എംജിയുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് സ്‌പോർട്‌സ് കാർ: സൈബർസ്റ്റർ ഇന്ത്യയിലെത്തും

ഹൈദരാബാദ്: തങ്ങളുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറായ എംജി സൈബർസ്റ്റർ 2025 ജനുവരിയിൽ ഇന്ത്യയിൽ അവതരിപ്പിക്കുമെന്ന് എംജി മോട്ടോർ. കമ്പനിയുടെ ആദ്യത്തെ ഇലക്ട്രിക് സ്‌പോർട്‌സ് കാറാണ് സൈബർസ്റ്റർ. ഈ വർഷം മാർച്ചിൽ ഇന്ത്യയിൽ കമ്പനി പ്രദർശിപ്പിച്ച മോഡലിന്‍റെ ഇലക്‌ട്രിക് കാറാണ് ഇത്. പ്രീമിയം എംജി സെലക്‌ട് റീട്ടെയിൽ ചാനലിലൂടെയായിരിക്കും ഇന്ത്യയിലെ വിൽപ്പന.

ജനുവരിയിൽ ഭാരത് മൊബിലിറ്റി എക്‌സ്‌പോയിലായിരിക്കും ഈ ഇലക്‌ട്രിക് സ്‌പോർട്‌സ് കാർ അരങ്ങേറ്റം കുറിക്കുക. കുറച്ച് മാസങ്ങൾക്ക് മുമ്പെയാണ് എംജി മോട്ടോർ എംജി സെലക്‌ട് എന്ന പേരിൽ പുതിയ റീട്ടെയിൽ ചാനൽ പ്രഖ്യാപിച്ചത്. എംജിയുടെ പ്രീമിയം ഡീലർഷിപ്പ് വഴി വിൽപ്പനയ്‌ക്കെത്തുന്ന ആദ്യ ഉത്‌പന്നമായിരിക്കും സൈബർസ്റ്റർ. പ്രാരംഭഘട്ടത്തിൽ രാജ്യത്തുടനീളം 12 എക്‌സ്‌പീരിയൻസ് സെൻ്ററുകൾ ആരംഭിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്. പിന്നീട് കൂടുതൽ മെച്ചപ്പെടുത്താനാണ് ജെഎസ്‌ഡബ്ല്യൂ എംജി മോട്ടോറിന്‍റെ പദ്ധതി.

2023ൽ ഇംഗ്ലണ്ടിൽ വെച്ച് നടന്ന ഗുഡ്‌വുഡ് ഫെസ്റ്റിവൽ ഓഫ് സ്‌പീഡിലാണ് സൈബർസ്റ്റർ അവതരിപ്പിക്കുന്നത്. എംജി മോട്ടോറിന്‍റെ 2021ൽ പിറന്ന ആശയമായിരുന്നു സൈബർസ്റ്റർ. 4,533 മില്ലീമീറ്റർ നീളവും 1,912 മില്ലീമീറ്റർ വീതിയും 1,328 മില്ലീമീറ്റർ ഉയരവുമുള്ളതാണ് ഈ മോഡൽ. 2,689 മില്ലീമീറ്ററിന്‍റെ വീൽബേസാണ് നൽകിയിരിക്കുന്നത്. ഈ ഇലക്ട്രിക് സ്‌പോർട്‌സ് കാർ നിരവധി അന്താരാഷ്ട്ര വിപണികളിൽ വിൽപ്പനയ്‌ക്ക് ലഭ്യമാണ്.

സൈബർസ്റ്ററിലെ ബാറ്ററി പാക്കും മോട്ടോറും രണ്ട് ഓപ്ഷനുകളിൽ ലഭ്യമാകും. എൻട്രി ലെവൽ മോഡലിന് സിംഗിൾ റിയർ ആക്‌സിൽ മൗണ്ടഡ് 308 എച്ച്പി മോട്ടോർ ഉണ്ട്. 64kWh ബാറ്ററിയാണ് കാറിൽ ഘടിപ്പിച്ചിട്ടുള്ളത്. പരമാവധി 520 കിലോമീറ്റർ റേഞ്ചുള്ള കാർ എംജിയുടെ ഏറ്റവും വേഗതയേറിയ ഇലക്ട്രിക് കാറാണ്.

റേഞ്ച്-ടോപ്പിങ് സൈബർസ്റ്ററിന് 77kWh ബാറ്ററിയാണ് നൽകിയിരിക്കുന്നത്. 544 എച്ച്‌പി കരുത്തും 725 എൻഎം ടോർക്കും ഉൽപ്പാദിപ്പിക്കുന്ന രണ്ട് ഇലക്ട്രിക് മോട്ടോറുകളും നൽകിയിട്ടുണ്ട്. 580 കിലോമീറ്റർ റേഞ്ചാണ് റേഞ്ച്-ടോപ്പിങ് സൈബർസ്റ്ററിനുള്ളത്. ഏത് എഞ്ചിൻ ഓപ്‌ഷനിലാണ് വാഹനം ഇന്ത്യയിൽ അവതരിപ്പിക്കുകയെന്ന് കമ്പനി വ്യക്തമാക്കിയിട്ടില്ല.

50 ലക്ഷം മുതൽ 60 ലക്ഷം രൂപ വരെയായിരിക്കും സൈബർസ്റ്ററിന്‍റെ എക്‌സ്‌-ഷോറൂം വില. ഇലക്ട്രിക് സ്‌പോർട്‌സ് കാർ ആയതിനാൽ തന്നെ നിലവിൽ സൈബർസ്റ്ററിന് ഇന്ത്യയിൽ നേരിട്ടുള്ള എതിരാളികളൊന്നും തന്നെ ഉണ്ടാകില്ല. എന്നാൽ വിലയുമായി താരതമ്യം ചെയ്യുമ്പോൾ BYD സീൽ, ഹ്യുണ്ടായ് അയോണിക് 5, കിയ EV6 എന്നിവയുമായി ആവും വിപണിയിൽ മത്സരിക്കുക.

 

Be the first to comment

Leave a Reply

Your email address will not be published.


*