ദില്ല ചലോ മാര്‍ച്ചില്‍ വന്‍ സംഘര്‍ഷം; ഒരു കര്‍ഷകന്‍ കൊല്ലപ്പെട്ടു, യുദ്ധക്കളമായി ഖനൗരി

കര്‍ഷക സമരത്തില്‍ ഹരിയാന-പഞ്ചാബ് അതിര്‍ത്തിയില്‍ സുരക്ഷാ സേനയും പ്രക്ഷോഭകരും തമ്മില്‍ വന്‍ സംഘര്‍ഷം. സമരത്തിന് എത്തിയ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടു. പഞ്ചാബ്-ഹരിയാന അതിര്‍ത്തിയില്‍ ഖനൗരിയിലാണ് സംഘര്‍ഷമുണ്ടായത്. ഭട്ടിന്‍ഡയില്‍ നിന്നുള്ള ശുഭകരന്‍ സിങ് (21) ആണ് കൊല്ലപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ മൂന്നുപേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായും ഇതില്‍ ഒരാള്‍ കൊല്ലപ്പെട്ടെന്നും പട്യാലയിലെ രജീന്ദ്ര ആശുപത്രി മെഡിക്കല്‍ സൂപ്രണ്ട് എച്ച് എസ് രേഖി മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം, കര്‍ഷകര്‍ കൊല്ലപ്പെട്ടു എന്നത് വ്യാജ പ്രചാരണമാണ് എന്നാണ് ഹരിയാന പോലീസ് പറയുന്നത്. രണ്ടു പോലീസുകാര്‍ക്കും ഒരു കര്‍ഷകനും പരിക്കേറ്റു എന്നാണ് പോലീസ് വാദം.

ഇന്ന് രാവിലെ മുതല്‍ ശംഭു അതിര്‍ത്തിയില്‍ പോലീസും കര്‍ഷകരും തമ്മില്‍ വലിയ തോതിലുള്ള സംഘര്‍ഷമാണ് നടക്കുന്നത്. കര്‍ഷകരെ പിരിച്ചുവിടാനായി പോലീസ് നിരന്തരം കണ്ണീര്‍ വാതകം പ്രയോഗിക്കുകയും ലാത്തി ചാര്‍ജ് നടത്തുകയും ചെയ്തു. ലാത്തി ചാര്‍ജില്‍ നിന്ന് രക്ഷപ്പെടാനായി പാടങ്ങളിലേക്കിറങ്ങിയ കര്‍ഷകര്‍, കല്ലും വടികളുമായി തിരിച്ച് നേരിട്ടു. കേന്ദ്രസര്‍ക്കാരുമായി ചര്‍ച്ച നടത്താനായി താത്കാലികമായി നിര്‍ത്തിവച്ചിരുന്ന ഡല്‍ഹി ചലോ മാര്‍ച്ച് ഇന്ന് രാവിലെമുതല്‍ കര്‍ഷകര്‍ പുനരാരംഭിച്ചിരുന്നു.

കര്‍ഷകരെയോ അവരുടെ വാഹനങ്ങളയോ ഡല്‍ഹിയിലേക്ക് പ്രവേശിപ്പിക്കരുതെന്ന കര്‍ശന നിര്‍ദേശമാണ് സുരക്ഷാ ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരിക്കുന്നത്. 30,000 ടിയര്‍ ഗ്യാസ് ഷെല്ലുകളാണ് കര്‍ഷകരെ നേരിടാനായി ഡല്‍ഹി പോലീസ് ശേഖരിച്ചിരിക്കുന്നത്. തിക്രി, സിംഗു, ഗാസിപൂര്‍ അതിര്‍ത്തികളിലാണ് ഡല്‍ഹി പോലീസിന്റെ നേതൃത്വത്തില്‍ സുരക്ഷ വര്‍ധിപ്പിച്ചിരിക്കുന്നത്.

ഇതിനിടെ, അഞ്ചാം ഘട്ട ചര്‍ച്ചയ്ക്കായി കേന്ദ്ര മന്ത്രി അര്‍ജുന്‍ മുണ്ട കര്‍ഷകരെ ക്ഷണിച്ചിട്ടുണ്ട്. ‘നാലാം ഘട്ട ചര്‍ച്ചയ്ക്ക് ശേഷം എല്ലാ വിഷയങ്ങളും അഞ്ചാം ഘട്ടത്തില്‍ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയാറാണ്. ചര്‍ച്ചയ്ക്കായി കര്‍ഷക നേതാക്കളെ ക്ഷണിക്കുകയാണ്. സമാധാനം നിലനിര്‍ത്തുക എന്നതു പ്രധാനമാണ്,’ കേന്ദ്ര മന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*