കായംകുളം: സിപിഐഎമ്മില്‍ വീണ്ടും പൊട്ടിത്തെറി. ഏരിയ കമ്മിറ്റി അംഗം കെ എല്‍ പ്രസന്ന കുമാരി, മുന്‍ ഏരിയ കമ്മിറ്റിയംഗം വി ജയചന്ദ്രന്‍, ജില്ലാ പഞ്ചായത്ത് മുന്‍ വൈസ് പ്രസിഡന്റ് ബിപിന്‍ സി ബാബു എന്നിവര്‍ രാജിവച്ചു. പാര്‍ട്ടിയിലെ വിഭാഗീയതയില്‍ പ്രതിഷേധിച്ചാണ് മൂവരുടേയും രാജി. വ്യാജ സര്‍ട്ടിഫിക്കറ്റ് വിവാദത്തിലടക്കം ഉള്‍പ്പെട്ട് വാര്‍ത്തകളില്‍ നിറഞ്ഞ കെ എച്ച് ബാബുജാനെതിരെയാണ് ഏരിയ കമ്മിറ്റിയിലെ ഒരു വിഭാഗത്തിൻ്റെ പരാതി.
രാജിവച്ച മൂവരും പ്രമുഖ പ്രതിപക്ഷ പാര്‍ട്ടികളില്‍ ചേര്‍ന്നേക്കുമെന്നും സൂചനയുണ്ട്. സമൂഹ മാധ്യമങ്ങളില്‍ ഉള്‍പ്പെടെ എതിര്‍പ്പ് പരസ്യപ്പെടുത്തിയാണ് ബി ജയചന്ദ്രന്‍ രാജി നല്‍കിയിരിക്കുന്നത്. രാജി വച്ച നേതാക്കള്‍ കോണ്‍ഗ്രസ്, ബിജെപി നേതൃത്വങ്ങളുമായി ചര്‍ച്ച നടത്തിയെന്ന വിവരവും പുറത്തുവരുന്നുണ്ട്. കെ എല്‍ പ്രസന്ന കുമാരിയെപ്പോലുള്ളവര്‍ കാല്‍നൂറ്റാണ്ടിലേറെയായി പാര്‍ട്ടിയില്‍ പ്രവര്‍ത്തിച്ചുവന്നിരുന്നവരാണെന്നതും ശ്രദ്ധേയമാണ്.
യുവജന, വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളില്‍ ഉള്‍പ്പെടെ വിഭാഗീയതയുണ്ട്. പാര്‍ട്ടിയിലെ ദളിത്, പിന്നോക്ക വിഭാഗത്തില്‍പ്പെട്ട നൂറുകണക്കിനാളുകള്‍ പാര്‍ട്ടി പ്രവര്‍ത്തനത്തില്‍ നിന്നും പിന്മാറുന്നു. ബാബുജാന് ഇഷ്ടമില്ലാത്തവരെ പാര്‍ട്ടിയില്‍ അടിച്ചമര്‍ത്തുന്നുവെന്നും രാജിവച്ച നേതാക്കള്‍ ആരോപിക്കുന്നു. കായംകുളത്തെ പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് കാലത്ത് സിപിഐഎമ്മിന് വലിയ തലവേദനയാകുകയാണ്.
Be the first to comment