ഓഗ്മെന്റഡ് റിയാലിറ്റി, വെർച്വൽ റിയാലിറ്റി രംഗത്ത് വൻ നിക്ഷേപം തുടരുകയാണ് മെറ്റ. ഇനിയും പച്ചപിടിച്ചിട്ടില്ലാത്ത ഈ സാങ്കേതിക വിദ്യാ മേഖലയിൽ നിക്ഷേപം നടത്തി കോടികളുടെ നഷ്ടമാണ് കഴിഞ്ഞ കുറച്ചുകാലമായി മെറ്റയ്ക്കുണ്ടാവുന്നത്. ഇത്തവണയും മറിച്ചല്ല. കഴിഞ്ഞ ത്രൈമാസ കണക്കുകളനുസരിച്ച് മെറ്റയുടെ എആർ/വിആർ റിയാലിറ്റി ലാബ്സിൽ 385 കോടി ഡോളറിൻ്റെ നഷ്ടമാണ് കമ്പനിയ്ക്കുണ്ടായത്.
2022 ജൂൺ മുതൽ മാസം 100 കോടിയിലേറെ ഡോളർ എന്ന നിലയിലാണ് കമ്പനിക്ക് സാമ്പത്തിക നഷ്ടമുണ്ടായിക്കൊണ്ടിരിക്കുന്നതെന്ന് ഗെയിംസ് ഇൻഡസ്ട്രി. ബിസ് വെബ്സൈറ്റ് റിപ്പോർട്ട് ചെയ്യുന്നു.
വിആർ രംഗത്തെ വികസനപ്രവർത്തനങ്ങൾ തുടർച്ചയായി നടക്കുന്നതിനാലും അടിസ്ഥാന സൗകര്യ വികസനത്തിലുള്ള നിക്ഷേപങ്ങളും കാരണം വർഷം തോറുമുള്ള നഷ്ടം ഇനിയും വർധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് കമ്പനി പറയുന്നു. വർഷം തോറും ഈ പ്രവർത്തന നഷ്ടം അർത്ഥപൂർണമായി വർധിക്കുമെന്ന് തന്നെയാണ് പ്രതീക്ഷയെന്ന് മെറ്റ സിഎഫ്ഒ സൂസൻ ലി പറഞ്ഞു.
ഈ സാമ്പത്തികവർഷം ആദ്യ പാദത്തിൽ 44 കോടി ഡോളറിൻ്റെ വരുമാനമാണ് മെറ്റയ്ക്കുണ്ടായത്. എന്നാൽ 385 കോടി ഡോളറിൻ്റെ നഷ്ടം രേഖപ്പെടുത്തി. അതേസമയം, 2023 ലെ എക്സ്റ്റൻഡഡ് റിയാലിറ്റി ഹെഡ്സെറ്റ് വിപണിയിൽ 59 ശതമാനമാണ് മെറ്റയുടെ വിപണി വിഹിതം. ക്വസ്റ്റ് 2 ൻ്റെ വില കുറച്ച് കൂടുതൽ ഉപഭോക്താക്കളെ ആകർഷിക്കാനും കമ്പനി ശ്രമിക്കുന്നുണ്ട്.
Be the first to comment