മിൽമ പ്ലാൻ്റുകളിലെ തൊഴിലാളി സമരത്തിൽ വലഞ്ഞു സംസ്ഥാനത്തെ പാൽ വിപണി

തിരുവനന്തപുരം: മിൽമ പ്ലാന്റുകളിലെ തൊഴിലാളി സമരത്തിൽ വലഞ്ഞു സംസ്ഥാനത്തെ പാൽ വിപണി. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട പ്ലാന്റുകളിലാണ് തൊഴിലാളികളുടെ സമരം നടക്കുന്നത്. സമരക്കാർക്കെതിരെ കള്ളക്കേസെടുത്തെന്നാരോപിച്ചാണ് സമരം ശക്തമാക്കിയത്. തൊഴിലാളികളുടെ സ്ഥാനക്കയറ്റം തടഞ്ഞെന്ന് ആരോപിച്ച് മിൽമ തിരുവനന്തപുരം മേഖലാ യൂണിയൻ ചെയർപേഴ്‌സണെ സമരക്കാർ തടഞ്ഞുവെച്ചിരുന്നു. പ്ലാന്റിലെ തൊഴിലാളികളുടെ സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങൾ നടന്നുവരവെയാണ് സമരക്കാർക്കെതിരെ കേസെടുത്തത്.

സമരം കടുത്തതോടെ പാൽ വിതരണം പ്രതിസന്ധിയിലായിരിക്കുകയാണ്. പാൽ കിട്ടാത്തത് മൂലം കടകളിൽ നിന്ന് പലരും വിളിച്ചുതുടങ്ങിയെന്ന് ഡ്രൈവർമാർ പറയുന്നു. സമരം ഉടൻ തീർന്നില്ലെങ്കിൽ സംസ്ഥാനത്തെ പാൽ സംഭരണത്തെയും സാരമായി ബാധിക്കുമെന്നാണ് വിലയിരുത്തൽ. ക്ഷീരകർഷകരെയും ഇത് പ്രതിസന്ധിയിലാക്കും. സമരക്കാരെ ഡയറി മാനേജർ ചർച്ചയ്ക്ക് വിളിച്ചെങ്കിലും തങ്ങൾക്കെതിരെ ചുമത്തിയ കള്ള കേസ് പിൻവലിക്കാതെ ചർച്ചയ്ക്കില്ലെന്ന നിലപാടിലാണ് സമര നേതാക്കൾ.

ഐഎൻടിയുസി, സിഐടിയു സംഘടനകളുടെ നേതൃത്വത്തിലാണ് സമരം നടക്കുന്നത്. ഓഫീസർമാരുടെ സ്ഥാനക്കയറ്റത്തിനുള്ള അഭിമുഖം തിങ്കൾ, ചൊവ്വ ദിവസങ്ങളിലായി നടക്കുന്നുണ്ട്. ഇതിനൊപ്പം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി പരിഗണിക്കണമെന്നാണ് സമരക്കാരുടെ ആവശ്യം. പ്രതിഷേധം ശക്തമായതോടെ ഇന്റർവ്യു തടസ്സപ്പെട്ടു. തൊഴിലാളികളുടെ സ്ഥാനക്കയറ്റം വർഷങ്ങളായി നടക്കുന്നില്ലെന്നും അർഹമായ ആവശ്യം മാനേജ്‌മെന്റ് നിരസിക്കുകയാണെന്നും സമരക്കാർ ആരോപിച്ചു. ആവശ്യം പരിഗണിക്കണമെന്നാവശ്യപ്പെട്ട് തൊഴിലാളി യൂണിയനുകൾ മേഖലാ യൂണിയന് കത്ത് നൽകിയിരുന്നു. ഈ മാസം തൊഴിലാളികളുടെ സ്ഥാനക്കയറ്റം കൂടി ഉറപ്പാക്കുമെന്ന് എഴുതിത്തന്നാൽ മാത്രമേ സമരം അവസാനിപ്പിക്കൂവെന്ന നിലപാടിലാണ് ഇപ്പോൾ യൂണിയനുകൾ. കഴിഞ്ഞ വർഷം മേഖലാ യൂണിയനിലേക്ക് പുറംകരാർ നൽകുന്നതിനെതിരേയും ജീവനക്കാർ എതിർത്തിരുന്നു.

Be the first to comment

Leave a Reply

Your email address will not be published.


*