കൊച്ചി: ‘മറുനാടൻ മലയാളി’ എഡിറ്റർ ഷാജൻ സ്‌കറിയക്ക് എതിരായ കേസിന്റെ മറവിൽ കേരളത്തിലെ ‘മറുനാടൻ മലയാളി’യുടെ മുഴുവൻ ലേഖകരെയും ജീവനക്കാരെയും പീഡിപ്പിക്കുന്ന പൊലീസ് നടപടിയിൽ കേരള ജേർണലിസ്റ്റ്സ് യൂണിയൻ (കെ.ജെ.യു) സംസ്ഥാന കമ്മിറ്റി പ്രതിഷേധിച്ചു.
സ്വതന്ത്ര മാധ്യമ പ്രവർത്തനത്തിന് നേരെയുള്ള കടന്നുകയറ്റവുമാണിത്. വാർത്തയിൽ വസ്തുതാപരമായ തെറ്റുകളുണ്ടെങ്കിൽ അതിനെതിരെ നടപടിയെടുക്കാൻ ഏതൊരാൾക്കും അധികാരവും അവകാശവുമുണ്ട്. അതിന് സർക്കാർ സംവിധാനം ഉപയോഗിക്കുന്നതിലും തെറ്റില്ല. എന്നാൽ അതിന്റ മറവിൽ ഒരു സ്ഥാപനം പൂർണമായും ഇല്ലാതാക്കാൻ ശ്രമിക്കുന്നത് ജനാധിപത്യ കേരളത്തിന് അംഗീകരിക്കാനാവുന്നതല്ല. അർധരാത്രിയിൽ വീടുകളിൽ റെയ്ഡുകൾ നടത്തി കമ്പ്യൂട്ടറും ഫോണും ഉൾപ്പെടെ പിടിച്ചെടുക്കുന്നത് കേരളത്തിൽ കേട്ടുകേൾവിയില്ലാത്ത സംഭവങ്ങളാണ്.
സമീപകാലത്ത് സമാനമായ നിരവധി സംഭവങ്ങളാണ് ഉണ്ടായിട്ടുള്ളത്. അനാവശ്യമായി പിടിച്ചെടുത്ത കമ്പ്യൂട്ടറും ലാപ്ടോപ്പുകളും മൊബൈൽ ഫോണുകളും ബന്ധപ്പെട്ടവർക്ക് തിരിച്ച് നൽകി ജനാധിപത്യ മര്യാദയും നിയമവും പാലിക്കാൻ പൊലീസ് തയ്യാറാകണമെന്നും യൂണിയൻ സംസ്ഥാന പ്രസിഡന്റ് അനിൽ ബിശ്വാസ്, ജനറൽ സെക്രട്ടറി കെ.സി. സ്മിജൻ, ട്രഷറർ ഇ.പി. രാജീവ് എന്നിവർ ആവശ്യപ്പെട്ടു.
Be the first to comment