മാസപ്പടി കേസ്; മൂന്ന് രേഖകള്‍ ഹാജരാക്കി മാത്യു കുഴല്‍നാടൻ

തിരുവനന്തപുരം: മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് കോടതി വിധി പറയും. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് വിധി പറയുന്നത്. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനായ കോണ്‍ഗ്രസ് നേതാവ് മാത്യു കുഴല്‍നാടൻ മൂന്ന് രേഖകള്‍ കോടതിയില്‍ ഹാജരാക്കി. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്‍റെ മിനിട്സ് ഉള്‍പ്പെടെയാണ് ഹാജരാക്കിയത്. ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമെന്ന് കുഴൽ നാടൻ വാദിച്ചു. ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴല്‍നാടൻ ഹാജരാക്കി.

എന്നാല്‍, സിഎംആര്‍എല്‍ കമ്പനിക്ക് സര്‍ക്കാര്‍ പ്രത്യേക സഹായം നല്‍കിയെന്ന് തെളിയിക്കുന്ന രേഖകള്‍ മാത്യു കുഴല്‍നാടന് ഹാജരാക്കാനായില്ലെന്ന് വിജിലന്‍സ് കോടതിയില്‍ വാദിച്ചു. അഴിമതി നിരോധന പരിധിയിൽ വരുന്ന ആരോപണം അല്ലെന്നും വിജിലന്‍സ് അഭിഭാഷകൻ വാദിച്ചു. ഭൂപരിഷ്കരണ നിയമം ലഘൂകരിച്ച് ഭൂമി പതിച്ചു നൽകണമെന്ന് സിഎംആര്‍എല്ലിന്‍റെ അപേക്ഷ നിരസിച്ചതാണെന്നും വിജിലൻസ് വ്യക്തമാക്കി.

അതേസമയം, അപേക്ഷ പൂർണമായും നിരസിച്ചതല്ലെനും പുതിയ പ്രോജക്ട് സമർപ്പിക്കാൻ ആവശ്യപ്പെട്ട് താൽക്കാലികമായി തള്ളിയതാണെനും കുഴൽ നാടന്‍റെ അഭിഭാഷകൻ വാദിച്ചു. വാദം പൂര്‍ത്തിയായതോടെയാണ് ഹര്‍ജിയില്‍ വിധി പറയാൻ മാറ്റിവെച്ചത്. ഇതിനിടെ, സിഎംആര്‍എല്‍ ചീഫ് ഫിനാൻസ് ഓഫീസർ കെ എസ് സുരേഷ് കുമാർ ചോദ്യം ചെയ്യലിന് ഇഡിക്ക് മുമ്പാകെ ഹാജരായി. കൊച്ചിയിലെ ഓഫീസിലാണ് എത്തിയത്. നാലാം തവണയാണ് ഇ ഡി ചോദ്യം ചെയ്യലിന് സുരേഷ് കുമാര്‍ ഹാജരാകുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*