കപ്പലിൽ കുടുങ്ങിയ ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇടപെടണം; പ്രധാനമന്ത്രിയോട് മാർ ആൻഡ്രൂസ് താഴത്ത്

തിരുവനന്തപുരം: ഇറാൻ പിടിച്ചെടുത്ത ഇസ്രയേൽ ചരക്കുകപ്പലിൽ കുടുങ്ങിയ മലയാളികളടക്കമുള്ള ഇന്ത്യക്കാരെ മോചിപ്പിക്കാൻ ഇടപെടണമെന്ന് പ്രധാനമന്ത്രിയോട് ആർച്ച് ബിഷപ്പ് മാർ ആൻഡ്രൂസ് താഴത്ത്. ചരക്കുകപ്പലിൽ നാലു മലയാളികൾ ഉൾപ്പെടെ 17 ഇന്ത്യക്കാർ ഉൾപ്പെട്ടിട്ടുണ്ട് എന്നത് ആശങ്കാജനകമാണെന്ന് സിബിസിഐ പ്രസിഡൻറ് മാർ ആൻഡ്രൂസ് താഴത്ത് അഭിപ്രായപ്പെട്ടു. ബന്ധികളായവരെ എത്രയും പെട്ടെന്ന് ഇന്ത്യയിലേക്ക് തിരിച്ചെത്തിക്കാനുള്ള ഊർജ്ജിതമായ നയതന്ത്ര ശ്രമങ്ങൾ ഉണ്ടാകണമെന്ന് അദ്ദേഹം പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് അഭ്യർത്ഥിച്ചു.

യുഎഇയിൽ നിന്ന് മുംബൈയിലേക്ക് പുറപ്പെട്ട എംഎസ് സി ഏരീയസ് എന്ന കപ്പലാണ് ഹോർമുസ് കടലിടുക്കിൽ വച്ച് ഇറാൻ സൈന്യം പിടിച്ചെടുത്തത്. കപ്പൽ കമ്പനി ഇറാനുമായി ചർച്ച തുടരുകയാണ്. കപ്പലിലെ ജീവനക്കാരെ വിട്ടു നൽകാനുള്ള നടപടി സ്വീകരിക്കണമെന്ന് എം എസ് സി കമ്പനി ഇറാനോട് ആവശ്യപ്പെട്ടിരുന്നു. കപ്പലിലെ ഇന്ത്യക്കാരെ വിട്ട് കിട്ടുവാൻ കേന്ദ്രസർക്കാർ നേരത്തെ തന്നെ നയതന്ത്ര ഇടപെടലുകൾ നടത്തിയിരുന്നു. ഇതിനെ തുടർന്ന് കപ്പലിലെ ഇന്ത്യൻ പൗരൻമാരെ സന്ദർശിക്കാൻ ഇന്ത്യൻ എംബസി അധികൃതർക്ക് ഇറാൻ ഭരണകൂടം അനുമതി നൽകിയിരുന്നു.

നേരത്തെ വിഷയത്തിൽ അടിയന്തര നടപടിയെടുക്കണമാവശ്യപ്പെട്ട് കേരള മുഖ്യമന്ത്രി പിണറായി വിജയൻ കേന്ദ്ര വിദേശകാര്യമന്ത്രി ജയശങ്കറിന് കത്തയച്ചിരുന്നു. സുമേഷ് പിവി, ധനേഷ്, ശിംനാഥ് തുടങ്ങിയ മലയാളികളാണ് കപ്പലിലുള്ളതെന്നും വിദേശകാര്യമന്ത്രിക്കയച്ച കത്തിലുണ്ടായിരുന്നു. ഈ മൂന്ന് പേരെയും കൂടാതെ തൃശൂർ വെളുത്തൂർ സ്വദേശിനി ആൻ ടസാ ജോസഫും (21) കപ്പലിൽ കുടുങ്ങിയിട്ടുണ്ടെന്ന റിപ്പോർട്ട് കഴിഞ്ഞ ദിവസം വന്നിരുന്നു.

വിദേശകാര്യ മന്ത്രി എസ് ജയശങ്കർ ഇറാൻ വിദേശകാര്യമന്ത്രി അമിറാബ്ദുള്ളാഹിയാനെ ഇന്നലെ ഫോണിൽ വിളിച്ചു. ഇന്ത്യക്കാർ പൂർണ്ണ സുരക്ഷിതരാണെന്നും ഉടൻ കൈമാറാമെന്നും ഇറാൻ വിദേശമന്ത്രാലയത്തിന്റെ ഉറപ്പ് ലഭിച്ചതായി വിദേശകാര്യ മന്ത്രാലയം അറിയിച്ചിരുന്നു. കപ്പലിൽ കുടുങ്ങിയ മലയാളികളുടെ കുടുംബം തങ്ങളുടെ ആശങ്കയറിയിച്ച്‌ ഇതിനകം തന്നെ രംഗത്തെത്തിയിരുന്നു. പ്രദേശത്തെ കാര്യങ്ങൾ കൂടുതൽ വഷളാകുന്നതിന് മുമ്പ് ഉറ്റവരെ നാട്ടിലെത്തിക്കണമെന്നാണ് ഇവരുടെ ആവശ്യം.

Be the first to comment

Leave a Reply

Your email address will not be published.


*