ന്യൂഡല്‍ഹി: സെപ്റ്റംബര്‍ 1 മുതല്‍, ഉപഭോക്താക്കള്‍ക്ക് അവരുടെ മൊബൈല്‍ ഫോണുകളില്‍ ബാങ്കുകള്‍, ധനകാര്യ സ്ഥാപനങ്ങള്‍, ഇ-കൊമേഴ്സ് സ്ഥാപനങ്ങള്‍ എന്നിവയില്‍ നിന്നുള്ള സേവനങ്ങളും ഇടപാട് സന്ദേശങ്ങളും സ്വീകരിക്കുന്നതില്‍ തടസ്സങ്ങള്‍ നേരിട്ടേക്കാം. സ്പാം, പ്രത്യേകിച്ച് ഫിഷിങ് പോലുള്ള തട്ടിപ്പ് ശ്രമങ്ങള്‍ കുറയ്ക്കാന്‍ ലക്ഷ്യമിട്ട് ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ കൊണ്ടുവന്ന വ്യവസ്ഥയാണ് ഇതിന് കാരണം.
വൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടാത്ത യുആര്‍എല്‍, ഒടിടി ലിങ്കുകള്‍, ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ പാക്കേജുകള്‍ (apks) , കോള്‍ ബാക്ക് നമ്പറുകള്‍ എന്നിവ അടങ്ങുന്ന സന്ദേശങ്ങള്‍ അയയ്ക്കുന്നത് സെപ്റ്റംബര്‍ 1 മുതല്‍ നിര്‍ത്താനാണ് ട്രായ് ടെലികോം കമ്പനികള്‍ക്ക് നിര്‍ദേശം നല്‍കിയത്. അതായത് ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും അവരുടെ സന്ദേശ ടെംപ്ലേറ്റുകളും ഉള്ളടക്കവും ഓഗസ്റ്റ് 31നകം ടെലികോം ഓപ്പറേറ്റര്‍മാരുമായി രജിസ്റ്റര്‍ ചെയ്യണം. ഇത്തരത്തില്‍ സന്ദേശങ്ങള്‍ രജിസ്റ്റര്‍ ചെയ്തതിന് ശേഷം മാത്രമേ ഉപഭോക്താവിന് അയക്കാന്‍ സാധിക്കുകയുള്ളൂ. സെപ്റ്റംബര്‍ ഒന്നുമുതല്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്യാത്ത സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യാനാണ് ടെലികോം കമ്പനികളോട് ട്രായ് നിര്‍ദേശിച്ചിരിക്കുന്നത്.
നിലവില്‍, ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും അവരുടെ തലക്കെട്ടുകളും ടെംപ്ലേറ്റുകളും ടെലികോം കമ്പനികളുമായി രജിസ്റ്റര്‍ ചെയ്യുന്നുണ്ട്. പക്ഷേ സന്ദേശങ്ങളുടെ ഉള്ളടക്കം രജിസ്റ്റര്‍ ചെയ്യുന്നില്ല. അതായത് കൈമാറ്റം ചെയ്യപ്പെട്ട സന്ദേശങ്ങളുടെ ഉള്ളടക്കം ടെലികോം കമ്പനികള്‍ പരിശോധിക്കുന്നില്ല എന്ന്് അര്‍ത്ഥം. ഇതിലാണ് മാറ്റം വരുന്നത്. അടുത്ത മാസം മുതല്‍, ടെലികോം കമ്പനികള്‍ വാണിജ്യ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാനും അവരുടെ രേഖകളുമായി പൊരുത്തപ്പെടാത്തവ ബ്ലോക്ക് ചെയ്യാനും ഒരു സംവിധാനം ഒരുക്കണമെന്നാണ് ട്രായിയുടെ നിര്‍ദേശത്തില്‍ പറയുന്നത്.
ഉപഭോക്താക്കള്‍ക്ക് സന്ദേശം അയക്കണമെങ്കില്‍ ടെലികോം കമ്പനികളുടെ വൈറ്റ് ലിസ്റ്റില്‍ ഉള്‍പ്പെടണം. ഇതിനായി ബാങ്കുകളും ധനകാര്യ സ്ഥാപനങ്ങളും ഓണ്‍ലൈന്‍ പ്ലാറ്റ്ഫോമുകളും ബന്ധപ്പെട്ട എല്ലാ വിവരങ്ങളും ടെലികോം കമ്പനികള്‍ക്ക് കൈമാറണം. വാണിജ്യ സന്ദേശങ്ങളുടെ ഉള്ളടക്കം വായിക്കാനും രേഖകളുമായി പൊരുത്തപ്പെടാത്തവ ബ്ലോക്ക് ചെയ്യാനും ഒരുക്കുന്ന സംവിധാനം ഉപയോഗിച്ച് ടെലികോം കമ്പനികള്‍ ഇവ പരിശോധിക്കും.
ഉദാഹരണത്തിന്, ഫണ്ട് ഡെബിറ്റ് അല്ലെങ്കില്‍ ക്രെഡിറ്റ് പോലുള്ള ബാങ്കുകളില്‍ നിന്നുള്ള മിക്ക ഇടപാട് സന്ദേശങ്ങളിലും ഒരു കോള്‍-ബാക്ക് നമ്പര്‍ അടങ്ങിയിരിക്കും. ഈ കോള്‍ ബാങ്ക് നമ്പര്‍ വൈറ്റ്ലിസ്റ്റ് ചെയ്തില്ലെങ്കില്‍ അത്തരം സന്ദേശങ്ങള്‍ ബ്ലോക്ക് ചെയ്യപ്പെടും.
Be the first to comment