മെയ് 30 അന്തർദേശീയ മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ് ദിനം

2009 മുതൽ മെയ് 30 അന്തർദേശീയ മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ് ദിനമായി നാം ആചരിച്ചു പോരുകയാണ്.

എന്താണ് മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ്; 

മസ്തിഷ്കം, സുഷുമ്ന എന്നിവയെ ബാധിക്കുന്ന ഗുരുതര രോഗമാണ് മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ്. പ്രധാനമായും 15 മുതൽ 45 വയസ്സ് വരെ പ്രായമുളളവരെയാണിത് ബാധിക്കുന്നത്. നമ്മുടെ രാജ്യത്ത് ഏകദേശം രണ്ടു ലക്ഷത്തോളം മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ് രോഗബാധിതരുണ്ടെന്നും, സംസ്ഥാനത്ത് അവരുടെ എണ്ണം 2500നും 4000നും ഇടയിലാണെന്നുമാണ് അനൗദ്യോഗിക കണക്ക്.

രോഗബാധയുടെ നാൾവഴി പരിശോധിച്ചാൽ മൂന്നിൽരണ്ടു ഭാഗം പേര്‍ക്കും രോഗം ആരംഭിച്ച് പത്തുപതിനഞ്ചു വര്‍ഷം കൊണ്ട് ചലനശേഷി നഷ്ടപ്പെടുന്നു. തലച്ചോറിനെയും ഞരമ്പുകളെയും തുടരെ ബാധിക്കുന്നതിനാൽ ക്രമേണ വൈകല്യത്തിനും ഇത് കാരണമാകുന്നു. ചലനക്കുറവ്, കാഴ്ചക്കുറവ് എന്നിവയ്ക്കു പുറമേ, പഠനശേഷിക്കുറവ്, മാനസിക പ്രശ്നങ്ങള്‍, മൂത്ര- മലവിസര്‍ജ്ജനവുമായി ബന്ധപ്പെട്ട വേദനകൾ തുടങ്ങി നിരവധി ലക്ഷണങ്ങളും ഈ രോഗം മൂലം ഉണ്ടാവാം.

മള്‍ട്ടിപ്പിൾ സ്‌ക്ളീറോസിസ് ഉണ്ടാക്കുന്ന സാമൂഹികാഘാതം വളരെ വലുതാണ്. ചലനശേഷി നഷ്ടപ്പെടാനുളള സാധ്യത, തടസ്സപ്പെടുന്ന വിദ്യാഭ്യാസം, തൊഴിലില്ലായ്മ, ചികിത്സയുടെ സാമ്പത്തിക ഭാരം ഉണ്ടാക്കുന്ന പ്രശ്നങ്ങൾ തുടങ്ങിയവയെല്ലാം രോഗിയെയും കുടുംബത്തെയും വളരെയധികം ബാധിക്കുന്നു.

വര്‍ദ്ധിച്ചു വരുന്ന രോഗബാധ കണക്കിലെടുത്ത് ദുര്‍ബല വിഭാഗങ്ങളെ പ്രത്യേകമായി ലക്ഷ്യമിട്ട് സംസ്ഥാനത്ത് ഒരു രോഗനിര്‍ണ്ണയ-ചികിത്സ പരിപാടി സംസ്ഥാന സര്‍ക്കാർ നടപ്പാക്കിയിട്ടുണ്ട്. കേരളത്തില്‍ തിരുവനന്തപുരം ശ്രീ ചിത്ര തിരുനാൾ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയന്‍സ് ആന്‍റ് ടെക്നോളജിയും കോഴിക്കോട് സര്‍ക്കാർ മെഡിക്കല്‍ കോളേജുമാണ് പദ്ധതിക്കായി കണ്ടെത്തിയിട്ടുള്ള രണ്ട് നോഡല്‍ സെന്‍ററുകള്‍.

അർഹരായ രോഗികളെ കണ്ടെത്തുന്നതിനായി കേരള സാമൂഹ്യ സുരക്ഷാ മിഷൻ ആരംഭിച്ച രജിസ്ട്രിയിൽ 143 രോഗികൾ ഇതിനോടകം രജിസ്റ്റർ ചെയ്തു കഴിഞ്ഞു. കൂടാതെ, പദ്ധതിയ്ക്ക് സാങ്കേതിക സഹായം ലഭ്യമാക്കുന്നതിനായി മേഖലയിലെ വിദഗ്ധരെ ഉൾപ്പെടുത്തി സംസ്ഥാനതല സാങ്കേതിക സമിതിയും രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി ശുപാർശ ചെയ്ത 72 രോഗികളെ നോഡൽ സെന്ററുകളിലേക്ക് പരിശോധനയ്ക്കായി അയക്കുകയും പരിശോധനകൾക്കു ശേഷം നോഡൽ സെൻററുകൾ വഴി സൗജന്യമായി മരുന്നുകൾ വിതരണം ചെയ്യുകയും ചെയ്തിട്ടുണ്ട്.

നേരത്തെയുളള രോഗനിര്‍ണ്ണയവും ശരിയായ ഇടപെടലും രോഗികളെ വൈകല്യത്തിലേക്ക് എത്തുന്നതിൽനിന്നും വലിയ അളവിൽ തടയും. ഈ വലിയ അസുഖത്തിൽ നിന്നും നമ്മളെയും നമ്മുടെ പ്രിയപ്പെട്ടവരെയും രക്ഷിക്കേണ്ടത് ഓരോരുത്തരുടെയും കടമയാണ്. എന്തെങ്കിലും രോഗലക്ഷണങ്ങൾ കണ്ടാൽ എത്രയും വേഗം ചികിത്സ തേടുകയും രോഗം ബാധിച്ചവർക്ക് ആത്മവിശ്വാസവും പിന്തുണയും നൽകുകയും ചെയ്യുകയെന്നത് കടമയായി എല്ലാവരും കരുതുക.

ആരോഗ്യമുള്ള ഒരു സമൂഹത്തിനായി നമുക്ക് ഒരുമിച്ച് കൈകോർക്കാം.

 

Be the first to comment

Leave a Reply

Your email address will not be published.


*