2024ലെ കാലവർഷം പ്രവചിച്ച് കേന്ദ്ര കാലാവസ്ഥ വകുപ്പ്; ഈ വർഷം കൂടുതൽ മഴ ലഭിക്കും

തിരുവനന്തപുരം: കേരളത്തിലെ ഈ വർഷത്തെ കാലവർഷം പ്രവചിച്ച് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. കേരളത്തിൽ ഇത്തവണ ജൂൺ മുതൽ സെപ്റ്റംബർ വരെയുള്ള കാലവർഷത്തിൽ സാധാരണയിൽ കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ ആദ്യ ഘട്ട പ്രവചനം.

2018.6 mm മഴയാണ് സാധാരണയായി ഈ സീസണിൽ കേരളത്തിൽ ലഭിക്കേണ്ടത്. എന്നാൽ കഴിഞ്ഞ വർഷം 1327 mm മാത്രമായിരുന്നു മഴ ലഭിച്ചത്. ഇത് മുൻ വർഷങ്ങളിൽ വെച്ച് 34 ശതമാനത്തോളം മഴ കുറവായിരുന്നു. രാജ്യത്ത് പെതുവേ സാധാരണയിൽ കൂടുതൽ മഴ ലഭിക്കുമെന്ന് തന്നെയാണ് സൂചന. നിലവിലെ എൽനിനോ കാലവർഷം ആരംഭത്തോടെ ദുർബലമായി ന്യൂട്രൽ സ്ഥിതിയിലേക്കും രണ്ടാം ഘട്ടത്തോടെ ‘ലാനിന’ യിലേക്കും മാറാൻ സാധ്യത ഉണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

നിലവിൽ ന്യൂട്രൽ സ്ഥിതിയിൽ തുടരുന്ന ഇന്ത്യ ഓഷ്യൻ ഡൈപോൾ കാലവർഷത്തിന്റെ രണ്ടാം ഘട്ടത്തിൽ പോസിറ്റീവ് ഫേസിലേക്ക് വരുന്നതും കാലവർഷത്തിന് അനുകൂലമാകാനാണ് സാധ്യത. പൊതുവിൽ പസഫിക്ക്, ഇന്ത്യൻ മഹാസമുദ്രത്തിൽ നിന്നുള്ള സിഗ്നലുകൾ ഇത്തവണ കാലവർഷത്തിന് അനുകൂല സൂചനകളാണ് നൽകുന്നത്.

 

Be the first to comment

Leave a Reply

Your email address will not be published.


*