എം വി ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ; എകെജി സെന്‍റർ നിൽക്കുന്നത് പട്ടയ ഭൂമിയിൽ

കോട്ടയം: സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍റെ ഏഴ് ചോദ്യങ്ങൾക്ക് മറുപടിയുമായി മാത്യു കുഴൽനാടൻ. ഭൂനിയമം ലംഘിച്ചത് സിപിഎമ്മാണെന്ന് മാത്യു കുഴൽനാടൻ പറഞ്ഞു. എകെജി സെന്‍റര്‍ പട്ടയഭൂമിയിലാണ് നിര്‍മ്മിച്ചിരിക്കുന്നതെന്നും ഭൂനിയമം ലംഘിച്ച് നില്‍ക്കുന്ന ഏറ്റവും വലിയ നിർമ്മിതികളിൽ ഒന്നാണ് എകെജി സെന്‍ററെന്നും അദ്ദേഹം ആരോപിച്ചു. വീണ വിജയനെതിരായ ആരോപണം പ്രതിരോധിക്കാനാണ് എം വി ഗോവിന്ദന്‍ ശ്രമിക്കുന്നതെന്നും മാത്യു കുഴൽനാടൻ വിമര്‍ശിച്ചു.

ഭൂനിയമം ലംഘിച്ചിട്ടില്ലെന്നും ലൈസന്‍സ് പ്രകാരമാണ് ഹോം സ്റ്റേ നടത്തിയതെന്നും മാത്യു കുഴൽനാടൻ കൂട്ടിച്ചേര്‍ത്തു. നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ല. അഭിഭാഷകവൃത്തിക്ക് പുറമെ മറ്റൊരു ബിസിനസും നടത്തിയിട്ടില്ലെന്നും കുഴൽനാടൻ വ്യക്തമാക്കി. 9 കോടിയുടെ വിദേശ നിക്ഷേപം ഇല്ല. കമ്പനിയിൽ ഓഹരിയുണ്ട്. അതിന്റെ മൂല്യമാണിത്. എം വി ഗോവിന്ദൻ പുകമറ ഉണ്ടാക്കാൻ ശ്രമിക്കുകയാണെന്നും മാത്യു കുഴൽനാടൻ ആരോപിച്ചു.

സി എന്‍ മോഹനാനും സി വി വർഗീസിനും വരവിൽ കവിഞ്ഞ സ്വത്തില്ലെന്ന് പറയാനുള്ള ആർജ്ജവം എം വി ഗോവിന്ദൻ ഉണ്ടോ എന്ന് ചോദിച്ച മാത്യു കുഴൽനാടൻ, പാർട്ടി സെക്രട്ടറി ഇവരുടെ വരുമാനവും സ്വത്തും അന്വേഷിക്കണമെന്നും ആവശ്യപ്പെട്ടു.

Be the first to comment

Leave a Reply

Your email address will not be published.


*