‘സര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ശമ്പളം കൂട്ടാന്‍ കര്‍ഷകന്റെ കഴുത്തുഞെരിക്കുന്നു’; ഭൂനികുതി വര്‍ധനക്കെതിരെ മാര്‍ ജോസഫ് പാംപ്ലാനി

സംസ്ഥാന ബജറ്റിലെ ഭൂനികുതി വര്‍ധനക്കെതിരെ രൂക്ഷ വിമര്‍ശനവുമായി തലശേരി അതിരൂപത ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പാംപ്ലാനി. ഭൂനികുതി വര്‍ധനവ് കര്‍ഷക വിരുദ്ധമാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. സര്‍ക്കാര്‍ കര്‍ഷകരെ മാനിക്കുന്നില്ല എന്നതിന്റെ ഏറ്റവും വലിയ തെളിവാണ് ബജറ്റിലെ പ്രഖ്യാപനങ്ങളെന്നും അദ്ദേഹം ആഞ്ഞടിച്ചു. കര്‍ഷകന്റെ കൃഷിഭൂമിയുടെ നികുതി വര്‍ധിപ്പിക്കുന്നത് സംസ്ഥാന സര്‍ക്കാരിന്റെ ഏറ്റവും വലിയ ആദായമായി മന്ത്രി കരുതുന്നുവെങ്കില്‍ സര്‍ക്കാര്‍ കര്‍ഷകന്റെ മഹത്വമറിയുന്നില്ലെന്നേ പറയാനുള്ളൂവെന്നും പ്രസംഗത്തിനിടെ മാര്‍ ജോസഫ് പാംപ്ലാനി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും വര്‍ധിപ്പിക്കുന്നതിനുവേണ്ടി കര്‍ഷകന്റെ കഴുത്തുഞെരിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നതെന്ന് മാര്‍ ജോസഫ് പാംപ്ലാനി കുറ്റപ്പെടുത്തി. സര്‍ക്കാരിന്റെ ഈ സമീപനം തീര്‍ത്തും കര്‍ഷക വിരുദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഇന്നലെ തലശേരി അതിരൂപതയിലെ കത്തോലിക കോണ്‍ഗ്രസിന്റെ നേതൃയോഗത്തില്‍ നടത്തിയ പ്രസംഗത്തിലാണ് മാര്‍ ജോസഫ് പാംപ്ലാനിയുടെ പരാമര്‍ശങ്ങള്‍.

ഭൂനികുതി സ്ലാബുകളുടെ നിരക്ക് 50 ശതമാനം വര്‍ധിപ്പിച്ചെന്നായിരുന്നു ധനമന്ത്രി കെ എന്‍ ബാലഗോപാലിന്റെ പ്രഖ്യാപനം. ഇതിലൂടെ പ്രതിവര്‍ഷം 100 കോടി രൂപയുടെ അധിക വരുമാനമാണ് സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നത്. സര്‍ക്കാര്‍ ഭൂമിയുടെ പാട്ടനിരക്ക് പരിഷ്‌കരിക്കുമെന്നും ധനമന്ത്രി ബജറ്റ് അവതരിപ്പിക്കവേ പ്രഖ്യാപിച്ചിരുന്നു. പഞ്ചായത്തിന് കീഴിലുള്ള മേഖലകളില്‍8.1 ആര്‍ വരെയുള്ള ഭൂമിയ്ക്ക് ആദ്യ സ്ലാബിലെ 7.50 രൂപ വരെയുള്ള ബാധകമാകും. 8.1 ആറിന് മുകളിലുള്ള ഭൂമിയുടെ 8 രൂപ നികുതിയെന്നത് 12 രൂപയായി വര്‍ധിപ്പിച്ചു. മുന്‍സിപ്പല്‍ കൗണ്‍സില്‍ പ്രദേശത്ത് 2.43 ആര്‍ വരെയുള്ള ഭൂമിയുടെ നിരക്ക് 10 രൂപയില്‍ നിന്ന് 15 രൂപയിലേക്ക് ഉയര്‍ത്തി. കോര്‍പറേഷന്‍ പരിധിയില്‍ 1.62 ആര്‍ വരെയുള്ള ഭൂമിയ്ക്ക് നികുതി 20 രൂപയായിരുന്നത് 30 രൂപയായും വര്‍ധിപ്പിച്ചിട്ടുണ്ട്. ar jo

Be the first to comment

Leave a Reply

Your email address will not be published.


*