ഇന്ത്യയിലെ മതന്യൂനപക്ഷങ്ങള്‍ക്ക് നേരെ അതിക്രമങ്ങള്‍ വര്‍ദ്ധിച്ച് വരുന്നുവെന്ന് യുഎസ്‌സിഐആര്‍എഫ്

 ഇന്ത്യയില്‍ മതസ്വാതന്ത്ര്യം മോശമായിക്കൊണ്ടിരിക്കുന്നുവെന്ന ആരോപണവുമായി അമേരിക്കന്‍ ഫെഡറല്‍ സര്‍ക്കാരിന്‍റെ കമ്മീഷന്‍ രംഗത്ത്. ചില പ്രത്യേകതരം ആശങ്കകള്‍ ഇന്ത്യയില്‍ നില നില്‍ക്കുന്നുവെന്നും അവര്‍ ആരോപിച്ചു. തെറ്റായ വിവരങ്ങളുടെയും വിവരങ്ങള്‍ ഇല്ലാതിരിക്കലും നിറഞ്ഞ സര്‍ക്കാര്‍ പ്രതിനിധികളുടെയടക്കം വിദ്വേഷ പ്രസംഗങ്ങള്‍ ന്യൂനപക്ഷങ്ങള്‍ക്കെതിരെയും അവരുടെ ആരാധനലായങ്ങള്‍ക്കും നേരെയുള്ള അതിക്രമങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നുവെന്നും രാജ്യാന്തര മതസ്വാതന്ത്ര്യത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്ന അമേരിക്കന്‍ കമ്മീഷന്‍(USCIRF) പ്രസ്‌താവനയില്‍ പറയുന്നു.

ഇന്ത്യയെ പ്രത്യേക ആശങ്ക രാജ്യമായി രേഖപ്പെടുത്താനും യുഎസ്‌സിഐആര്‍എഫ് അമേരിക്കന്‍ ആഭ്യന്തര വകുപ്പിനോട് ശുപാര്‍ശ ചെയ്‌തു. രാജ്യത്ത് മത സ്വാതന്ത്ര്യം കരുതിക്കൂട്ടി ലംഘിക്കപ്പെടുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഇത്തരമൊരു ശുപാര്‍ശ. അതേസമയം ഈ ശുപാര്‍ശ ആഭ്യന്തര വകുപ്പ് സ്വീകരിച്ചിട്ടില്ല.

അവര്‍ പുറത്ത് വിട്ട റിപ്പോര്‍ട്ടില്‍ കൊല്ലപ്പെട്ടതും മര്‍ദ്ദനത്തിനും ആള്‍ക്കൂട്ട ആക്രമണത്തിനും ഇരയായ ആളുകളുടെ കണക്കുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. അറസ്റ്റ് ചെയ്യപ്പെട്ട മതനേതാക്കളുടെ വിവരങ്ങളുമുണ്ട്. ആരാധനാലയങ്ങളും മറ്റും ആക്രമിക്കപ്പെട്ടതിന്‍റെ റിപ്പോര്‍ട്ടുകളും ഉള്‍പ്പെടുത്തിയിരിക്കുന്നു.

മന്‍മോഹന്‍ സിങ് സര്‍ക്കാരിന്‍റെ കാലത്ത് യുഎസ്‌സിഐആര്‍എഫ് അംഗങ്ങള്‍ക്ക് ഇന്ത്യ സന്ദര്‍ശിക്കുന്നതിന് വിസ നിഷേധിക്കുന്ന സമീപനം കൈക്കൊണ്ടിരുന്നു. തങ്ങളുടെ ആഭ്യന്തര കാര്യങ്ങളില്‍ ഇടപെടുന്നു എന്ന് ചൂണ്ടിക്കാട്ടിയായിരുന്നു മന്‍മോഹന്‍സിങ് സര്‍ക്കാരിന്‍റെ നടപടി. രാജ്യത്തിന്‍റെ പ്രതിച്‌ഛായ കളങ്കപ്പെടുത്തുന്ന രീതിയിലുള്ള പക്ഷപാതപരവും അശാസ്‌ത്രീയവും റിപ്പോര്‍ട്ടുകള്‍ തയാറാക്കുന്നുവെന്ന് ഇന്ത്യയും നിരവധി ഇന്ത്യന്‍ അമേരിക്കന്‍ സംഘങ്ങളും നേരത്തെ ആരോപണമുയര്‍ത്തിയിട്ടുണ്ട്.

മതന്യൂനപക്ഷങ്ങളെ അക്രമിക്കാന്‍ ലക്ഷ്യമിട്ട് പല നിയമപരമായ മാറ്റങ്ങളും ഇന്ത്യയില്‍ നടക്കുന്നുണ്ട്. പൗരത്വ നിയമ ഭേദഗതി, പൊതുസിവില്‍ കോഡ്, ചില സംസ്ഥാനങ്ങളിലെ ഗോഹത്യ, മതപരിവര്‍ത്തന നിയമങ്ങള്‍ എന്നിവ ഇത്തരത്തില്‍ ന്യൂനപക്ഷാവകാശ ധ്വംസനങ്ങളാണെന്നും യുഎസ്‌സിഐആര്‍എഫ് പറയുന്നു.

 

Be the first to comment

Leave a Reply

Your email address will not be published.


*