നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകൾക്ക് ഇന്ന് എട്ട് വയസ്സ്

നാടകാചാര്യനും കവിയുമായ കാവാലം നാരായണപ്പണിക്കരുടെ ഓർമ്മകൾക്ക് ഇന്ന് എട്ട് വയസാവുകയാണ്. ഇന്ത്യൻ നാടക വേദിയിലെ ആധുനികതയുടെ പ്രയോക്താവായിരുന്നു കാവാലം. തനതു നാടകവേദി എന്ന ആശയത്തിനെ ചേർത്തു പിടിച്ചുകൊണ്ട് അതിന്റെ സത്ത് കൈവിടാതെ നാടകത്തെ സാധാരണ മനുഷ്യനുമായി അടുപ്പിക്കുക എന്ന കൃത്യം കാവാലം വളരെ മനോഹരമായി നിർവഹിച്ചാണ് അരങ്ങൊഴിഞ്ഞത്. നീണ്ട ആറ് ദശാബ്ദക്കാലത്തിലേറെ കേരളത്തിന്റെ കലാ-സാംസ്‌കാരിക മണ്ഡലങ്ങളിൽ നിറഞ്ഞു നിന്ന കാവാലം വരും തലമുറയ്ക്ക് ഒരു പാഠ പുസ്തമാണ്.

സംവിധായകൻ, നാടക രചയിതാവ്, കവി, സൈദ്ധാന്തികൻ എന്നിങ്ങനെ വിശേഷങ്ങൾ അനവധിയാണ് കാവാലത്തിന്. ഇതുവരെ കണ്ട കാഴ്ച്ചയ്ക്കും ആവിഷ്കാരങ്ങൾക്കും പിന്നാലെ പോകാതെ തനതു നാടക വേദിയിൽ കൊണ്ടുവന്ന കാവാലം ശൈലി എടുത്തു പറയേണ്ടവയാണ്. കാളിദാസന്റെയും ഭാസന്റെയും നാടകങ്ങൾ മലയാള വേദിയിൽ എത്തിച്ച അതുല്യ പ്രതിഭ നാടോടി കഥകളും കവിതകളും കൊയ്ത്തുപാട്ടിന്റെ ഈരടി പോലെ നാടകത്തിലേക്ക് ആവാഹിക്കുകയായിരുന്നു. ഗ്രീക്ക് നാടകവേദിയുമായി ചേർന്നു രാമായണവും ഗ്രീക്ക് ക്ലാസ്സിക്ക് ആയ ഇലിയഡും തമ്മിൽ സംയോജിപ്പിച്ചുകൊണ്ട് അവതരിപ്പിച്ച ‘ഇലിയാണ’യും കാവാലത്തിന്റെ അവിസ്മരണീയ പരീക്ഷണങ്ങളിൽ ഒന്നാണ്.

ആലപ്പുഴ ബാറിൽ വക്കീലായി ഔദ്യോഗിക ജീവിതമാരംഭിച്ചെങ്കിലും നാരായണപ്പണിക്കരുടെ മനസ് മുഴുവനും കവിതയുടെയും കലയുടെയും സംഗീതത്തിന്റെയും ലോകമായിരുന്നു, അതുകൊണ്ടുതന്നെ അഭിഭാഷക വൃത്തി പൂർണമായും ഉപേക്ഷിച്ചാണ് സജീവ നാടകത്തിലേക്ക് അദ്ദേഹം ഇറങ്ങുന്നത്. നെടുമുടി വേണു, സംവിധായകൻ അരവിന്ദൻ, നാടകകൃത്തായ സി എൻ ശ്രീകണ്ഠൻ നായർ, കവി എം ഗോവിന്ദൻ, കവി അയ്യപ്പപണിക്കർ തുടങ്ങിയ സമകാലികർക്കൊപ്പം അരങ്ങത്ത് കാവാലം അത്ഭുതം സൃഷ്ടിച്ചു. 28 ഓളം വ്യത്യസ്ത നാടകങ്ങളാണ് അദ്ദേഹം രചിച്ചത്. നെടുമുടി വേണുവിന് പുറമേ, നടൻമാരായ ഗോപി, മുരളി, മോഹൻലാൽ, മുകേഷ് എന്നിവരും കാവാലത്തിന്റെ രംഗ വേദിയിൽ കഥാപാത്രങ്ങളായി.

നാടകങ്ങൾക്ക് പുറമെ മലയാളികളുടെ മനസിനെ തൊട്ടുണർത്തിയ നിരവധി ചലച്ചിത്രഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. രതിനിർവ്വേദം’ എന്ന സിനിമയ്ക്ക് വേണ്ടി ഗാനങ്ങൾ എഴുതിയാണ് അദ്ദേഹം സിനിമാ രംഗത്തെത്തിയത്. ‘കാറ്റത്തെ കിളിക്കൂട്’ (1983) എന്ന ചിത്രത്തിലെ എസ് ജാനകി പാടിയ ‘ഗോപികേ നിൻ വിരൽ’ എന്ന ഗാനം കാവാലത്തിന്റെ ഏറെ ശ്രദ്ധിക്കപ്പെട്ട ഗാനരചനകളിൽ ഒന്നായിരുന്നു.

ഉത്സവപിറ്റേന്ന്’ എന്ന ചിത്രത്തിലെ ‘പുലരിത്തൂമഞ്ഞുതുള്ളിയിൽ.’, ‘കണ്ണെഴുതി പൊട്ടും തൊട്ട് ‘എന്ന ചിത്രത്തിലെ ‘കൈതപ്പൂവിൻ കന്നിക്കുറുമ്പിൽ ‘, ‘നേർക്കു നേർ’ എന്ന ചിത്രത്തിലെ ‘അൻപിൻ തുമ്പും വാലും.’ എന്നിങ്ങിനെ കാവാലത്തിന്റെ തൂലികയിൽ നിന്ന് പിറവിയെടുത്തത് ഹിറ്റുകളും ക്ലാസിക്കുകളുമാണ്. കേരള സാഹിത്യ അക്കാദമി പുരസ്കാര ജേതാവായ കാവാലത്തിന് 1978ലും 1982ലും മികച്ച ഗാനരചയിതാവിനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.

2007ൽ പദ്മഭൂഷൺ നൽക്കി അദ്ദേഹത്തെ ആദരിച്ചു. മലയാള നാടക വേദിക്കും സംഗീതത്തിനും മറക്കാനാകാത്ത സംഭാവന നൽകിയ ആ നാടക ശില്പി അവസാന നാടകമായ ശാകുന്തളവും അവിസ്മരണീയമാക്കിയാണ്, കാലത്തിന്റെ യവനികയിലേക്ക് മറഞ്ഞത്.

Be the first to comment

Leave a Reply

Your email address will not be published.


*