കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സൈനികതല ചർച്ച; ഇന്ത്യയുടെ പ്രധാന ആവശ്യം തള്ളി ചൈന

കിഴക്കൻ ലഡാക്ക് അതിർത്തിയിലെ സംഘർഷ മേഖലകളിൽ സമാധാനം കൊണ്ടുവരാൻ നടത്തിയ കമാൻഡർതല ചർച്ചയിലെ ഇന്ത്യയുടെ പ്രധാന ആവശ്യം തള്ളി ചൈന. തന്ത്രപ്രധാനമായ ദേപ്‌സാങ് പ്ലെയ്ൻസിലെ ഇന്ത്യൻ സൈനികർക്ക് ദൗലത്ത് ബേഗ് ഓൾഡി (ഡിബിഒ), കാരക്കോറം പാസ്, ഡെംചോക്കിന് സമീപമുള്ള ചാർഡിങ് നിങ്ലുങ് ട്രാക്ക് ജംഗ്ഷൻ (സിഎൻഎൻ) എന്നിവിടങ്ങളിൽ പട്രോളിങ് നടത്താനുള്ള അവകാശം പുനഃസ്ഥാപിക്കണമെന്ന ആവശ്യമാണ് ചൈന തള്ളിയത്. ദേപ്സാങ് പ്ലെയിനിലും ഡേംചോക് മേഖലയിലെയും പ്രതിസന്ധികൾ പരിഹരിക്കാൻ ലക്ഷ്യമിട്ടായിരുന്നു നാല് മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ചർച്ച.

കിഴക്കൻ ലഡാക്കിലെ പ്രശ്നപരിഹാരത്തിനായി ഇതുവരെ 19 റൗണ്ട് ചർച്ചയാണ് നടന്നത്. ഓഗസ്റ്റ് 13, 14 തീയതികളിലായാണ് ചർച്ച നടന്നത്. യഥാർഥ നിയന്ത്രണരേഖയിലെ പ്രശ്‌നങ്ങൾ പരിഹരിക്കുന്നതുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നടന്ന ചർച്ചകളെ കുറിച്ച് വിശദീകരിക്കുന്ന സംയുക്ത പ്രസ്താവന കഴിഞ്ഞ ദിവസം പുറത്തിറക്കിയിരുന്നു. മുൻപ് നടന്ന പല ചർച്ചകളെക്കാളും ഫലവത്തായിരുന്നു ഇത്തവണത്തേതെന്നാണ് റിപ്പോർട്ട്. 3,488-കിലോമീറ്റർ യഥാർഥ നിയന്ത്രണ രേഖയിൽ സൈന്യബലം വർധിപ്പിക്കാതിരിക്കാനും ഇരുവിഭാഗങ്ങൾക്കുമിടയിൽ വിശ്വാസം പുനഃസ്ഥാപിക്കുന്നതിനുമുള്ള നടപടികൾ ശക്തിപ്പെടുത്താനും തീരുമാനമായിട്ടുണ്ട്.

2020 മേയിൽ കിഴക്കൻ ലഡാക്ക് അതിർത്തിയിലെ ആറിടങ്ങളിൽ ചൈനീസ് സേന കടന്നുകയറിയതിന് പിന്നാലെയാണ് മേഖലയിൽ സംഘർഷം രൂക്ഷമായത്. പിന്നാലെ വിപുലമായ നയതന്ത്ര, സൈനിക ചർച്ചകളെത്തുടർന്ന് ഇരുപക്ഷവും പല മേഖലകളിൽ നിന്നും പിൻമാറുകയും ചെയ്തിരുന്നു. എന്നാൽ കിഴക്കൻ ലഡാക്കിലെ ചില പോയിന്റുകളിൽ ഇരു സൈന്യങ്ങളും തമ്മിൽ പലപ്പോഴും സംഘർഷങ്ങൾക്ക് വഴിവയ്ക്കുകയും ചെയ്തിരുന്നു.

നാലിടങ്ങളിൽ നിന്നാണ് നേരത്തെ നടത്തിയ ധാരണകൾ പ്രകാരം ഇരു സൈന്യങ്ങളും പിൻവാങ്ങിയത്. എന്നാൽ ഡെപ്സങ്, ഡെംചോക് പ്രദേശങ്ങളിൽ ചൈനീസ് സൈന്യം നിലയുറപ്പിക്കുകയും ചെയ്തു. ഇവിടങ്ങളിൽ നിന്നും ചൈനീസ് സൈന്യത്തെ പിൻവലിപ്പിച്ച് പട്രോളിങ് ഉൾപ്പെടെ ആരംഭിക്കാനായിരുന്നു ഇന്ത്യയുടെ നീക്കം.

Be the first to comment

Leave a Reply

Your email address will not be published.


*