
കൊച്ചി: കൊച്ചി കളമശ്ശേരിയില്‍ അഞ്ച് കുട്ടികള്‍ക്ക് മസ്തിഷ്‌ക ജ്വരം(സെറിബ്രല്‍ മെനഞ്ചൈറ്റിസ്). സ്വകാര്യ സ്‌കൂളിലെ ഏഴുവയസ്സും എട്ടുവയസ്സുമുള്ള വിദ്യാര്‍ഥികളാണ് ആശുപത്രിയില്‍ ചികിത്സതേടിയത്. സമാന രോഗലക്ഷണങ്ങളോടുകൂടി ഇതേ സ്‌കൂളിലെ മൂന്ന് വിദ്യാര്‍ഥികളും ചികിത്സയിലുണ്ട്. എല്ലാവരുടെയും ആരോഗ്യനില തൃപ്തികരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.
കടുത്ത തലവേദനയെയും ഛര്‍ദ്ദിയേയും തുടര്‍ന്നാണ് കുട്ടികള്‍ രണ്ട് സ്വകാര്യ ആശുപത്രികളിലായി ചികിത്സ തേടിയത്. പ്രാഥമിക പരിശോധനയിലാണ് മസ്തിഷ്‌ക ജ്വരമാണെന്ന സംശയം ഉയര്‍ന്നത്. എന്നാല്‍, സ്ഥിരീകരണം ഉണ്ടായിട്ടില്ല. രണ്ട് കുട്ടികളെ ഐസിയുവിലാണ് പ്രവേശിപ്പിച്ചിരിക്കുന്നത്. എന്നാല്‍, ആരോഗ്യനിലയില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നാണ് ആശുപത്രി അധികൃതര്‍ നല്‍കുന്ന വിവരം.
രോഗബാധയെ തുടര്‍ന്ന് സ്‌കൂളിലെ പ്രൈമറിതല പരീക്ഷ മാറ്റിവെച്ചു. രോഗലക്ഷണങ്ങള്‍ പ്രകടിപ്പിക്കുന്ന കുട്ടികളെ വീട്ടിലിരുത്തണമെന്നും രക്ഷിതാക്കള്‍ക്ക് നിര്‍ദേശം നല്‍കി. കുട്ടികള്‍ക്ക് രോഗം സ്ഥിരീകരിച്ചിട്ടില്ലെന്നും നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആശാദേവി അറിയിച്ചു. അസുഖബാധിതരായ കുട്ടികളോട് സമ്പര്‍ക്കം പുലര്‍ത്തിയവര്‍ ജാഗ്രത പാലിക്കണമെന്നും മാസ്‌ക് അടക്കമുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കണമെന്നും ഡിഎംഒ അറിയിച്ചു.
Be the first to comment