ഈ വര്‍ഷം അവസാനത്തോടെ അഞ്ചാം പനി പൊട്ടിപ്പുറപ്പെടാം ലോകാരോഗ്യ സംഘടന

ഈ വര്‍ഷം അവസാനത്തോടെ ലോകത്തിന്‌റെ പകുതിയിലധികം പേരും അഞ്ചാം പനിയുടെ ഉയര്‍ന്ന അപകടസാധ്യതയിലായിരിക്കുമെന്ന് ലോകാരോഗ്യ സംഘടന മുന്നറിയിപ്പ്. രോഗപ്രതിരോധ നടപടികളില്‍ വലിയൊരു ഇടവേള ഉണ്ടായെന്നും വാക്‌സിന്‍ നല്‍കുക വഴി ഈ ഗ്യാപ് അടയ്ക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അഞ്ചാം പനി ഈ ഗ്യാപിലേക്ക് കുതിച്ചു കയറുമെന്നും ലോകാരോഗ്യ സംഘടനയുടെ മീസെല്‍സ് ആന്‍ഡ് റുബെല്ല സീനിയര്‍ ടെക്‌നിക്കല്‍ അഡ്വൈസര്‍ നതാഷ ക്രൊക്രാഫ്റ്റ് ജനീവയില്‍ നടന്ന വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കോവിഡ്-19 മഹാമാരി സമയത്ത് വാക്‌സിനേഷന്‍ മുടങ്ങിയതിനാല്‍ അഞ്ചാംപനി കേസുകള്‍ ലോകത്ത് വര്‍ധിച്ചതായി ഡബ്ല്യുഎച്ച്ഒ പറയുന്നു. ലോകാരോഗ്യ സംഘടനയുടെ ഡേറ്റ ഉപയോഗിച്ച് സെന്‌റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ ആന്‍ഡ് പ്രിവന്‍ഷന്‍(സിഡിസി) തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ഈ വര്‍ഷാവസനത്തോടെ ലോകത്തിന്‌റെ പകുതിയിലധികം രാജ്യങ്ങളിലും അഞ്ചാംപനി പൊട്ടിപ്പുറപ്പെടാനുള്ള ഉയര്‍ന്ന അപകടസാധ്യതയാണുളളതെന്ന് നതാഷ പറഞ്ഞു. വെറസുകള്‍ പരത്തുന്ന പകര്‍ച്ചവ്യാധിയാണ് അഞ്ചാംപനി. രോഗബാധിതനായ ഒരു വ്യക്തിയുടെ ശ്വാസത്തിലൂടെയും ചുമയ്ക്കുകയോ തുമ്മുകയോ ചെയ്യുമ്പോഴുമാണ് രോഗം പകരുന്നത്. ഇത് ഗുരുതരാവസ്ഥ സൃഷ്ടിക്കുകയും മരണത്തിനുവരെ കാരണമാകുകയും ചെയ്യും. ആര്‍ക്കു വേണമെങ്കിലും രോഗം ബാധിക്കാമെങ്കിലും കൂടുതലും ബാധിക്കുന്നത് കുട്ടികളെയാണ്.

ശ്വാസകോശത്തെയാണ് അഞ്ചാംപനി ബാധിക്കുന്നത്. ഇത് ശരീരം മുഴുവന്‍ വ്യാപിക്കുന്നു. കടുത്ത പനി, ചുമ, മൂക്കൊലിപ്പ്, ചുവന്ന നിറത്തില്‍ വെള്ളംനിറഞ്ഞ കണ്ണുകള്‍, ശരീരത്തില്‍ തിണര്‍പ്പുകള്‍, കവിളുകള്‍ക്കുള്ളില്‍ വെളുത്ത പാടുകള്‍ തുടങ്ങിയവയാണ് അഞ്ചാംപനിയുടെ ലക്ഷണങ്ങള്‍.അഞ്ചാംപനി പ്രതരോധിക്കുന്നതിനും മറ്റുള്ളവരിലേക്ക് രോഗം പകരാതിരിക്കുന്നതിനും മികച്ച പോം വഴി വാക്‌സിനേഷനാണെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. വാക്‌സിന്‍ സുരക്ഷിതവും ശരീരത്തെ വൈറസുകളെ പ്രതിരോധിക്കാന്‍ സഹായിക്കുകയും ചെയ്യും.

1963-ല്‍ അഞ്ചാം പനി വാക്‌സിന്‍ വരുന്നതിനു മുന്‍പ് രണ്ടോ മൂന്നോ വര്‍ഷത്തിലൊരിക്കല്‍ മാരകമായ പകര്‍ച്ചവ്യാധികള്‍ ഉണ്ടാകുകയും ഓരോ വര്‍ഷവും 2.6 ദശലക്ഷം മരണങ്ങള്‍ സംഭവിക്കുകയും ചെയ്തിരുന്നുവെന്ന് ദ ഗ്ലോബല്‍ ബോഡി കണക്കുകള്‍ വ്യക്തമാക്കുന്നു. 2021-ല്‍ അഞ്ചാം പനി ബാധിച്ച് 1, 28,000 പേര്‍ മരിച്ചതായി കണക്കാക്കുന്നു. ഇതിലാകട്ടെ ഭൂരിഭാഗവും കുട്ടികളായിരുന്നു. സുരക്ഷിതവും ചെലവ് കുറഞ്ഞതുമായ വാക്‌സിന്‍ ലഭ്യമായിട്ടും ഇത്രയും മരണം സംഭവച്ചുവെന്നത് ദൗര്‍ഭാഗ്യകരമാണ്.കോവിഡ് 19 മഹാമാരി, നിരീക്ഷണത്തിലും രോഗപ്രതിരോധ നടപടികളിലും തടസങ്ങള്‍ സൃഷ്ടിച്ചതായി ലോകാരോഗ്യ സംഘടന വിലയിരുത്തുന്നു. ഇത് ദശലക്ഷക്കണക്കിന് കുട്ടികളെ അപകടാവസ്ഥയിലെത്തിച്ചിട്ടുണ്ട്.

അന്ധത, എന്‍സെഫലൈറ്റിസ്, വയറിളക്കവും അതുമായി ബന്ധപ്പെട്ടുള്ള നിര്‍ജലീകരണവും, ചെവിയിലെ അണുബാധ, ന്യുമോണിയ ഉള്‍പ്പടെയുള്ള ശ്വസന പ്രശ്‌നങ്ങള്‍ എന്നിവ ഇവയില്‍ ചിലതാണ്. ഗര്‍ഭിണികളില്‍ ഈ വൈറസ് ഗുരുതരമാകുകയും മാസം തികയാത്ത, ആവശ്യത്തിനു ശരീരഭാരമില്ലാത്ത കുഞ്ഞിനെ പ്രസവിക്കുന്നതിനു കാരണമാകുകയും ചെയ്യുമെന്ന് ലോകാരോഗ്യ സംഘടന പറയുന്നു. കഴിഞ്ഞ വര്‍ഷം ലോകത്താകമാനം മൂന്നു ലക്ഷത്തിലധികം കേസുകളാണ് അഞ്ചാം പനിയുടേതായി റിപ്പോര്‍ട്ട് ചെയ്തതെന്ന് നതാഷ പറഞ്ഞു. 2022മായി താരതമ്യം ചെയ്യുമ്പോള്‍ 79 ശതമാനം വര്‍ധനവാണ് ഈ കണക്ക് കാണിക്കുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*