അനശ്വര സംഗീത‍ജ്ഞൻ എം ജി രാധാകൃഷ്ണന്‍റെ ഓർമ്മകള്‍ക്ക് 14 വയസ്

അനശ്വര സംഗീത‍ജ്ഞൻ എം ജി രാധാകൃഷ്ണന്‍റെ 14 -ാം ഓര്‍മ്മ ദിനമാണിന്ന്. ലളിതസംഗീതത്തെ ജനകീയനാക്കിയ എം ജി രാധാകൃഷ്ണന്‍ മലയാളത്തിനായി നിരവധി സുന്ദര ഗാനങ്ങള്‍ സമ്മാനിച്ചാണ് അനശ്വരതയിലേക്ക് മറഞ്ഞത്. മൺമറഞ്ഞ് 14 വര്‍ഷം പിന്നിട്ടിട്ടെങ്കിലും പാട്ടുകളും ഓർമകളുമായി മലയാളിക്കൊപ്പം എന്നുമുണ്ട് എം ജി രാധാകൃഷ്ണന്‍. ആകാശവാണിയുടെ സുവര്‍ണനാളുകളിലാണ് എം ജി രാധാകൃഷ്ണന്‍ അവിടെയെത്തുന്നത്. ലളിതസംഗീതവിഭാഗത്തിലായിരുന്നു തുടക്കം.

രാധാകൃഷ്ണന്റെ വരവോടെ ലളിതസംഗീതപാഠം ഏറെ ജനപ്രിയമായി. ഗായകനായാണ് എം ജി ആർ സിനിമയിലെത്തിയത്. എന്നാല്‍ സംഗീത സംവിധായകനായാണ് പേരെടുത്തത്. സംഗീത സംവിധാനത്തില്‍ രാധാകൃഷ്ണന്റെ തുടക്കം പിഴച്ചില്ല. തുടങ്ങിയ വര്‍ഷം 1978ല്‍ തന്നെ നാല് ചിത്രങ്ങളില്‍ ഗാനങ്ങള്‍ക്ക് സംഗീതസംവിധാനം നടത്തി. ‘തമ്പ്’, ‘രണ്ടുജന്മം’, ‘ആരവം’, ‘പെരുവഴിയമ്പലം’. 1979ല്‍ ‘കുമ്മാട്ടി’ക്കും ‘തകര’യ്ക്കും സംഗീതം നല്‍കി. തുടര്‍ന്ന് നൂറോളം ചിത്രങ്ങളിലൂടെ നിരവധി ഗാനങ്ങള്‍ക്ക് രാധാകൃഷ്ണന്‍ സംഗീതസംവിധാനം നിര്‍വഹിച്ചു.

1940 ല്‍ ഹരിപ്പാട്ട് ജനിച്ച എം ജി രാധാകൃഷ്ണന്റെ ബാല്യവും സ്‌കൂള്‍ വിദ്യാഭ്യാസവും അവിടെത്തന്നെയായിരുന്നു. ആലപ്പുഴ എസ്ഡി കോളേജില്‍ പ്രീഡിഗ്രി പഠനത്തിനുശേഷം തിരുവനന്തപുരത്തെത്തി. കാരണം അച്ഛന്‍ മലബാര്‍ ഗോപാലന്‍ നായരും ഗായികയും സംഗീതാധ്യാപികയുമായ അമ്മ കമലാക്ഷിയമ്മയും തൈക്കാട്ട് വാടകവീട്ടിലായിരുന്നു താമസിച്ചിരുന്നത്. അന്ന് ദക്ഷിണേന്ത്യയില്‍ ഏറ്റവും പ്രശസ്തനായ ഹാര്‍മോണിസ്റ്റും ശാസ്ത്രീയസംഗീതജ്ഞനുമായിരുന്നു മലബാര്‍ ഗോപാലന്‍ നായര്‍. തമിഴ്‌നാട്ടുകാര്‍ക്ക് അക്കാലത്ത് മലയാളിയെന്നാല്‍ മലബാറുകാരനായിരുന്നു.

അങ്ങനെയാണ് മേടയില്‍ ഗോപാലന്‍ നായര്‍ മലബാര്‍ ഗോപാലന്‍ നായരായത്. മലബാര്‍ ഗോപാലന്‍ നായരുടെ മൂന്ന് മക്കളില്‍ മൂത്തയാളാണ് എം ജി രാധാകൃഷ്ണന്‍ എന്ന സംഗീതപ്രതിഭ. സംഗീതജ്ഞ പ്രൊഫ. കെ. ഓമനക്കുട്ടി സഹോദരിയും ചലച്ചിത്ര പിന്നണിഗായകന്‍ എം.ജി. ശ്രീകുമാര്‍ സഹോദരനുമാണ്. ദേവാസുരം’ എന്ന സിനിമയില്‍ ‘വന്ദേ മുകുന്ദ ഹരേ’ എന്ന രണ്ടുവരി ശ്ലോകം പാടിയിട്ടുമുണ്ട് അദ്ദേഹം.

2001 ൽ ‘അച്ഛനെയാണെനിക്കിഷ്‌ടം’ എന്ന ചിത്രത്തിലെയും 2005 ൽ ‘അനന്തഭദ്രം’ എന്ന ചിത്രത്തിലെയും ഈണങ്ങള്‍ക്ക് സംസ്ഥാന സർക്കാരിന്‍റെ മികച്ച സംഗീത സംവിധായകനുള്ള പുരസ്‌കാരം എംജി രാധാകൃഷ്‌ണനെ തേടിയെത്തിയിരുന്നു.പ്രണയവും വിരഹവും ദുഃഖവും ആനന്ദവും സന്തോഷവുമെല്ലാം എംജി രാധാകൃഷ്‌ണന്‍റെ ഈണങ്ങളില്‍ കടന്നുവരാറുണ്ട്. സംഗീതം കൊണ്ട് വിസ്‌മയം സൃഷ്‌ടിച്ച അതുല്യ കലാകാരന്‍റെ ഓർമകള്‍ മുന്നില്‍ പ്രണാമം.

Be the first to comment

Leave a Reply

Your email address will not be published.


*