വാഹനങ്ങൾക്ക്‌ വൈദ്യുതി: സാങ്കേതികവിദ്യയുമായി എംജി സർവകലാശാല

അതിരമ്പുഴ: ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തിന്റെ ടയർ റോഡുമായി ചേർന്നുണ്ടാകുന്ന ഘർഷണത്തിൽനിന്ന്‌ ഊർജം ഉൽപാദിപ്പിക്കാനുള്ള സംവിധാനമൊരുക്കി എംജി സർവകലാശാല. നാനോ സയൻസ്‌ ആൻഡ്‌ നാനോ ടെക്‌നോളജി, പോളിമർ സയൻസ്‌, സ്‌കൂൾ ഓഫ്‌ എനർജി എന്നീ വിഭാഗങ്ങളുടെ നേതൃത്വത്തിലാണ്‌ സംവിധാനം വികസിപ്പിച്ചിരിക്കുന്നത്‌. വാഹനത്തിലെ ലൈറ്റുകളും മറ്റും പ്രവർത്തിക്കാനാവശ്യമായ വൈദ്യുതി ടയറിൽനിന്ന്‌ ഉൽപ്പാദിപ്പിക്കാൻ കഴിയും. വാഹനങ്ങളുടെ ലോകത്ത്‌ പുതിയൊരു വിപ്ലവം സൃഷ്ടിക്കുന്ന കണ്ടെത്തലാണിതെന്ന്‌ സർവകലാശാല അവകാശപ്പെടുന്നു.

ടയർ സൃഷ്ടിക്കുന്ന ഘർഷണത്തിൽ നിന്ന്‌ ട്രൈബോ ഇലക്‌ട്രിസിറ്റി ഉൽപ്പാദിപ്പിക്കാൻ പുതിയൊരു പോളിമർ പാളി നിർമിച്ചെടുക്കുകയാണ്‌ എംജി സർവകലാശാല. റബർ ടയറുകൾ ഊർജസ്രോതസായി മാറുന്ന ഈ സാങ്കേതികവിദ്യ കൈമാറാൻ അപ്പോളോ ടയേഴ്‌സുമായി എംജി സർവകലാശാല കരാറായിട്ടുണ്ട്‌. ലാബിൽ ഇതിന്റെ പ്രായോഗികവശങ്ങൾ ടയർ കമ്പനിയെ കാണിച്ച്‌ ബോധ്യപ്പെടുത്തുകയും കമ്പനി വ്യാവസായികാടിസ്ഥാനത്തിൽ ഉൽപ്പാദിപ്പിക്കാനുമാണ്‌ ലക്ഷ്യമിടുന്നത്‌.

എംജി സർവകലാശാല മുൻ വിസി ഡോ. സാബു തോമസിന്റെ നേതൃത്വത്തിൽ സ്‌കൂൾ ഓഫ്‌ പ്യുവർ ആൻഡ്‌ അപ്ലൈഡ്‌ ഫിസിക്‌സിലെ ഡോ. നന്ദകുമാർ കളരിക്കൽ, കെമിക്കൽ സയൻസിലെ ഡോ. എം എസ്‌ ശ്രീകല, നാനോ സയൻസ്‌ ആൻഡ്‌ നാനോ ടെക്‌നോളജിയിലെ ഡോ. കെ പ്രമോദ്‌, കെമിസ്‌ട്രിയിലെ ഗവേഷകവിദ്യാർഥി വി അഭിജിത്ത്‌ എന്നിവർ ചേർന്നാണ്‌ പ്രോജക്ട്‌ നടപ്പാക്കുന്നത്‌.

Be the first to comment

Leave a Reply

Your email address will not be published.


*