സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കണ്ണൂരില്‍ പാര്‍ട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ്

സിപിഐഎം നേതൃത്വത്തിനെതിരെ തുറന്നടിച്ച് കണ്ണൂരില്‍ പാര്‍ട്ടി പുറത്താക്കിയ യുവനേതാവ് മനു തോമസ്. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ സംഘങ്ങള്‍ക്ക് പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചെന്നാണ് മനു തോമസിന്റെ ആരോപണം. പാര്‍ട്ടി പ്രവര്‍ത്തനം അവസാനിപ്പിച്ചത് മനസ് മടുത്തത് കൊണ്ടാണെന്നും സിപിഐഎം കണ്ണൂര്‍ ജില്ലാ കമ്മിറ്റി അംഗമായിരുന്ന മനു തോമസ്  പറഞ്ഞു.

ക്വട്ടേഷന്‍ സംഘങ്ങള്‍ക്കെതിരെ പാര്‍ട്ടി നിലപാടെടുത്തെങ്കിലും അത് വളരെ വൈകിപ്പോയെന്നും അപ്പോഴേക്കും പാര്‍ട്ടിയെ വിഴുങ്ങാന്‍ മാത്രം അവര്‍ വളര്‍ന്നുകഴിഞ്ഞിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്വര്‍ണക്കടത്ത്, ക്വട്ടേഷന്‍ വിഷയങ്ങളില്‍ പാര്‍ട്ടി ആകെ ഗ്രസിച്ചുനിന്ന ഘട്ടത്തില്‍ ഇതിനെതിരെ പ്രതികരിച്ച തങ്ങള്‍ ബലിയാടുകളാക്കപ്പെട്ടുവെന്ന് മനുതോമസ് പറയുന്നു. അര്‍ജുന്‍ ആയങ്കിയ്ക്കും ആകാശ് തില്ലങ്കേരിയ്ക്കുമൊക്കെ ഒരുഘട്ടത്തില്‍ പാര്‍ട്ടിയില്‍ നിന്ന് സഹായം ലഭിച്ചിട്ടുണ്ട്.

അതുകൊണ്ടാകുമല്ലോ അവരങ്ങനെ നിന്നത്. പാര്‍ട്ടിയ്ക്ക് തിരുത്താന്‍ പരിമിതികളുണ്ട്. ഡിവൈഎഫ്‌ഐ സംസ്ഥാനഭാരവാഹി എം ഷാജിറിനെതിരെ പരാതി നല്‍കിയിരുന്നു. മനസുമടുത്താണ് പാര്‍ട്ടിയില്‍ നിന്ന് വിട്ടുനിന്നതെന്നും മനു തോമസ് മാധ്യമങ്ങളോട് പറഞ്ഞു. ഡിവൈഎഫ്‌ഐയുടെ ഏറ്റവും ശക്തമായ കണ്ണൂര്‍ യൂണിറ്റിന്റെ പ്രസിഡന്റായും സിപിഐഎമ്മിന്റെ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയംഗമായും തളിപ്പറമ്പ് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റായും പ്രവര്‍ത്തിരുന്ന യുവ നേതാവായിരുന്നു മനു തോമസ്.

കഴിഞ്ഞ ഒരു വര്‍ഷമായി ഇദ്ദേഹം പാര്‍ട്ടിയുമായി സഹകരിക്കാതിരിക്കുകയും മെമ്പര്‍ഷിപ്പ് പുതുക്കാതെയിരിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇദ്ദേഹത്തെ പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കുകയായിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*