ന്യൂഡല്‍ഹി: പ്രമുഖ സ്വകാര്യ ബാങ്കായ എച്ച്ഡിഎഫ്‌സി എംസിഎല്‍ആര്‍ അധിഷ്ഠിത വായ്പാനിരക്ക് വര്‍ധിപ്പിച്ചു. പലിശനിരക്കില്‍ അഞ്ചുബേസിക് പോയിന്റിന്റെ വര്‍ധനയാണ് വരുത്തിയത്. ഹ്രസ്വകാല വായ്പയുടെ നിരക്കാണ് വര്‍ധിപ്പിച്ചത്. ഇതോടെ എംസിഎല്‍ആര്‍ പലിശനിരക്ക് 9.20 ശതമാനം മുതല്‍ 9.50 ശതമാനം വരെയുള്ള പരിധിയിലേക്ക് ഉയര്‍ന്നു.
പലിശനിരക്ക് വര്‍ധിപ്പിച്ചതോടെ ഓവര്‍നൈറ്റ് എംസിഎല്‍ആര്‍ 9.15 ശതമാനത്തില്‍ നിന്ന് 9.20 ശതമാനമായി ഉയര്‍ന്നു. ഒരു മാസം, മൂന്ന് മാസം, ആറുമാസം, ഒരു വര്‍ഷം, രണ്ടുവര്‍ഷം, മൂന്ന് വര്‍ഷം എന്നിങ്ങനെ വിവിധ കാലയളവിലുള്ള വായ്പകളുടെ എംസിഎല്‍ആര്‍ നിരക്ക് യഥാക്രമം 9.20 ശതമാനം, 9.30 ശതമാനം, 9.45 ശതമാനം, 9.45 ശതമാനം, 9.50 ശതമാനം എന്നിങ്ങനെയാണ്. ഓവര്‍നൈറ്റ് എംസിഎല്‍ആറിന്റെ പലിശനിരക്ക് മാത്രമാണ് ബാങ്ക് വര്‍ധിപ്പിച്ചത്.
ഒട്ടുമിക്ക ഉപഭോക്തൃ വായ്പകളും ഒരു വര്‍ഷം എംസിഎല്‍ആറുമായി ബന്ധപ്പെട്ടാണ് കിടക്കുന്നത്. ഇതാണ് 9.45 ശതമാനമായി ഉയര്‍ന്നത്. ഒരു ധനകാര്യ സ്ഥാപനം ചുമത്തുന്ന ഏറ്റവും കുറഞ്ഞ പലിശനിരക്കാണ് എംസിഎല്‍ആര്‍.
Be the first to comment