പക്ഷിപ്പനി പടരുന്നു; ഇറച്ചി, മുട്ട വില്‍പ്പന നിരോധിച്ചു

ആലപ്പുഴ: ജില്ലയില്‍ കൂടുതല്‍ ഇടങ്ങളിലേക്ക് പക്ഷിപ്പനി പടര്‍ന്നതായി സംശയം. ആദ്യം സ്ഥിരീകരിച്ച എടത്വ, ചെറുതന പഞ്ചായത്തുകള്‍ക്ക് പിന്നാലെ സമീപ പഞ്ചായത്തുകളിലും രോഗലക്ഷണങ്ങള്‍ പ്രകടമായിട്ടുണ്ട്. മുട്ടാര്‍, അമ്പലപ്പുഴ വടക്ക് പഞ്ചായത്തുകളിലാണ് പുതുതായി പക്ഷിപ്പനി സംശയിക്കുന്നത്. ഇവിടെ നിന്നുള്ള സാമ്പിളുകള്‍ പരിശോധനയ്ക്ക് അയച്ചു. ഭോപ്പാലിലെ ലാബിലേക്കാണ് സാമ്പിള്‍ അയച്ചത്.

പക്ഷിപ്പനിയെ തുടര്‍ന്ന് പ്രതിരോധ പ്രവര്‍ത്തനങ്ങളും ഊര്‍ജിതമാക്കിയിട്ടുണ്ട്. ഇതുവരെ 17,480 താറാവുകളെയാണ് കൊന്ന് മറവ് ചെയ്തത്. അതേസമയം, ആലപ്പുഴ, കോട്ടയം, കോഴിക്കോട് തുടങ്ങിയ ജില്ലകളിൽ പക്ഷിപ്പനി പടർന്നുപിടിച്ചതിനെത്തുടർന്ന് മുൻകാലങ്ങളിൽ ആയിരകണക്കിന് കോഴികളെയും താറാവുകളെയും കൊന്നൊടുക്കിയതിന്‍റെ നഷ്ടപരിഹാരം ഇപ്പോഴും കർഷകർക്ക് ലഭിക്കാനുണ്ട്.

താറാവ്, കോഴി എന്നിവയുടെ ഇറച്ചി, മുട്ട എന്നിവയുടെ വില്‍പ്പന നിരോധിച്ചിട്ടുണ്ട്. 34 തദ്ദേശസ്ഥാപനങ്ങളിലാണ് ഏപ്രില്‍ 26 വരെ നിരോധനം ഏര്‍പ്പെടുത്തിയത്. അടിയന്തര സാഹചര്യം നേരിടുന്നതിന് ആലപ്പുഴ ജില്ലാ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ നേതൃത്വത്തില്‍ കണ്‍ട്രോള്‍ റൂം ആരംഭിച്ചിട്ടുണ്ട്. പക്ഷികളില്‍ ഉണ്ടാകുന്ന അസ്വാഭാവിക മരണങ്ങളും അസ്വാഭാവിക ലക്ഷണങ്ങളും നിരീക്ഷണ വിധേയമാക്കാന്‍ എല്ലാ മൃഗാശുപത്രികളിലേയും വെറ്ററിനറി സര്‍ജന്മാര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്ന് മന്ത്രി ജെ. ചിഞ്ചുറാണി അറിയിച്ചു.

പക്ഷിപ്പനി കോഴികൾക്കും താറാവുകൾക്കും ഇടയിൽ മാത്രമല്ല, പക്ഷികളിൽ നിന്ന് മനുഷ്യരിലേക്കും പടരുന്നുവെന്ന് യുഎസിൽ കണ്ടെത്തിയതിനെ തുടർന്ന് ആഗോള ആരോഗ്യമേഖല ഈ പുതിയ വെല്ലുവിളിയെ നേരിടാനുള്ള തയാറെടുപ്പിലാണ്. വൈറസ് മനുഷ്യരെ ബാധിച്ചാൽ, അത് കോവിഡ് -19 നേക്കാൾ 100 മടങ്ങ് അപകടകരമാകുമെന്ന് വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പക്ഷികളുമായും കന്നുകാലികളുമായും അടുത്ത ബന്ധമുള്ള വ്യക്തികളിൽ സംഭവിക്കുന്ന കേസുകൾ അതീവ ഗൗരവത്തോടെകൈകാര്യം ചെയ്യാൻ യുഎസ് സെന്‍റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ ഇതിനകം തന്നെ ഡോക്ടർമാർക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

Be the first to comment

Leave a Reply

Your email address will not be published.


*