കൊലപാതക ആസൂത്രണം മാസങ്ങള്‍ക്ക് മുമ്പേ?; ശര്‍മിളയുമായുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് സുഭദ്രയെന്ന് മാത്യൂസിന്റെ മാതാപിതാക്കള്‍

ആലപ്പുഴ: കലവൂരില്‍ മരിച്ച കടവന്ത്ര സ്വദേശി സുഭദ്രയെ പ്രതികള്‍ കൊലപ്പെടുത്തിയത് ദീര്‍ഘമായ ആസൂത്രണത്തിന് ശേഷമെന്ന് പോലീസ് നിഗമനം. കടം വാങ്ങിയ പണത്തെച്ചൊല്ലി ഇടഞ്ഞ സുഭദ്രയെ അനുനയിപ്പിച്ച് വീട്ടിലെത്തിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്നാണ് പോലീസ് വിലയിരുത്തൽ. പ്രതികളായ മാത്യൂസിനും ശര്‍മിളയ്ക്കും വേണ്ടി പോലീസ് അന്വേഷണം മറ്റു സംസ്ഥാനങ്ങളിലേക്കും വ്യാപിപ്പിച്ചു. അതേസമയം സുഭദ്രയെ അറിയാമെന്ന് മാത്യൂസിന്റെ കുടുംബാംഗങ്ങള്‍ പറഞ്ഞു. മാത്യൂസും ശര്‍മിളയും തമ്മിലുള്ള വിവാഹത്തിന് മുന്‍കൈയെടുത്തത് സുഭദ്രയാണ്. മകനെപ്പറ്റി മാസങ്ങളായി ഒരു വിവരവും ഇല്ലെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു.

മാത്യൂസ് ശര്‍മിളയെ വിവാഹം കഴിച്ചപ്പോള്‍ സുഭദ്ര വീട്ടില്‍ വന്നിരുന്നു. ആന്റി എന്നാണ് സുഭദ്രയെ ശര്‍മിള പരിചയപ്പെടുത്തിയത്. ആരുമില്ലാത്ത അനാഥക്കൊച്ചല്ലേ എന്നു വിചാരിച്ചായിരുന്നു വിവാഹത്തിന് സമ്മതിച്ചതെന്ന് മാത്യൂസിന്റെ അമ്മ പറഞ്ഞു. മാത്യൂസും ശര്‍മിളയും സ്ഥിരം മദ്യപാനികളായിരുന്നു. മദ്യപിച്ചശേഷം വലിയ പ്രശ്‌നമുണ്ടാക്കുമായിരുന്നു. ശര്‍മിള മദ്യപിച്ച് മാത്യൂസിന്റെ പിതാവിനെ ചീത്ത വിളിക്കുകയും, ആത്മഹത്യ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്യുമായിരുന്നുവെന്ന് അമ്മ പറയുന്നു.

വിവാഹത്തിന് മുമ്പ് സുഭദ്ര വീട്ടില്‍ വന്നിരുന്നു. വിവാഹം എറണാകുളത്തു വെച്ചു നടത്തണമെന്ന് പറഞ്ഞു. കല്യാണം കഴിഞ്ഞ് പിന്നീട് ഒരു ദിവസം വന്നു. ശര്‍മിള വാങ്ങിയ 3000 രൂപ നല്‍കണമെന്ന് ആവശ്യപ്പെട്ട് സുഭദ്ര വീട്ടില്‍ വന്ന് വഴക്കുണ്ടാക്കി. 7000 രൂപ വീട്ടില്‍ നിന്നും വാങ്ങിക്കൊണ്ടുപോയി. മാത്യൂസിന്റെ കൈക്ക് പരിക്കുണ്ടായിരുന്നു. വെട്ടേറ്റ് മൂന്നു ഞരമ്പു മുറിഞ്ഞുപോയിരുന്നു. അത് ശര്‍മിള വെട്ടിയതാണെന്നാണ് പരിസരവാസികള്‍ പറഞ്ഞ് അറിഞ്ഞതെന്നും മാത്യൂസിന്റെ മാതാപിതാക്കള്‍ പറയുന്നു.

കൊലപാതകത്തിനു ശേഷം മാത്യൂസും ശര്‍മിളയും ആലപ്പുഴയിലെ തുറവൂരിലെ ഒരു വീട്ടിലും താമസിച്ചിരുന്നതായി പോലീസ് കണ്ടെത്തി. തുറവൂരിലെ വീട്ടില്‍ പോലീസ് പരിശോധന നടത്തി. ആലപ്പുഴയ്ക്ക് പുറമെ, ഉഡുപ്പിയിലും പ്രതികള്‍ സ്വര്‍ണം പണയം വെച്ചതായും കണ്ടെത്തിയിട്ടുണ്ട്. പോലീസ് നടത്തിയ അന്വേഷണത്തില്‍ മൊബൈല്‍ ലൊക്കേഷന്‍ അവസാനമായി ലഭിച്ചത് ഉഡുപ്പിയില്‍ നിന്നാണ്. എന്നാല്‍ ഉഡുപ്പിയില്‍ പ്രതികളെ കണ്ടെത്താനായിട്ടില്ലെന്നാണ് വിവരം.

ആലപ്പുഴയിലെയും ഉഡുപ്പിയിലെയും ജ്വല്ലറികളില്‍ പോലീസ് പരിശോധന നടത്തി. ആലപ്പുഴയിലെ ഒരു ജ്വല്ലറിയില്‍ മൂന്നു പവന്റെ വള വിറ്റു. ഒരു സ്ത്രീ ഒറ്റയ്‌ക്കെത്തിയാണ് വള വിറ്റതെന്നാണ് വിവരം ലഭിച്ചിട്ടുള്ളത്. കൊലപാതകത്തിന് മുമ്പാണോ ഉഡുപ്പിയില്‍ ഇവര്‍ സ്വര്‍ണം പണയം വെച്ചതെന്നും പോലീസ് പരിശോധിക്കുന്നുണ്ട്. കലവൂരില്‍ മാത്യൂസും ശര്‍മിളയും വാടകയ്ക്ക് താമസിച്ചിരുന്ന വീടിന് സമീപത്തു കുഴിച്ചിട്ട വയോധികയുടെ മൃതദേഹം പോലീസ് കണ്ടെടുത്തിരുന്നു. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ എന്നാണ് കൊലപാതകം നടന്നത് എന്നതടക്കമുള്ള കാര്യങ്ങള്‍ വ്യക്തമാകൂവെന്ന് പോലീസ് പറയുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*