പുതുതായി സർക്കാർ ജോലിയിൽ പ്രവേശിക്കുന്നവർക്ക് മെഡിസെപ്പ് പരിരക്ഷ കിട്ടാൻ 2022 മുതലുള്ള പ്രീമിയം മുഴുവനായും അടക്കണമെന്ന ഉത്തരവ് പിൻവലിക്കണമെന്ന ആവശ്യത്തോട് മുഖം തിരിച്ച് സർക്കാർ. സർവീസ് സംഘടനകളുടെ പ്രതിഷേധത്തിനിടയിലും ഉത്തരവ് പുനപരിശോധിക്കാൻ സർക്കാർ തയ്യാറായിട്ടില്ല. അടുത്ത വർഷം മെഡിസെപ് കരാറുണ്ടാക്കുന്നതിന് മുമ്പ് വിശദമായ ചർച്ച വേണണെന്നാണ് സംഘടനകളുടെ ആവശ്യം.
2022 ജൂലൈ മുതൽ, മാസം അഞ്ഞൂറ് രൂപ വീതം മൂന്ന് വർഷത്തേക്ക്, 18, 000 രൂപയാണ് മെഡിസെപ് പ്രീമിയമായി സർക്കാർ ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിടിക്കുന്നത്. എന്നാൽ, പുതുതായി ജോലിയിൽ പ്രവേശിക്കുന്നവരും 18, 000 രൂപ തന്നെ അടക്കണമെന്ന് കഴിഞ്ഞ മാസം 16ന് ധനവകുപ്പ് ഉത്തരവിട്ടു. ആദ്യശമ്പളം മുതൽ തുല്യമായി ഈ തുക കുറവ് ചെയ്യണമെന്നാണ് ഉത്തരവിലുള്ളത്. അതായത് ഇപ്പോൾ ജോലിക്ക് കയറിയാലും, 2022 മുതലുള്ള കുടിശ്ശിക അടക്കണം. മൂന്ന് വർഷത്തേക്ക് ഒപ്പിട്ട മെഡിസെപ് കരാർ അടുത്ത വർഷം ജൂണിൽ അവസാനിക്കും. അതിന് ഒരു മാസം മുമ്പ് ജോലിക്ക് കയറിയാലും, ഒരു ആനുകൂല്യം പോലും നേടിയില്ലെങ്കിലും മുഴുവൻ പ്രീമിയം അടക്കണം. സർക്കാർ ജീവനക്കാരിൽ നിന്നുള്ള പിടിച്ചുപറിയാണിത് എന്നാരോപിച്ചാണ് സർവീസ് സംഘടനകൾ രംഗത്തെത്തിയത്.
ജീവനക്കാരിൽ നിന്ന് പ്രതിഷേധം ഉയരുന്നുണ്ടെങ്കിലും ഉത്തരവിൽ മാറ്റം വരുത്താനാകില്ലെന്നാണ് സർക്കാർ നിലപാട്. പ്രീമിയം തുകയായി വർഷം 550 കോടിയാണ് ഓറിയന്റൽ ഇൻഷുറൻസിന് കിട്ടുന്നത്. 20 മാസം കൊണ്ട്, 1100 കോടിയിലധികം ഇൻഷുറൻസായി നൽകി. നിലവിലെ സാഹചര്യത്തിൽ തന്നെ അധിക ബാധ്യതയെന്നാണ് സർക്കാർ വിലയിരുത്തൽ. 2022 ജൂലൈയിൽ തുടങ്ങിയ കരാർ, അടുത്ത വർഷം അവസാനിക്കും.
Be the first to comment