
കേരള യൂണിവേഴ്സിറ്റിയിലെ എംബിഎ പരീക്ഷയുടെ ഉത്തരക്കടലാസ് നഷ്ടമായ സംഭവത്തിൽ അധ്യാപകനെ അന്വേഷണ വിധേയമായി സസ്‌പെൻഡ് ചെയ്യും. കേരള സർവകലാശാല വിസി ഡോ മോഹനൻ കുന്നുമ്മേൽ നൽകിയ നിർദേശപ്രകാരമാണിത്. അധ്യാപകനെ പരീക്ഷാ ജോലികളിൽ നിന്നും മാറ്റി നിർത്താനും നിർദേശമുണ്ട്.
കേരള സര്‍വകലാശാലയ്ക്ക് കീഴിലെ വിവിധ കോളജുകളിലെ 71 വിദ്യാർഥികളുടെ പരീക്ഷ ഉത്തര കടലാസുകളാണ് കേരള സർവകലാശാലയിൽ അഫിലിയേറ്റ് ചെയ്തിട്ടുള്ള തിരുവനന്തപുരത്തെ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോപ്പറേറ്റീവ് മാനേജ്മെന്റിലെ അധ്യാപകൻ നഷ്ടപ്പെടുത്തിയത്. കൂടുതൽ അന്വേഷണത്തിന്റെ ഭാഗമായി അധ്യാപകനോട് ഏപ്രിൽ നാലിന് സർവകലാശാലയിൽ ഹാജരാകാൻ ആവശ്യപ്പെട്ടിട്ടുണ്ട്. ആഭ്യന്തര അന്വേഷണത്തിന് ശേഷം പരീക്ഷ നടത്തിപ്പുകളില്‍ പൂര്‍ണ്ണമായും ഡീ-ബാര്‍ ചെയ്യാനാണ് തീരുമാനം.
അതേസമയം, വിദ്യാർഥികൾക്കായി ഏഴാം തീയതി തന്നെ പ്രത്യേക പരീക്ഷ നടത്തും. വിദേശത്ത് ഉള്‍പ്പെടെ ജോലിയ്ക്ക് പോകേണ്ടി വന്ന വിദ്യാര്‍ഥികള്‍ക്കായി ഇതേ പാരീക്ഷ ഈ മാസം 22 ന് വീണ്ടും നടത്തും. രണ്ട് പരീക്ഷയുടെയും ഫലം മൂന്ന് ദിവസത്തില്‍ പ്രസിദ്ധീകരിക്കും. വൈസ് ചാന്‍സലറുടെ നേതൃത്വത്തില്‍ ചേര്‍ന്ന പരീക്ഷ വിഭാഗത്തിന്റെ ഉന്നതല യോഗത്തിലാണ് തീരുമാനം. സര്‍വകലാശാലയുടെ ഭാഗത്ത് വീഴ്ചയുണ്ടായെന്ന് യോഗത്തിൽ വൈസ് ചാന്‍സലര്‍ സമ്മതിച്ചു. ഭാവിയില്‍ വീഴ്ച ആവര്‍ത്തിക്കാതിരിക്കാനുള്ള മുന്‍കരുതല്‍ സ്വീകരിക്കുമെന്നും പരീക്ഷാ കണ്‍ട്രോളര്‍ കൈമാറുന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ തുടര്‍ നടപടികള്‍ സ്വീകരിക്കുമെന്നും വൈസ് ചാന്‍സിലര്‍ അറിയിച്ചു.
എന്നാൽ നഷ്ടപ്പെട്ട ഉത്തരക്കടലാസിൽ ശരാശരി മാര്‍ക്ക് നല്‍കണമെന്ന വിദ്യാര്‍ഥികളുടെ വാദം സര്‍വലാശാല അധികൃതര്‍ പൂര്‍ണമായി തള്ളി. സര്‍വകലാശാല തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കാനാണ് വിദ്യാര്‍ഥികളുടെ തീരുമാനം.
Be the first to comment