ലാ നിന പ്രതിഭാസം മൂലം കേരളത്തിലുള്‍പ്പെടെ ഇത്തവണ മഴ കനക്കുമെന്നാണ് കാലാവസ്ഥാ വിദഗ്ധരുടെ പ്രവചനം ‘ലാ നിന’ അങ്ങേയറ്റം വിനാശകാരിയാണ്. ഇത് മഴയ്ക്കും കൊടുങ്കാറ്റിനും കാരണമാകും. സ്പാനിഷ് ഭാഷയില്‍ ലാ നിന എന്നാല്‍ ‘ചെറിയ പെണ്‍കുട്ടി’ എന്നും എല്‍ നിനോ എന്നാല്‍ ‘ചെറിയ ആണ്‍കുട്ടി’ എന്നുമാണ് അര്‍ത്ഥം.ലോകത്തെ ഒരു പ്രദേശത്തെ സമുദ്രജലത്തിന്റെ ചൂടും തണുപ്പും ആഗോള താപനിലയെ തന്നെ ബാധിക്കുമോ? ബാധിക്കും എന്നാണ് ഉത്തരം.
സാധാരണ സമുദ്രാവസ്ഥയില്‍, ട്രേഡ് വിന്‍ഡ് അഥവാ വാണിജ്യവാതം തെക്കേ അമേരിക്കയില്‍ നിന്ന് ഏഷ്യയിലേക്ക് ഭൂമധ്യരേഖയിലൂടെ പടിഞ്ഞാറേയ്ക്കാണ് സഞ്ചരിക്കുന്നത്. സമുദ്രത്തിനു മുകളിലൂടെയുള്ള കാറ്റിന്റെ ചലനം അപ് വെല്ലിങ് എന്നറിയപ്പെടുന്ന പ്രതിഭാസത്തിന് കാരണമാകുന്നു. സമുദ്രോപരിതലത്തിന് താഴെയുള്ള തണുത്ത ജലം ഉയര്‍ന്നുപൊങ്ങി ചൂടുള്ള ഉപരിതല ജലത്തെ മാറ്റിസ്ഥാപിക്കുന്നതാണ് അപ്‌വെല്ലിങ്. അപ്‌വെല്ലിങ് ഉണ്ടാകാത്ത സന്ദര്‍ഭത്തില്‍, പസഫിക് സമുദ്രത്തിന്റെ ഉപരിതലത്തില്‍ സാധാരണയേക്കാള്‍ ചൂട് കൂടും.
ഇത് എല്‍ നിനോയിലേക്ക് നയിക്കും. ഇന്ത്യയില്‍ അത് കുറഞ്ഞ മഴയ്ക്കും ഉയര്‍ന്ന താപനിലയ്ക്കും വരള്‍ച്ചയ്ക്കുമിടയാക്കുന്നു. ലാ നിന സമയത്ത്, ശക്തമായ വാണിജ്യവാതങ്ങള്‍ ചൂടുജലത്തെ ഏഷ്യയിലേക്ക് തള്ളുന്നു. ഇത് മഴ വര്‍ധിക്കാന്‍ ഇടയാക്കും. കഴിഞ്ഞ വര്‍ഷം ജൂണില്‍ ആരംഭിച്ച എല്‍ നിനോ നിലവില്‍ ദുര്‍ബലമാണ്. ജൂണ്‍ മാസത്തോടെ, ‘എല്‍ നിനോ സതേണ്‍ ഓസിലേഷന്‍’ ഇല്ലാതാകുന്നതുമൂലം ‘ലാ നിന’ സംജാതമാകും. ഇന്ത്യയുടെ കിഴക്ക്, വടക്കുകിഴക്കന്‍ പ്രദേശങ്ങള്‍ ഒഴികെയുള്ള സ്ഥലങ്ങളില്‍ ഓഗസ്റ്റ് മുതല്‍ കനത്ത മഴയ്ക്കും കൊടുങ്കാറ്റിനും അത് കാരണമാകുമെന്നാണ് കാലാവസ്ഥാ ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നത്. കേരളത്തെ കാത്തിരിക്കുന്നത് പെരുമഴയാകാനുള്ള സാധ്യത തള്ളിക്കളയാനാകില്ലെന്നാണ് ലഭിക്കുന്ന സൂചന.
Be the first to comment