മെസിയും പിഎസ്ജിയും വേര്‍പിരിഞ്ഞു; ഔദ്യോഗിക സ്ഥിരീകരണമായി

അര്‍ജന്റീന്‍ ഫുട്‌ബോള്‍ ഇതിഹാസവും സൂപ്പര്‍ താരവുമായ ലയണല്‍ മെസിയും ഫ്രഞ്ച് ക്ലബ് പാരീസ് സെന്റ് ജര്‍മെയ്‌നും വേര്‍പിരിയുമെന്നതിന് ഔദ്യോഗിക സ്ഥിരീകരണം. ഞായറാഴ്ച നടക്കുന്ന ഫ്രഞ്ച് ലീഗിലെ അവസാന ലീഗ് മത്സരത്തിനു ശേഷം മെസി പി എസ് ജി വിടുമെന്ന് വ്യക്തമാക്കി കോച്ച് ക്രിസ്റ്റഫര്‍ ഗാള്‍ട്ടിയര്‍.

ഞായറാഴ്ച ക്ലെര്‍മോണ്ട് ഫുട്ടിനെതിരേയാണ് പിഎസ്ജിയുടെ അവസാന മത്സരം. നേരത്തെ തന്നെ ലീഗ് കിരീടം ഉറപ്പിച്ച പിഎസ്ജി ജയത്തോടെ സീസണിന് അന്ത്യം കുറിക്കാനാണ് ലക്ഷ്യമിടുന്നത. ഇതിനിടെയാണ് മെസിയും ക്ലബും തമ്മിലുള്ള കരാര്‍ അവസാനിച്ചതായി വ്യക്തമാക്കി ഗാള്‍ട്ടിയര്‍ രംഗത്തുവന്നത്.

”ലോക ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരത്തെ പരിശീലിപ്പിക്കാനായി എന്നത് അഭിമാനം പകരുന്ന കാര്യമാണ്. ക്ലെര്‍മോണ്ടിനെതിരായ മത്സരം പാര്‍ക്ക് ഡെ പ്രിന്‍സസില്‍ പി്എസ്ജി ജഴ്‌സിയില്‍ മെസിയുടെ അവസാന മത്സരമായിരിക്കും. അദ്ദേഹത്തിന് ഊഷ്മളമായ യാത്രയയപ്പായിരിക്കും അന്ന് ലലഭിക്കുകയെന്ന് പ്രതീക്ഷിക്കുന്നു” ഗാള്‍ട്ടിയര്‍ പറഞ്ഞു.

ഈ സീസണിനു ശേഷം പിഎസ്ജിയുമായി മെസി കരാര്‍ പുതുക്കില്ലെന്ന് നേരത്തെ താരത്തിന്റെ പിതാവ് ഹോര്‍ഗെ മെസി പറഞ്ഞിരുന്നു. അതിന് ഇപ്പോള്‍ ഔദ്യോഗിക സ്ഥിരീകരണമായിരിക്കുകയാണ്. 2021-ലാണ് സ്പാനിഷ് ക്ലബ് ബാഴ്‌സലോണയില്‍ നിന്ന് ഫ്രഞ്ച് ക്ലബില്‍ എത്തുന്നത്.

പിഎസ്ജിക്കു വേണ്ടി ഇതുവരെ 74 മത്സരങ്ങളിലാണ് താരം ബൂട്ട് കെട്ടിയത്. 32 ഗോളുകളും 35 അസിസ്റ്റുകളും സ്വന്തം പേരില്‍ കുറിച്ച താരം രണ്ട് ലീഗ് കിരീട നേട്ടങ്ങളിലും പങ്കാളിയായി. ഈ സീസണില്‍ 40 മത്സരങ്ങളില്‍ കളിച്ച മെസി 21 ഗോളുകളും 20 അസിസ്റ്റുകളും കുറിച്ചിട്ടുണ്ട്.

പിഎസ്ജി വിടുന്ന താരം ഏതു ക്ലബിലേക്കാകും പോകുകയെന്നതു സംബന്ധിച്ച് അഭ്യൂഹങ്ങള്‍ നിലനില്‍ക്കുകയാണ്. ഫുട്‌ബോള്‍ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ തുക വാഗ്ദാനം ചെയ്ത് സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാല്‍ താരത്തിനു പിന്നാലെയുണ്ട്. രണ്ടു വര്‍ഷത്തെ കരാറിന് ഒരു ബില്യണ്‍ പൗണ്ടാണ് അല്‍ ഹിലാല്‍ വാഗ്ദാനം ചെയ്യുന്നത്.

Be the first to comment

Leave a Reply

Your email address will not be published.


*