കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3 ഡിഎസ് ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചു

ഇന്ത്യയുടെ ഏറ്റവും പുതിയ കാലാവസ്ഥാ നിരീക്ഷണ ഉപഗ്രഹമായ ഇന്‍സാറ്റ്-3 ഡിഎസ്  ഭൂമിയുടെ ചിത്രങ്ങൾ പകർത്താൻ ആരംഭിച്ചു. ഉപഗ്രഹം ആദ്യമായി പകര്‍ത്തിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ഉപഗ്രഹത്തിലെ കാലാവസ്ഥ പേലോഡുകളായ 6-ചാനല്‍ ഇമേജറും 19-ചാനല്‍ സൗണ്ടറും മാര്‍ച്ച് ഏഴിന് പകര്‍ത്തിയ ചിത്രങ്ങളാണ് ഇവ. കര്‍ണാടക ഹാസനിലെ ഐഎസ്ആര്‍ഒയുടെ മാസ്റ്റര്‍ കണ്‍ട്രോള്‍ ഫെസിലിറ്റിയാണ് ചിത്രങ്ങള്‍ പ്രോസസ് ചെയ്ത് പുറത്തുവിട്ടത്. ഫെബ്രുവരി 17-നാണ് ഇന്‍സാറ്റ്-3ഡിഎസ് ഉപഗ്രഹം വിക്ഷേപിച്ചത്.

ഘട്ടംഘട്ടമായി ഭ്രമണപഥമുയര്‍ത്തി ഉപഗ്രഹത്തെ ഫെബ്രുവരി 28-ന് നിര്‍ദിഷ്ട ഭൂസ്ഥിര സ്ലോട്ടില്‍ എത്തിക്കുകയും തുടര്‍ന്ന് ഇന്‍ ഓര്‍ബിറ്റ് ടെസ്റ്റിങ്ങിനു വിധേയമാക്കുകയും ചെയ്തു. ഉപഗ്രഹത്തിൻ്റെ ആശയവിനിമയ സംവിധാനം പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കുന്നതിനായുള്ള വിപുലമായ ഈ പരിശോധന ഫെബ്രുവരി 29നും മാര്‍ച്ച് മൂന്നിനുമിടയിലാണ് നടത്തിയത്. മാര്‍ച്ച് ഏഴിനാണ് ഇമേജര്‍, സൗണ്ടര്‍ പേലോഡുകളുടെ പ്രവര്‍ത്തനം ആദ്യമായി പരിശോധിച്ചത്. നാമമാത്രമായ തോതിലായിരുന്നു പരിശോധന.

കാലാവസ്ഥാ നിരീക്ഷണം, കാലാവസ്ഥാ പ്രവചനം, അന്തരീക്ഷ ഗവേഷണം എന്നിവയില്‍ നിര്‍ണായക വിവരങ്ങള്‍ നല്‍കാനുള്ള ഉപഗ്രഹത്തിൻ്റെ സന്നദ്ധതയാണ് ഭൂമിയുടെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിൻ്റെ വിജയകരമായ തുടക്കം തെളിയിക്കുന്നതെന്ന് ഐഎസ്ആര്‍ഒ അറിയിച്ചു.

Be the first to comment

Leave a Reply

Your email address will not be published.


*