ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതയുടെ പുതിയ ആർച്ചുബിഷപ്പായി മാർ തോമസ് തറയിൽ നിയമിതനായി. മാർ ജോസഫ് പെരുന്തോട്ടത്തിൻ്റെ പിൻഗാമിയായാണ് അദ്ദേഹം സ്ഥാനമേൽക്കുന്നത്. 2017 ജനുവരി 14 മുതൽ ഡോ. തോമസ് തറയിൽ ചങ്ങനാശേരിയുടെ സഹായമെത്രാനായി നിയമിതനായിരുന്നു.
ബിഷപ്പ് ചാൾസ് ലവീഞ്ഞ്, ബിഷപ്പ് മാർ മാത്യു മാക്കിൽ, ബിഷപ്പ് മാർ തോമസ് കുര്യാളശേരി, ബിഷപ്പ് മാർ ജയിംസ് കളാശേരി, ആർച്ചുബിഷപ്പ് മാർ മാത്യു കാവുകാട്ട്, ആർച്ചുബിഷപ്പ് മാർ ആന്റണി പടിയറ, ആർച്ചുബിഷപ്പ് മാർ ജോസഫ് പൗവത്തിൽ, ആർച്ച്ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം എന്നിവർക്കുശേഷമാണ് ബിഷപ്പ് തോമസ് തറയിൽ ചങ്ങനാശേരി അതിരൂപതയുടെ ആർച്ചുബിഷപ്പാകുന്നത്.
1972 ഫെബ്രുവരി രണ്ടാം തീയതി ചങ്ങനാശേരിയിൽ, തറയിൽ പരേതനായ ടി. ജെ. ജോസഫിൻ്റെയും മറിയമ്മയുടെയും ഏഴു മക്കളിൽ ഇളയമകനായി ടോമി ജനിച്ചു. അദ്ദേഹത്തിന്റെ പ്രാഥമിക വിദ്യാഭ്യാസം ചങ്ങനാശേരി സെൻ്റ് ജോസഫ്‌സ് എൽ. പി. സ്‌കൂളിലും ഹൈസ്കൂൾ വിദ്യാഭ്യാസം ഫാത്തിമാപുരം സേക്രഡ് ഹാർട്ട് ഇംഗ്ലീഷ് മീഡിയം സ്കൂളിലുമായിരുന്നു.
ചങ്ങനാശേരി സെൻ്റ് ബെർക്കുമാൻസ് കോളേജിൽ പ്രീഡിഗ്രിപൂർത്തിയാക്കിയ ടോമി, ചങ്ങനാശേരി അതിരൂപതയുടെ മൈനർസെമിനാരിയിൽ ചേർന്നു. കുറിച്ചി സെൻ്റ് തോമസ് മൈനർസെമിനാരിയിലെ പഠനങ്ങൾക്കുശേഷം വടവാതൂർ സെന്റ് തോമസ്അപ്പസ്തോലിക് സെമിനാരിയിൽ ഫിലോസഫി പഠനംപൂർത്തിയാക്കി. തൻ്റെ റീജൻസി കാലത്ത് ബ്രദർ ടോമി ഒരുവർഷംഅതിരൂപതയിലെ ഫാമിലി അപ്പോസ്തോലേറ്റിൻ്റെ ഓഫീസിൽസേവനമനുഷ്ഠിച്ചു.
അക്കാലത്ത് അദ്ദേഹം കേരളസർവകലാശാലയിൽനിന്ന് ഇംഗ്ലീഷ് സാഹിത്യത്തിൽബിരുദാനന്തരബിരുദം നേടി. 2000-ലെ മഹാജൂബിലി വർഷത്തിൽജനുവരി ഒന്നാം തീയതി തൻ്റെ ബാച്ചിലെ മറ്റ് പത്തു പേരോടൊപ്പം ചങ്ങനാശേരി മെത്രാപ്പോലീത്തൻ പള്ളിയിൽവച്ച് അഭിവന്ദ്യ മാർജോസഫ് പൗവത്തിലിൽനിന്ന് വൈദികനായി അഭിഷിക്തനായി.
