വൈക്കത്ത് വീട്ടിൽ വൻ കവർച്ച; 70 പവൻ സ്വർണം, ഡയമണ്ടുകൾ മോഷണം പോയി

കോട്ടയം: വൈക്കത്ത് വൻ കവർച്ച. വീടിന്റെ അലമാരയിൽ സൂക്ഷിച്ചിരുന്ന 70 പവൻ സ്വർണവും ഡയമണ്ടുകളും മോഷണം പോയി. വൈക്കം തെക്കേനാവള്ളിൽ എൻ പുരുഷോത്തമൻ നായരുടെ വീട്ടിലാണ് മോഷണം നടന്നത്. തിങ്കളാഴ്ച രാത്രി മോഷണം നടന്നുവെന്നാണ് പൊലീസ് നി​ഗമനം.

പുരുഷോത്തമൻ നായർ, ഭാര്യ ഹൈമവതി, മകൾ ദേവീ പാർവതി എന്നിവരാണ് വീട്ടിൽ താമസിക്കുന്നത്. മൂവരും തിങ്കളാഴ്ച രാത്രി 9.30നു പരിചയക്കാരനായ ഡ്രൈവർ രാജേഷും അടിയന്തര ആവശ്യവുമായി ബന്ധപ്പെട്ടു ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. തിരികെ വാഹനം രാജേഷ് വീട്ടിൽ കൊണ്ടു വച്ചു. ഇന്ന് ഉച്ച കഴിഞ്ഞു 3.30ഓടെ മൂവരും തിരികെ വീട്ടിലെത്തിയപ്പോഴാണ് മോഷണം വിവരം അറിഞ്ഞത്. പുറത്തു നിന്നു കതകിന്‍റെ പൂട്ടു തുറക്കാൻ നോക്കിയപ്പോൾ സാധിച്ചില്ല. തുടർന്നു നടത്തിയ പരിശോധനയിലാണ് മോഷണം നടന്നുവെന്നു കുടുംബത്തിന്‍റെ ശ്രദ്ധയിൽപ്പെട്ടത്. പിന്നാലെ പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു.

വീടിന്‍റെ സമീപത്തുണ്ടായിരുന്ന ഏണി ഭിത്തിയിൽ ചാരിവച്ച നിലയിൽ പൊലീസ് കണ്ടെത്തി. വീടിന്‍റെ ഓട് പൊളിച്ചാണ് മോഷ്ടാവ് അകത്തു കടന്നത്. നാല് മുറിയിലെ സാധനങ്ങൾ വാരിവലിച്ചിട്ട നിലയിലാണ്. സമീപ പ്രദേശങ്ങളിലെ സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചു.

വിരലടയാള വിദ​ഗ്ധർ എത്തി തെളിവുകൾ ശേഖരിച്ചു. വൈക്കം ഡിവൈഎസ്പി ഇമ്മാനുവൽ പോളിന്‍റെ നേതൃത്വത്തിലുള്ള പൊലീസാണ് അന്വേഷണം നടത്തുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*