മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ; പ്രാര്‍ഥനയോടെ കലാകേരളം

മിമിക്രി, സിനിമാതാരം കൊല്ലം സുധിയുടെ മരണത്തിനിടയാക്കിയ വാഹനാപകടത്തില്‍ പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന മഹേഷ് കുഞ്ഞുമോന് ഇന്ന് ശസ്ത്രക്രിയ. ഒന്‍പതു മണിക്കൂര്‍ നീളുന്ന ശസ്ത്രക്രിയയാണ് മഹേഷിന് നടത്തുന്നതെന്നും എല്ലാവരുടെയും പ്രാര്‍ഥന മഹേഷിനോടൊപ്പം ഉണ്ടാകണമെന്നും മഹേഷിന്റെ സുഹൃത്ത് പങ്കുവച്ച കുറിപ്പില്‍ പറയുന്നു. കൊച്ചി അമൃത ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുന്ന മഹേഷിന്റെ മുഖത്തും പല്ലുകള്‍ക്കുമാണ് പരിക്ക്.

നിരവധി ആരാധകരുള്ള ജനകീയനായ മിമിക്രി താരമാണ് മഹേഷ് കുഞ്ഞുമോൻ. മിമിക്രിയിലെ പെര്‍ഫെക്ഷനിലിസ്റ്റ് എന്നാണ് മഹേഷ് കുഞ്ഞുമോൻ അറിയപ്പെടുന്നത്. നരേന്ദ്ര മോദി, പിണറായി വിജയൻ, വിജയ് സേതുപതി തുടങ്ങിയവരുടെ ശബ്‍ദങ്ങള്‍ കൃത്യതയോടെ മഹേഷ് കുഞ്ഞുമോൻ അവതരിപ്പിക്കുമായിരുന്നു. വിനീത് ശ്രീനിവാസനെ അവതരിപ്പിച്ചായിരുന്നു മിമിക്രി രംഗത്തേയ്‍ക്ക് മഹേഷ് എത്തിയത്.

‘വിക്രം’ എന്ന ഹിറ്റ് തമിഴ് സിനിമയുടെ മലയാളം പതിപ്പില്‍ ഏഴ് വ്യത്യസ്‍ത കഥാപാത്രങ്ങള്‍ക്ക് ശബ്‍ദം നല്‍കി മഹേഷ് കുഞ്ഞുമോൻ പ്രേക്ഷകരെ വിസ്‍മയിച്ചിരുന്നു. അന്തരിച്ച നടൻ അനില്‍ നെടുമങ്ങാടിനും മഹേഷ് ഡബ്ബ് ചെയ്‍തിരുന്നു.  എറണാകുളത്ത് പുത്തൻ കുരിശിനടുത്ത് കുറിഞ്ഞിയാണ് മഹേഷ് കുഞ്ഞുമോന്റെ ജന്മദേശം. 

Be the first to comment

Leave a Reply

Your email address will not be published.


*