മെഡിസെപ്പ് മൊബൈൽ ആപ്പ് ഉദ്ഘാടനം ഇന്ന്

സർക്കാർ ജീവനക്കാർ, പെൻഷൻകാർ, അവരുടെ ആശ്രിതർ  ഉൾപ്പെടെ 30 ലക്ഷത്തോളം ഗുണഭോക്താക്കൾക്കായി സംസ്ഥാന  സർക്കാർ  നടപ്പിലാക്കിയ സമഗ്ര ആരോഗ്യ ഇൻഷ്വറൻസ് പദ്ധതിയായ ‘മെഡിസെപ് ‘ കൂടുതൽ  ഉപഭോക്തൃ സൗഹൃദമാക്കുന്നതിന്റെ ഭാഗമായി ധനകാര്യ വകുപ്പ് സോഫ്റ്റ്‌വെയർ ഡിവിഷൻ  തയ്യാറാക്കിയ  മൊബൈൽ  ആപ്ലിക്കേഷന്റെ ഉദ്ഘാടനം ഇന്ന്. വൈകുന്നേരം 6ന് തിരുവനന്തപുരം  ഐ.എം.ജി. യിലെ ‘പദ്മം’ ഹാളിൽ  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം നിർവ്വഹിക്കും. രാജ്യത്ത് തന്നെ മാതൃകയായ പദ്ധതിയുടെ സ്വീകാര്യത വർധിച്ചു വരുന്ന സാഹചര്യത്തിലും  പദ്ധതി വിപുലീകരണത്തിന്റെ ഭാഗമായും  പദ്ധതിയുടെ വിശദാംശങ്ങൾ  ഗുണഭോക്താക്കളുടെ വിരൽത്തുമ്പിൽ എത്തിക്കുക എന്ന ലക്ഷ്യത്തോടെയുമാണ്  മൊബൈൽ ആപ്ലിക്കേഷൻ സർക്കാർ നടപ്പിൽ വരുത്തുന്നത്. 

ധനകാര്യ മന്ത്രി കെ.എൻ.ബാലഗോപാൽ അദ്ധ്യക്ഷം വഹിക്കുന്ന ചടങ്ങിൽ  നാളിതുവരെ പദ്ധതിയുമായി സഹകരിച്ച സംസ്ഥാനത്തെ ആശുപത്രികളിൽ  മികച്ച സേവന ദാതാക്കളായ സർക്കാർ, സ്വകാര്യ, സഹകരണ,സ്വയംഭരണ മേഖലയിലെ ആശുപത്രികൾക്കും പദ്ധതി നടപ്പിലാക്കുന്ന  ഓറിയന്റൽ ഇൻഷുറൻസ് കമ്പനിക്കും പദ്ധതിയുടെ ജില്ലാതല പരാതി  പരിഹാര സംവിധാനത്തിന്റെ ഭാഗമായി മികച്ച  സേവനം  കാഴ്ച്ചവച്ച ഉദ്യോഗസ്ഥർക്കുമുള്ള അഭിനന്ദനപത്രം  വിതരണം ചെയ്യും.  ഗതാഗത വകുപ്പ് മന്ത്രി, പ്രതിപക്ഷ നേതാവ്, തിരുവനന്തപുരം എം പി, തിരുവനന്തപുരം മേയർ, ഓറിയന്റൽ ഇൻഷുറൻസ് കമ്പനിയുടെ സി എം ഡി എന്നിവരും ചടങ്ങിൽ പങ്കെടുക്കും.

 

Be the first to comment

Leave a Reply

Your email address will not be published.


*