എം ജി സർവ്വകലാശാല നാലുവർഷ ബിരുദ പ്രോഗ്രാമുകൾ; പുതിയ സിലബസ് വിദഗ്ധ സമിതികൾ വൈസ് ചാൻസർക്ക് സമർപ്പിച്ചു

കോട്ടയം: മൂന്നുവർഷ ബിരുദ പ്രോഗ്രാമുകൾ നാലു വർഷമാക്കുന്നതിൻ്റെ ഭാഗമായി എം ജി സർവ്വകലാശാല വിദഗ്ധ സമിതികൾ അന്തിമ രൂപം നല്കിയ പുതിയ സിലബസ്‌ വൈസ്‌ ചാൻസലർക്ക്‌ സമർപ്പിച്ചു. ചടങ്ങ് വൈസ് ചാന്‍സലര്‍ സി ടി അരവിന്ദകുമാര്‍ ഉദ്ഘാടനം ചെയ്തു. ഡോ. അഞ്ജന ശങ്കര്‍, ഡോ. ബിജു പുഷ്പന്‍, ഡോ. ആര്‍ അനിത, ഡോ.കെ ഹരികൃഷ്ണന്‍,ഡോ. കെ എം സുധാകരന്‍,രജിസ്ട്രാര്‍ ഡോ. കെ ജയചന്ദ്രന്‍, ഡോ. എസ് ഷാജിലാ ബീവി എന്നിവര്‍ പങ്കെടുത്തു.

മഹാത്മ ഗാന്ധി സർവ്വകലാശാലയിലെ ആർട്‌സ്‌ ആൻഡ്‌ സയൻസ്‌ കോളേജുകളിൽ നാലുവർഷ ബിരുദ പ്രോഗ്രാമുകൾ ആരംഭിക്കാനുള്ള ചട്ടങ്ങൾ തയ്യാറാക്കി കഴിഞ്ഞു. അടുത്ത അധ്യയനവർഷം മുതൽ 54 മൂന്നുവർഷ ബിരുദ പ്രോഗ്രാമുകളാണ് നാലുവർഷമാക്കുന്നത്. നാലുവർഷ പ്രോഗ്രാമുകൾക്ക് മൂന്നുവർഷത്തോടെ കോഴ്സ് പൂർത്തിയാക്കാനും അവസരമുണ്ട്. മൂന്നവർഷം കൊണ്ട് പൂർത്തിയാക്കി പരീക്ഷ ജയിക്കുന്നവർക്ക്‌ ബിരുദ സർട്ടിഫിക്കറ്റ് ലഭിക്കും.എന്നാൽ ഓണേഴ്‌സ്‌ ബിരുദം ലഭിക്കണമെങ്കിൽ നാലുവർഷ കോഴ്‌സ്‌ പൂർത്തിയാക്കണം. മൂന്നുവർഷക്കാലത്ത്‌ മികച്ച ക്രെഡിറ്റ്‌ നേടുന്നവർക്കാണ് നാലാംവർഷം ഓണേഴ്‌സ്‌ വിത്ത്‌ റിസർച്ചിന്‌ അവസരം ലഭിക്കുക. മൂന്നുവർഷം കഴിഞ്ഞ് ബിരുദ സർട്ടിഫിക്കറ്റ് വാങ്ങിയാൽ ഈ അവസരം നഷ്ടമാകും. ഒന്നാം വർഷം പൂർത്തിയാക്കിയാൽ സർട്ടിഫിക്കറ്റും രണ്ടുവർഷം കഴിഞ്ഞാൽ ഡിപ്ലോമയും നൽകുന്ന രീതിയാണ്‌ ദേശീയ വിദ്യാഭ്യാസനയത്തിലുള്ളത്‌. എന്നാൽ, ഇക്കാര്യത്തിൽ യുജിസി അന്തിമ തീരുമാനമെടുത്തിട്ടില്ല. ഇതു സംബന്ധിച്ച് പഠിക്കാൻ യുജിസി വിദഗ്‌ധ സമിതിയെ നിയോഗിച്ചിട്ടുണ്ട്.

177 അക്കാദമിക്‌ ക്രെഡിറ്റ്‌ ആണ്‌ ആകെയുള്ളത്‌. ഓരോവർഷം പൂർത്തിയാക്കുമ്പോൾ നേടിയ ക്രെഡിറ്റിന്റെ സ്‌റ്റേറ്റ്‌മെന്റ്‌ വിദ്യാർഥികൾക്ക്‌ നൽകും. ഒരുവർഷം കഴിഞ്ഞാൽ മറ്റൊരു കോളേജിലേക്കോ സർവകലാശാലയിലേക്കോ പഠനം മാറ്റാൻ വിദ്യാർഥികൾക്ക്‌ സ്വാതന്ത്ര്യമുണ്ട്‌. കോഴ്‌സ്‌ ഇടയ്‌ക്കുവെച്ച്‌ നിർത്തിയാലും വീണ്ടും പുനരാരംഭിക്കാം. പഠിച്ച കാലയളവിലെ ക്രെഡിറ്റ്‌ നിലനിൽക്കും.പ്രോഗ്രാമുകളുടെ വിഷയങ്ങൾ തിരഞ്ഞെടുക്കുന്നതിലും വിദ്യാർത്ഥികൾക്ക് സ്വാതന്ത്ര്യം അനുവദിച്ചിട്ടുണ്ട്‌. സയൻസ്‌ പ്രോഗ്രാമിന്‌ ചേരുന്നവർക്ക്‌ മൈനർ സബ്‌ജെക്ടായി ഏതെങ്കിലും ആർട്‌സ്‌ വിഷയം എടുക്കാം. അതുപോലെ തിരിച്ചും തിരഞ്ഞെടുക്കാം.

Be the first to comment

Leave a Reply

Your email address will not be published.


*