എന്തുകൊണ്ട് 2 മാസമായിട്ടും ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്‌തില്ല? തിരഞ്ഞെടുപ്പ് വരാൻ കാത്തുവെച്ചതാണോ; മന്ത്രി കെ രാജൻ

ഓരോ പഞ്ചായത്തിലും റവന്യൂ വകുപ്പ് നൽകിയ അരിയുടെ കണക്കുകൾ ഉണ്ടെന്ന് മന്ത്രി കെ രാജൻ. റവന്യൂ വകുപ്പ് വിതരണം ചെയ്ത അരിയിൽ യാതൊരു പ്രശ്നവും ഉണ്ടായിട്ടില്ല. മേപ്പാടിക്കൊപ്പം അരി വിതരണം ചെയ്ത മറ്റു പഞ്ചായത്തുകളിൽ ഒരു പ്രശ്നവുമില്ല. 2 മാസം മുമ്പ് കിട്ടിയ ഭക്ഷ്യ വസ്തുക്കളിലാണ് പ്രശ്‌നമെന്നാണ് പുതിയ വാദം, എന്തുകൊണ്ട് രണ്ട് മാസമായിട്ടും ഈ ഭക്ഷ്യ വസ്തുക്കൾ വിതരണം ചെയ്തില്ല? തിരഞ്ഞെടുപ്പ് വരാൻ കാത്തുവെച്ചതാണോവെന്നും മന്ത്രി ചോദിച്ചു.

‘ഇത് മോശമാണ്. സെപ്റ്റംബറിൽ നൽകിയ ഭക്ഷ്യ വസ്തുക്കൾ മറ്റിടങ്ങളിൽ വിതരണം ചെയ്ത് കഴിഞ്ഞിട്ടുണ്ട്. പ്രിയങ്കയുടെയും രാഹുലിന്റെയും മുഖം പതിപ്പിച്ച കിറ്റുകൾ എങ്ങനെ വന്നു.മേപ്പാടി ദുരന്ത ബാധിതരെ ഇനിയും രാഷ്ട്രീയ നേട്ടത്തിനായി ഉപയോഗിക്കരുത്.ഏതെങ്കിലും ഏജൻസികൾ നൽകിയ ഭക്ഷ്യ വസ്തുക്കൾ ആണെങ്കിൽ എന്ത് കൊണ്ട് ഇതുവരെയും വിതരണം ചെയ്തില്ല.തിരഞ്ഞെടുപ്പ് കഴിഞ്ഞാൽ ഈ വിവാദം കെട്ടടങ്ങുമെന്നാണ് കരുതുന്നത്.വിഷയത്തിൽ ഡിഎംഒയോട് കളക്ടർ വിശദീകരണം തേടിയിട്ടുണ്ട്’ മന്ത്രി വ്യക്തമാക്കി.

അതേസമയം, മേപ്പാടി ,മുണ്ടക്കൈ ദുരിതബാധിതർക്ക് പുഴുവരിച്ച ഭക്ഷ്യകിറ്റ് വിതരണം ചെയ്ത സംഭവം ട്വന്റിഫോർ പുറത്ത് വിട്ടതിന് പിന്നാലെയാണ് വിജിലൻസ് അന്വേഷണത്തിന് മുഖ്യമന്ത്രി ഉത്തരവിട്ടിരിക്കുന്നത്. പഞ്ചായത്ത് വിതരണം ചെയ്തത് പഴയ സ്റ്റോക്ക് ആണോ, ലഭ്യമായ ഭക്ഷ്യധാന്യങ്ങൾ ഏതെങ്കിലും തരത്തിൽ മാറ്റിയോ എന്നിങ്ങനെയുള്ള കാര്യങ്ങൾ അന്വേഷണ വിധേയമാക്കും. ഇത് സംബന്ധിച്ച് പ്രാഥമിക അന്വേഷണം നടത്തി.

ഇപ്പോൾ നടന്ന സംഭവം ആശ്ചര്യകരമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. പാവപ്പെട്ടവരെ സഹായിക്കലാണോ, എന്തെങ്കിലും ചെയ്യുന്നു എന്ന് വരുത്തി തീർത്ത് അതിന്റെ മേന്മ നേടുന്നതിനാണോ ശ്രമിക്കുന്നതെന്ന് മേപ്പാടി പഞ്ചായത്തിനെ കുറ്റപ്പെടുത്തി മുഖ്യമന്ത്രി ചോദിച്ചു.

ഒട്ടേറെ ദുരന്തങ്ങൾ ഏറ്റുവാങ്ങേണ്ടി വന്ന നാടാണ് കേരളം. ഒരു ദുരന്തം വരുമ്പോൾ ദുരദത്തിന് മറ്റൊന്നും തടസ്സമായി നിന്നു കൂടാ. ആ ഒരു വികാരത്തോടെയാണ് ഐക്യബോധത്തോടെയാണ് നാടും ജനങ്ങളും പ്രതികരിച്ചത്. മുണ്ടെകൈ ദുരന്തം വന്നപ്പോൾ എല്ലാവരും ഒന്നിച്ചു നിന്നു. അവരെ സഹായിക്കാൻ ഉദാരമദികൾ രംഗത്തുവന്നു. അന്ന് സർക്കാർ ഒരു മുന്നറിയിപ്പ് നൽകിയിരുന്നു. വസ്ത്രങ്ങൾ അയക്കുമ്പോൾ ഉപയോഗിച്ച് പഴയ വസ്ത്രങ്ങൾ ആരും അയക്കേണ്ടതില്ല എന്ന് അന്നു പറഞ്ഞു. അത് ആ മനുഷ്യരോടുള്ള കരുതലിന്റെ പുറത്താണ് പറഞ്ഞത്. നാം ഉപയോഗിച്ച് ഉപേക്ഷിച്ച വസ്ത്രം ധരിക്കേണ്ടവരല്ല അവർ.അവർക്ക് മാന്യമായ വസ്ത്രധാരണത്തിനുള്ള അവസ്ഥ ഉണ്ടാകണം. ഉപയോഗിച്ച വസ്ത്രങ്ങൾ അയക്കരുത് എന്ന് അന്ന് പറഞ്ഞത് അതുകൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.

Be the first to comment

Leave a Reply

Your email address will not be published.


*