ഉത്തരേന്ത്യയിൽ വൻ ഭൂചലനം

ദില്ലി: എൻസിആർ മേഖലയിൽ വൻ ഭൂചലനം അനുഭവപ്പെട്ടു. ജമ്മു കശ്മീർ, ദില്ലി, ഉത്തർപ്രദേശ്, പഞ്ചാബ് ഹരിയാന എന്നിവിടങ്ങളിലെല്ലാം ഭൂചലനം അനുഭവപ്പെട്ടു. ഇന്ത്യയടക്കം മറ്റ് പല രാജ്യങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകളുണ്ട്. റിക്ടർ സ്കെയിലിൽ 6.6 തീവ്രത രേഖപ്പെടുത്തിയതായി ഔദ്യോഗിക വിവരമുണ്ട്. ഇന്ന് രാത്രി 10.17 നാണ് ഭൂചലനമുണ്ടായത്. അഫ്ഗാനിസ്ഥാന്റെയും താജിക്കിസ്ഥാന്റെയും അതിർത്തിയിലെ ഹിന്ദു കുഷ് ഏരിയയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് വിവരം. 

ഇന്ത്യക്ക് പുറമെ അഫ്ഗാനിസ്ഥാൻ, താജിക്കിസ്ഥാൻ, പാക്കിസ്ഥാൻ എന്നിവിടങ്ങളിലും  ശക്തമായ ചലനമാണ് ഉണ്ടായത്. എന്നാൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ഔദ്യോഗിക അറിയിപ്പ്. നാശനഷ്ടങ്ങളോ ആളപായമോ ഉണ്ടായതായി ഇതുവരെ വിവരമില്ല. കഴിഞ്ഞ ആറ് മാസത്തിനിടെ ഉണ്ടായ ഭൂചലനങ്ങളിൽ വെച്ച് ഏറ്റവും ശക്തമായ പ്രകമ്പനമാണ് ഇന്നുണ്ടായത്.

ഉത്തരേന്ത്യയിൽ പ്രകമ്പനം ഏറെ നേരം നീണ്ടുനിന്നു. ജനം പരിഭ്രാന്തരായി കെട്ടിടങ്ങളിൽ നിന്ന് പുറത്തിറങ്ങി തുറസായ മേഖലകളിലേക്ക് പാഞ്ഞു. ഇപ്പോൾ പരിഭ്രാന്തിക്ക് അയവുണ്ടായതായാണ് വിവരം. പലയിടത്തും മൊബൈലിന്റെയടക്കം നെറ്റ്‌വർക്ക് നഷ്ടപ്പെട്ടുവെന്നും വിവരമുണ്ട്. വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ തുടർച്ചയായ ഭൂചലനം ആളുകളെ ഭീതിയിലാഴ്ത്തിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*