റേഷന്‍ വാതില്‍പ്പടി വിതരണക്കാരുടെ സമര പ്രഖ്യാപനത്തിന് പിന്നാലെ ഇടപെടലുമായി ഭക്ഷ്യവകുപ്പ്. കുടിശികത്തുക നാളെത്തന്നെ വിതരണക്കാര്‍ക്ക് നല്‍കുമെന്ന് മന്ത്രി ജി ആര്‍ അനില്‍ പറഞ്ഞു. മൂന്നുമാസമായി തുക കുടിശികയായതോടെയാണ് സമരത്തിലേക്ക് പോകാന്‍ വാതില്‍പ്പടി വിതരണക്കാര്‍ തീരുമാനിച്ചത്. വിതരണക്കാര്‍ ഇനി സമരം ചെയ്യേണ്ടി വരില്ലെന്നും മന്ത്രി ഉറപ്പു നല്‍കി. വിതരണക്കാര്‍ സമരത്തിലേക്ക്.
സംസ്ഥാനത്തെ റേഷന്‍ കടകളിലേക്ക് സാധനങ്ങള്‍ എത്തിക്കുന്ന വാതില്‍പ്പടി വിതരണക്കാര്‍ക്ക് മൂന്നുമാസമായി തുക കുടിശികയാണ്. ഓണത്തിന് മുന്‍പ് കുടിശിക പൂര്‍ണമായി നല്‍കുമെന്ന് ഭക്ഷ്യവകുപ്പ് ഉറപ്പ് നല്‍കിയിരുന്നു. എന്നാല്‍ ഇത് പാലിക്കപ്പെടാതെ വന്നതോടെയാണ് അനിശ്ചിതകാല സമരത്തിലേക്ക് പോകാന്‍ വാതില്‍പ്പടി വിതരണക്കാര്‍ തീരുമാനിച്ചത്. പണം നല്‍കാമെന്ന് പറഞ്ഞ് സര്‍ക്കാര്‍ പറ്റിക്കുകയാണ് ചെയ്തതെന്നും ആരോപണമുണ്ട്.
നിലവില്‍ ധനവകുപ്പ് അനുവദിച്ച 50 കോടി രൂപയില്‍ നിന്നാണ് കുടിശികത്തുക നല്‍കുക. 95 കോടിയോളം രൂപ വേണം കുടിശിക പൂര്‍ണമായി തീര്‍ക്കാന്‍. ഇതിനായി മറ്റ് വഴികള്‍ തേടുകയാണ് സിവില്‍ സപ്പ്ളൈസ് വകുപ്പ്.
Be the first to comment