്‍, പ്രമോദ് എന്നിവരാണ് മറ്റ് പ്രതികള്‍. ഇവര്‍ നാലുപേരും ചേര്‍ന്ന് കലയെ കാറില്‍വെച്ചു കൊലപ്പെടുത്തി കുഴിച്ചുമൂടി എന്നാണ് പോലീസിന്റെ നിഗമനം. പതിനഞ്ച് വര്‍ഷം മുന്‍പ് ഭര്‍ത്താവും സുഹൃത്തുക്കളും ചേര്‍ന്ന് കൊന്ന് കുഴിച്ചുമൂടിയതാണെന്ന് പോലീസ് എഫ്‌ഐആറില്‍ പറയുന്നത്. വലിയ പെരുമ്പുഴ പാലത്തില്‍ വച്ച് കലയുടെ മൃതദേഹം കണ്ടെന്ന് നിര്‍ണായക സാക്ഷി മൊഴിയും ലഭിച്ചിട്ടുണ്ട്. അനിലിന്റെ അയല്‍വാസി സുരേഷ് കുമാറിനെ മുഖ്യസാക്ഷിയാക്കിയുള്ള പോലീസ് നീക്കമാണ് പ്രതികളെ കുടുക്കുന്നതില്‍ നിര്‍ണായകമായത്.

കഴിഞ്ഞദിവസം അനില്‍കുമാറിന്റെ വീട്ടുവളപ്പില്‍ സെപ്റ്റിക് ടാങ്ക് പൊളിച്ച് നടത്തിയ പരിശോധനയില്‍ മൃതദേഹാവശിഷ്ടങ്ങളെന്ന് കരുതുന്ന ചില വസ്തുക്കളും ലോക്കറ്റും ഹെയര്‍ക്ലിപ്പും വസ്ത്രത്തിന്റെ അവശിഷ്ടവും കണ്ടെത്തിയിരുന്നു. ബുധനാഴ്ച ഫോറന്‍സിക് സംഘത്തിന്റെ വിശദപരിശോധനയും സ്ഥലത്ത് നടക്കും. ഇതിനുശേഷമായിരിക്കും തെളിവെടുപ്പ് നടക്കുകയെന്നാണ് സൂചന.

പെരുമ്പുഴ പാലത്തിന് മുകളില്‍വെച്ച് കാറിനുള്ളിലിട്ട് അനില്‍കുമാറാണ് കലയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതെന്നാണ് സാക്ഷി മൊഴി. കൃത്യം നടത്തിയശേഷം മൃതദേഹം മറവുചെയ്യാന്‍ അനില്‍കുമാര്‍ തന്റെ സഹായംതേടി. എന്നാല്‍, തനിക്ക് ഇതിന് കഴിയില്ലെന്ന് പറഞ്ഞ് ഒഴിഞ്ഞുമാറിയെന്നും സുരേഷ് മൊഴി നല്‍കിയിരുന്നു.അതിനിടെ, കേസിലെ ഒന്നാംപ്രതിയായ അനില്‍കുമാറിനെ രണ്ടുദിവസത്തിനകം നാട്ടില്‍ എത്തിച്ചേക്കുമെന്നും സൂചനയുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*