പെയ്തത് കനത്ത മഴ, തിങ്കളാഴ്ചയും ദുരന്തഭൂമിയ്ക്ക് സമീപത്ത് മണ്ണിടിഞ്ഞു, തിരിച്ചറിയാന്‍ കഴിയാതെ മൃതദേഹങ്ങള്‍

മേപ്പാടിയില്‍ തിങ്കളാഴ്ച പെയ്തത് 202 മില്ലിമീറ്റര്‍ മഴ. മേപ്പാടിയിലെ വെള്ളരിമല വില്ലേജിലാണ് സംസ്ഥാനത്ത് ഏറ്റവും കൂടുതല്‍ മഴ രേഖപ്പെടുത്തിയത്. കള്ളാടി, പുത്തുമല എന്നിവിടങ്ങളില്‍ 200 മില്ലി മീറ്ററിലധികം മഴയാണ് കാലാവസ്ഥാ വകുപ്പ് രേഖപ്പെടുത്തിയത്.

മേലേമുണ്ടക്കൈ പുഞ്ചിരിമുട്ടത്ത് 2019ല്‍ ഉരുള്‍പൊട്ടലുണ്ടായയിടത്ത് തിങ്കളാഴ്ച രാവിലെ വീണ്ടും മണ്ണിടിഞ്ഞിരുന്നിരുന്നു. ഇത് പ്രദേശവാസികള്‍ക്ക് ആശങ്കയുമ്ടാക്കിയിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ട് മണിക്ക് തുടങ്ങിയ മഴ ഇപ്പോഴും ശമിച്ചിട്ടില്ല. തിങ്കളാഴ്ച രാവിലെ മുതല്‍ ചൂരല്‍പ്പുഴയില്‍ അതിശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായിരുന്നതായി പ്രദേശവാസികള്‍ പറയുന്നു.

രാവിലെ മുതല്‍ മേലേ മുണ്ടക്കൈയില്‍ നിന്ന് ശക്തമായ മലവെള്ളപ്പാച്ചിലുമുണ്ടായിരുന്നു. നാട്ടുകാര്‍ തന്നെ ഇടപെട്ട് പ്രദേശത്തെ പലരേയും മാറ്റി പാര്‍പ്പിച്ചിരുന്നു. ചിലര്‍ ദുരന്തം മുന്നില്‍ കണ്ട് മറ്റിടങ്ങളിലേക്ക് മാറി. എന്നാല്‍ മറ്റ് പലരും വീടുകളില്‍ തന്നെ തുടര്‍ന്നിരുന്നതായാണ് പ്രദേശവാസിയായ പ്രസാദ് പറയുന്നു. 2019ല്‍ ഉരുള്‍ ഉണ്ടായയിടത്ത് വീണ്ടും മണ്ണിടിഞ്ഞിട്ടും മലവെള്ളപ്പാച്ചിലുണ്ടായിട്ടും പ്രദേശങ്ങളിലുള്ളയാളുകളെ മാറ്റിപ്പാര്‍പ്പിക്കാന്‍ ജില്ലാ ഭരണകൂടം യാതൊരുവിധ നടപടിയും സ്വീകരിച്ചില്ലെന്നും ഇദ്ദേഹം പറയുന്നു.

ജില്ലാ ഭരണകൂടം വീടുകളില്‍ നിന്ന് മാറിത്താമസിക്കണമെന്ന നിര്‍ദ്ദേശം നല്‍കിയതല്ലാതെ മാറ്റാനുള്ള യാതൊരുവിധ നടപടികളും സ്വീകരിച്ചിരുന്നില്ല എന്ന് തിങ്കളാഴ്ച തന്നെ നാട്ടുകാര്‍ പരാതി ഉന്നയിച്ചിരുന്നു. അങ്ങനെ മാറ്റിപ്പാര്‍പ്പിച്ചിരുന്നുവെങ്കില്‍ അപകടത്തിന്റെ വ്യാപ്തി ഇത്രത്തോളം ഉയരില്ല എന്ന് പ്രസാദ് പറയുന്നു.

അട്ടമല, ചൂരല്‍മല അടങ്ങുന്ന മേപ്പാടി പ്രദേശത്തെ മുഴുവന്‍ ബാധിച്ചുകൊണ്ടാണ് ഇപ്പോള്‍ ഉരുള്‍പൊട്ടല്‍ ഉണ്ടായിരിക്കുന്നത്. പുത്തുമലയേക്കാള്‍ വളരെ വ്യാപ്തിയുളള അപകടമായി മാറി ഇത്. ഇതിനകം 56 പേരാണ് മരിച്ചതായി സ്ഥിരീകരിച്ചത്. പല മൃതദേഹങ്ങളും തിരിച്ചറിയാൻ കഴിയാത്ത അവസ്ഥയിലാണ്. പടം നോക്കി പോലും തിരിച്ചറിയാൻ പറ്റില്ലെന്നും നാട്ടുകാർ പറഞ്ഞു.

തകർന്നു വീണ വീടുകളിൽ ഇപ്പോഴും ആളുകൾ അകപ്പെട്ടു കിടക്കുന്നതായാണ് രക്ഷാപ്രവർത്തകർ പറയുന്നത്. ഉരുള്‍പൊട്ടിയിട്ട് 11 മണിക്കൂറുകള്‍ കഴിഞ്ഞാണ് രക്ഷാപ്രവര്‍ത്തകര്‍ക്ക് മുണ്ടക്കെയില്‍ എത്താന്‍ കഴിഞ്ഞത്. പാലം തകര്‍ന്നതിനാല്‍ അതി സാഹസികമായാണ് രക്ഷാപ്രവര്‍ത്തകര്‍ അവിടേക്ക് എത്തിയത്. ഇപ്പോഴും റിസോര്‍ട്ടുകളിലും കുന്നിന്‍ മുകളിലും ആളുകള്‍ രക്ഷാപ്രവര്‍ത്തകരെ കാത്തുനില്‍പ്പാണ്.

Be the first to comment

Leave a Reply

Your email address will not be published.


*