മനുഷ്യ വൃഷണങ്ങളിലും മൈക്രോപ്ലാസ്റ്റിക്; പ്രത്യുല്‍പ്പാദന ആരോഗ്യത്തെ ദോഷകരമായി ബാധിക്കാമെന്ന് ഗവേഷകര്‍

പരിസ്ഥിതിയില്‍ ദീര്‍ഘകാലം നിലനില്‍ക്കുകയും ഗുരുതര പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്നവയാണ് മൈക്രോപ്ലാസ്റ്റിക്. സമുദ്രത്തില്‍വരെ അടുത്തിടെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. മത്സ്യങ്ങള്‍ ഈ പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ അകത്താക്കുന്നതിലൂടെ ഇവയെ ഭക്ഷിക്കുന്ന മനുഷ്യരിലും മൈക്രോപ്ലാസ്റ്റിക് എത്തും. ഗര്‍ഭസ്ഥ ശിശുക്കളുടെ മസ്തിഷ്‌കം, കുടല്‍, മനുഷ്യരുടെ രക്തസാമ്പിളുകളിലുമൊക്കെ നേരത്തെയുള്ള ഗവേഷണങ്ങളിലൂടെ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മനുഷ്യരുടെ വൃഷണങ്ങളിലും ഈ പ്ലാസ്റ്റിക് അംശം കണ്ടെത്തിയിരിക്കുകയാണ് ഗവേഷകര്‍. ഇതാകട്ടെ പ്രത്യുല്‍പാദന ആരോഗ്യത്തെ സാരമായി ബാധിക്കുമെന്ന മുന്നറിയിപ്പും ഗവേഷകര്‍ നല്‍കിയിട്ടുണ്ട്.

യൂണിവേഴ്‌സിറ്റി ഓഫ് ന്യൂ മെക്‌സിക്കോ(യുഎന്‍എം)യിലെ ഗവേഷകരാണ് മനുഷ്യരുടെയും നായകളുടെയും വൃഷണങ്ങളില്‍ ഭയാനകമായ അളവില്‍ മൈക്രോപ്ലാസ്റ്റിക് കണ്ടെത്തിയിരിക്കുന്നത്. മനുഷ്യ വൃഷണങ്ങളിലെ മൈക്രോപ്ലാസ്റ്റിക്കിന്‌റെ ശരാശരി സാന്ദ്രത ഒരു ഗ്രാമിന് 329.44 മൈക്രോഗ്രാം ടിഷ്യു എന്ന അളവിലായിരുന്നു, ഇതാകട്ടെ നായ്ക്കളില്‍ കണ്ടതിന്‌റെ മൂന്നിരട്ടി അളവിലായിരുന്നുവെന്ന് പഠനത്തിനു നേതൃത്വം നല്‍കിയ എക്‌സിയഹോങ്ക് ജോണ്‍ യു പറയുന്നു. മുന്‍പഠനങ്ങളില്‍ മനുഷ്യരുടെ മറുപിള്ളയില്‍ കണ്ടെത്തിയ അളവുകളെക്കാള്‍ വളരെ ഉയര്‍ന്നതാണിത്.

പ്ലാസ്റ്റിക് ബാഗുകളും ബോട്ടിലുകളും നിര്‍മിക്കാനുപയോഗിക്കുന്ന പോളിഎത്തിലീന്‍ എന്ന പോളിമറാണ് മനുഷ്യരുടെയും നായ്ക്കളുടെയും കലകളില്‍ കൂടുതലായി കണ്ടെത്തിയത്. 23 മനുഷ്യവൃഷണങ്ങളും 47 നായ്ക്കളുടേയുമാണ് പഠനത്തിനായി യുഎന്‍എമ്മിലെ ഗവേഷകര്‍ നിരീക്ഷിച്ചത്. വ്യാവസായികമായി ഉപയോഗിക്കുന്ന പോളിവിനൈല്‍ പോളിമറാണ് നായ്ക്കളുടെ കലകളില്‍ കണ്ടെത്തിയത്. ഇതാകട്ടെ ബീജത്തിന്‌റെ അളവ് കുറയുന്നതിന് കാരണമാകുന്നുണ്ട്. ഈ കണ്ടെത്തലുകള്‍ മെയ് 15ന്‌റെ ടോക്‌സിക്കോളജിക്കല്‍ സയന്‍സസിന്‌റെ ജേണലില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

പ്രതിദിനം ഒരു മനുഷ്യന്‍ 7000 മൈക്രോപ്ലാസ്റ്റിക് കണങ്ങള്‍ അകത്താക്കുന്നുവെന്നാണ് അനുമാനം. പ്ലാസ്റ്റിക്കിനെ കഠിനമാക്കാന്‍ ഉപയോഗിക്കുന്ന ബിപിഎ എന്ന രാസവസ്തുവാണ് മനുഷ്യശരീരത്തിന് അപകടം ഉണ്ടാക്കുന്നത്. മനുഷ്യരുടെ കുടലിലെ ഡിസ്ബയോസിസ് എന്ന ബാക്ടീരിയകളുടെ അസന്തുലിതാവസ്ഥയ്ക്കും മൈക്രോപ്ലാസ്റ്റിക് കാരണമാകുന്നുണ്ട്. അര്‍ബുദം, ഹൃദ്രോഗങ്ങള്‍, അമിതവണ്ണം, കരള്‍ രോഗങ്ങള്‍ എന്നിവയ്ക്കും മൈക്രോപ്ലാസ്റ്റിക് സാന്നിധ്യം കാരണമാകുന്നുണ്ട്. കൂടാതെ ഇവ ശരീരത്തിലെത്തുന്നതുവഴി ചുവന്ന രക്താണുക്കളുടെ ഓക്‌സിജന്‍ വഹിക്കാനുള്ള ശേഷി കുറയ്ക്കുകയും ആന്തരികാവയവങ്ങളുടെ പ്രവര്‍ത്തനത്തെ ദോഷകരമായി ബാധിക്കുകയും ചെയ്യും.

Be the first to comment

Leave a Reply

Your email address will not be published.


*