ഫാ. തോമസ് തറയിൽ മൂന്ന് ഫൊറോന ഇടവകകളിൽ സേവനമനുഷ്ഠിച്ചു. അതിരമ്പുഴ (2000), നെടുംകുന്നം (2001), കോയിൽമുക്ക് – എടത്വാ (2003) എന്നിവിടങ്ങളിൽ അസിസ്റ്റന്റ് ഇടവക വികാരിയായി. പിന്നീട്, ഉപരിപഠനത്തിനായി റോമിലേക്ക് അയയ്ക്കപ്പെടുന്നതിനുമുമ്പ് 2004-ൽ താഴത്തുവടകര ഇടവകയുടെ വികാരി അഡ്മിനിസ്ട്രേറ്ററായിരുന്നു. തുടർന്ന് അദ്ദേഹം റോമിലെ പൊന്തിഫിക്കൽ ഗ്രിഗോറിയൻ യൂണിവേഴ്‌സിറ്റിയിൽനിന്ന് സൈക്കോളജിയിൽ ഡോക്‌ടറേറ്റ് നേടി. റോമിൽനിന്നു മടങ്ങിയെത്തിയ ഉടൻതന്നെ ഫാ. തോമസ് 2011-ൽ റവ. ഡോ. തോമസ് തൈപ്പറമ്പിലിൻ്റെ പിൻഗാമിയായി ആലപ്പുഴയിലെ പുന്നപ്രയിലുള്ള ദനഹാലയ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർമേഷൻ ആൻഡ് കൗൺസിലിംഗിൻ്റെ ഡയറക്‌ടറായി നിയമിതനായി. ‘ഫോർമേറ്റർ ഓഫ് ഫോർമേറ്റർ’ എന്ന നിലയിൽ അദ്ദേഹം ഇൻസ്റ്റിറ്റ്യൂട്ടിനെ പുതിയ ഉയരങ്ങളിലേക്കു നയിച്ചു. 2012 മുതൽ അദ്ദേഹം അതിരൂപതാ കൺസൾട്ടറാണ്.
2012 മുതൽ വടവാതൂർ സെൻ്റ് തോമസ് അപ്പസ്തോലിക് സെമിനാരി, പുണെയിലെ നാഷണൽ വൊക്കേഷൻ സർവീസ് സെന്റർ, ധർമ്മാരം വിദ്യാക്ഷേത്രം, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോർമാറ്റേഴ്സ് ബെംഗളൂരു എന്നിവിടങ്ങളിൽ വിസിറ്റിംഗ് പ്രൊഫസറായി അദ്ദേഹം സേവനമനുഷ്ഠിച്ചിരുന്നു. അദ്ദേഹത്തിന് ഇംഗ്ലീഷ്, ഇറ്റാലിയൻ, സ്പാനിഷ്, ജർമ്മൻ ഭാഷകളിൽ പ്രാവീണ്യമുണ്ട്. മനഃശാസ്ത്രത്തെക്കുറിച്ച് അദ്ദേഹം എഴുതിയ പുസ്തകങ്ങളും ലേഖനങ്ങളും വ്യാപകമായ അംഗീകാരം നേടിയിരുന്നു.ഒരു മികച്ച സൈക്കോളജിസ്റ്റ്, ധ്യാനഗുരു എന്ന നിലയിൽ അദ്ദേഹം അറിയപ്പെടുന്നു.
സീറോമലബാർ സഭയിലെ ബിഷപ്പുമാരുടെ സിനഡ് 2017 ജനുവരി 14-ന് ഡോ. തോമസ് തറയിലിനെ ചങ്ങനാശേരി സഹായമെത്രാനായി തിരഞ്ഞെടുത്തു. 2017 ഏപ്രിൽ 23-ന് ചങ്ങനാശേരി മെത്രാപ്പോലീത്ത മാർ ജോസഫ് പെരുന്തോട്ടത്തിന്റെ കൈവയ്പ്പു ശുശ്രൂഷ വഴി സഹായമെത്രാനായി അഭിഷിക്തനായി. തിരുവനന്തപുരം, കൊല്ലം, അമ്പൂരി ഫൊറോനകൾ ഉൾപ്പെടുന്ന അതിരൂപതയുടെ തെക്കൻ മേഖലയിലായിരുന്നു മാർ തോമസ് തറയിൽ കൂടുതലായും പ്രവർത്തിച്ചത്.
പുല്‍പ്പള്ളി: അറിവുകളുടെ വികസന കാലഘട്ടമാണിതെന്നും ഉന്നത വിദ്യാഭ്യാസംകൊണ്ട് രാജ്യത്തിന്റെയും സമൂഹത്തിന്റെയും ഉന്നതി വര്‍ധിപ്പിക്കുന്നതിനൊപ്പം മനുഷ്യ സമൂഹത്തിനാകെ നന്മയുളവാക്കാനും കഴിയണമെന്നും ബത്തേരി രൂപതാധ്യക്ഷനും പുല്‍പ്പള്ളി പഴശിരാജാ കോളേജ് മാനേജരുമായ ഡോ. ജോസഫ് മാര്‍ തോമസ്. കോഴിക്കോട് യൂണിവേഴ്സിറ്റി ജില്ലാതല ബിരുദദാന ചടങ്ങിനോടനുബന്ധിച്ചു പുല്‍പ്പള്ളി പഴശ്ശിരാജ കോളേജില്‍ നടന്ന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു […]
Be the first to comment