
കോട്ടയം: മെഡിക്കൽ കോളജ് ബസ് സ്‌റ്റാൻഡിൽ നിന്ന് ആശുപത്രിയിലേക്ക് റോഡ് മുറിച്ചു കടക്കാതെ യാത്ര ചെയ്യാൻ നിർമ്മിച്ച ഭൂഗർഭ നടപ്പാത നാളെ പൊതുജനങ്ങൾക്ക് തുറന്നു നൽകും. രാവിലെ 10 ന് മന്ത്രി അഡ്വ. പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും. മന്ത്രി വി എൻ വാസവൻ അധ്യക്ഷത വഹിക്കും.അഡ്വ.ഫ്രാൻസിസ് ജോർജ് എംപി മുഖ്യപ്രഭാഷണം നടത്തും.
ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് കെ വി ബിന്ദു, ജില്ലാ കളക്ടർ ജോൺ വി സാമുവൽ, കോട്ടയം മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ ഡോ. വർഗ്ഗീസ് പി പുന്നൂസ്, ആശുപത്രി സൂപ്രണ്ട് ഡോ.ടി കെ ജയകുമാർ, കുട്ടികളുടെ ആശുപത്രി സൂപ്രണ്ട് ഡോ.കെ പി ജയകുമാർ, ഏറ്റുമാനൂർ ബ്ലോക് പഞ്ചായത്ത് പ്രസിഡൻ്റ് ആര്യാ രാജൻ, ആർപ്പൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ്, ദീപാ ജോസ്, കെ എൻ വേണുഗോപാൽ, റോസമ്മ സോണി, അന്നമ്മ മാണി,കെ കെ ഹരിക്കുട്ടൻ,ബാബു ജോർജ്,ബിനു ബോസ് ,സോബിൻ തെക്കേടം, ജോസ് ഇടവഴിക്കൽ, ജോസ് രാജൻ കെ, വിമൽ പിബി തുടങ്ങിയവർ പ്രസംഗിക്കും.
അത്യാധുനിക രീതിയിൽ നിർമ്മിച്ചിരുന്ന പാത ജില്ലയിലെ ആദ്യത്തെ ഭൂഗർഭ പാതയാണ്. അത്യാഹിത വിഭാഗത്തിലേയ്ക്കുള്ള പ്രവേശനകവാടത്തിരികെയുള്ള ഡിപ്പാർട്ട്മെന്റ് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ സെന്റർ മന്ദിരത്തിനു സമീപത്തുനിന്നുമാണ് പാത തുടങ്ങുന്നത്.
മെഡിക്കൽ കോളജ് ബൈപാസ് റോഡ് കുറുകെ കടന്ന് ബസ് സ്റ്റാൻഡിന്റെ പ്രവേശനകവാടത്തിനു സമീപം അവസാനിക്കുന്ന രീതിയിലാണ് പാതയുടെ നിർമ്മിച്ചിട്ടുള്ളത്. 1.30 കോടി രൂപ് ചെലവിട്ടാണ് നിർമ്മാണം. 18.576 മീറ്റർ നീളവും അഞ്ച് മീറ്റർ വീതിയുമുണ്ട്. ഉയരം 3.5 മീറ്റർ. പാതക്കുള്ളിൽ ആധുനികരീതിയിലുള്ള വെളിച്ചസംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ട്. രോഗികൾക്കു ബുദ്ധിമുട്ട് ഉണ്ടാകുന്നപക്ഷം വിശ്രമിക്കുന്നതിനുള്ള ഇരിപ്പിടങ്ങളും സജ്ജമാണ്.രണ്ടു വർഷം മുൻപ് സംഘടിപ്പിച്ച വികസന ശിൽപ്പശാലയലാണ് മന്ത്രി വി എൻ വാസവൻ അടിപ്പാത എന്ന ആശയം മുന്നോട്ടുവച്ചത്.
Be the first to comment