ബെഞ്ച് മാർക്കായി ‘മാർക്കോ’ 100 കോടിയിലേക്ക് അടുക്കുന്നു

ഹനീഫ് അദേനി സംവിധാനം ചെയ്ത ഉണ്ണി മുകുന്ദൻ ചിത്രം ‘മാർക്കോ’ മലയാള സിനിമയിൽ പുതിയ ബെഞ്ച് മാർക്ക് സൃഷ്ടിക്കുകയാണ്. വയലൻസ് രംഗങ്ങളും ആക്ഷൻ സീക്വൻസുകളുമായി എത്തിയ ചിത്രം പ്രേക്ഷകരെ ഏറെ ആകർഷിച്ചു. കേരളത്തിനു പുറത്തും മാർക്കോയ്ക്ക് വൻ സ്വീകാര്യതയാണ് ലഭിക്കുന്നത്.

റിലീസ് ചെയ്ത ആദ്യ ദിവസം മുതൽ മാർക്കോ ബോക്സ് ഓഫീസിൽ മികച്ച പ്രകടനം കാഴ്ചവച്ചു. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളിലായി റിലീസ് ചെയ്ത ചിത്രം പതിനഞ്ച് ദിവസത്തിനുള്ളിൽ 1.53 മില്യൺ ടിക്കറ്റുകൾ വിറ്റഴിച്ചു. 2024-ൽ റിലീസ് ചെയ്ത മലയാളം സിനിമകളിൽ ഏറ്റവും കൂടുതൽ ടിക്കറ്റ് വിറ്റ ചിത്രങ്ങളിൽ ഏഴാം സ്ഥാനത്താണ് മാർക്കോ.

ക്യൂബ്സ് എന്റർടെയ്ൻമെന്റ്‌സിന്റെ ബാനറിൽ ഷെരീഫ് മുഹമ്മദാണ് മാർക്കോയുടെ നിർമ്മാണം. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ തിയേറ്ററിലെത്തിയത്. എന്റർടെയ്ൻമെന്റ് സൈറ്റായ കോയ്മോയുടെ റിപ്പോർട്ട് പ്രകാരം മാർക്കോ ഇതുവരെ ആഗോള തലത്തിൽ 82 കോടി രൂപയുടെ കളക്ഷൻ നേടിയിട്ടുണ്ട്. ഇത് ഉടൻ 100 കോടിയിലേക്ക്‌ എത്തുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ ഇന്ത്യൻ ബോക്സ് ഓഫീസ് കളക്ഷൻ 45.75 കോടിയാണ് നികുതിയുൾപ്പെടെ മൊത്തം ആഭ്യന്തര കളക്ഷൻ 53.98 കോടിയും. വിദേശത്ത് നിന്നും 29 കോടി രൂപയാണ് ചിത്രം നേടിയിരിക്കുന്നത്. മുപ്പത് കോടി ബജറ്റിൽ ഒരുങ്ങിയ ഈ ചിത്രം പതിനഞ്ച് ദിവസത്തിനുള്ളിൽ മുടക്കുമുതൽ തിരിച്ചുപിടിച്ചു.

തെലുങ്കിലും ഹിന്ദിയിലും തമിഴിലും ചിത്രത്തിന് മികച്ച കളക്ഷന്‍ വരുന്നുണ്ട്. ഇതിന് മുൻപ് പല മലയാള സിനിമകളും ഉത്തരേന്ത്യയില്‍ റിലീസ് ചെയ്തിട്ടുണ്ടെങ്കിലും മാർക്കോയ്ക്ക് വമ്പൻ ഹൈപ്പാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. 89 സ്ക്രീനുകളിൽ തുടങ്ങിയ ചിത്രത്തിന്റെ റിലീസ് ഇപ്പോൾ 1360 സ്‌ക്രീനുകളിലേക്കാണ് എത്തിനിൽക്കുന്നത്. സൗത്ത് കൊറിയയിലും ചിത്രം ഉടൻ റിലീസ് ചെയ്യും. ഒരു മലയാള ചിത്രം ആദ്യമായാണ് കൊറിയയിൽ റിലീസിന് ഒരുങ്ങുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*