വര്‍ധിച്ചു വരുന്ന ലഹരി ഉപയോഗത്തിനെതിരെ കോട്ടയത്ത് മാരത്തണ്‍

കോട്ടയം: സി.എം.എസ്‌ കോളേജും ഹൊറൈസണ്‍ മോട്ടോഴ്‌സും സംയുക്‌തമായി വര്‍ധിച്ചുവരുന്ന ലഹരി ഉപയോഗത്തിനെതിരെ ലഹരി വിരുദ്ധ മുദ്രാവാക്യവുമായി മിനി മാരത്തണ്‍ സംഘടിപ്പിക്കുന്നു. ഓഗസ്റ്റ് 15ന്‌ രാവിലെ 7ന് മാതാ ആശുപത്രിക്ക് സമീപം ഹൊറൈസണ്‍ മോട്ടോഴ്‌സില്‍ നിന്നും ആരംഭിക്കുന്ന മാരത്തണ്‍ സി.എം.എസ്‌ കോളെജില്‍ സമാപിക്കും.

ഒന്നാം സമ്മാനം 25000 രൂപയും രണ്ടാം സമ്മാനം 10000 രൂപയും മൂന്നാം സമ്മാനം 5000 രൂപയും എന്നിങ്ങനെ പുരുഷന്‍മാര്‍ക്കും സ്‌ത്രീകള്‍ക്കും പ്രത്യേക സമ്മാനതുക നല്‍കും. കൂടാതെ 50 വയസിന് മുകളില്‍ പ്രായമായ വിജയികള്‍ക്ക്‌ പ്രത്യേക ട്രോഫി നല്‍കി ആദരിക്കും. ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫീസ്‌ 100 രൂപയാണ്‌. ഈ തുക ഭിന്നശേഷിക്കാരായവര്‍ക്ക് വീല്‍ ചെയര്‍ വാങ്ങാന്‍ നല്‍കാന്‍ ഉപയോഗിക്കും.

മാരത്തണ്‍ ഓട്ടത്തിന്‌ സി.എം.എസ്‌ കോളേജിലെ എന്‍എസ്‌എസ്‌, എന്‍സിസിയൂണിറ്റുകള്‍ അധ്യാപകര്‍, ഹൊറൈസണ്‍മോട്ടോഴ്‌സ്‌ ജീവനക്കാര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും. മെഡിക്കല്‍ സപ്പോര്‍ട്ടിന് കാരിത്താസ്‌ ആശുപത്രി നേതൃത്വം നല്‍കും.

ആദ്യം രജിസ്‌റ്റര്‍ ചെയ്യുന്ന 500 പേര്‍ക്കാണ് മിനി മാരത്തണില്‍ പങ്കെടുക്കുവാന്‍ അവസരം ലഭിക്കുക. സി.എം.എസ്‌ കോളേജ്‌ പ്രിന്‍സിപ്പല്‍ ഡോ.വര്‍ഗീസ്‌ ജോഷ്വാ, ബര്‍സാര്‍ റവ.ചെറിയാന്‍ തോമസ്‌, ഹൊറൈസണ്‍ മോട്ടോഴ്‌സ്‌ എം.ഡി എബിന്‍ ഷാജി കണ്ണിക്കാട്ട്‌, സി.ഇ.ഒ(സര്‍വീസ്‌).അലക്‌സ്‌ അലക്‌സാണ്ടര്‍, ഗ്രൂപ്പ്‌ സി.ഒ.ഒ.സാബു ജോണ്‍ എന്നിവര്‍ വാർത്താ സമ്മേളനത്തില്‍ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*