സാധ്യമായതെല്ലാം ദുരന്തമേഖലയിലേക്ക് ചെയ്യുമെന്ന് റവന്യുമന്ത്രി കെ രാജൻ. വയനാടിനെ സർക്കാർ ചേർത്ത് പിടിക്കുമെന്ന് മന്ത്രി വ്യക്തമാക്കി. മൃതദേഹങ്ങൾക്കും ശരീരഭാഗങ്ങൾക്കും സംസ്ഥാന പോലീസിന്റെ ആദരം നൽകിയാണ് സംസ്കരിച്ചത്. ഡിഎൻഎ ടെസ്റ്റിന്റെ നമ്പർ സഹിതമാണ് ഓരോ മൃതദേഹവും സംസ്കരിക്കുന്നതെന്ന് മന്ത്രി പറഞ്ഞു.
ഇന്നത്തെ മന്ത്രിസഭാ യോഗത്തിൽ വയനാടിനായി നീർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്ന് മന്ത്രി പറഞ്ഞു. വയനാട്ടിലെ രക്ഷാപ്രവർത്തനം ഇന്ന് ചേരുന്ന മന്ത്രിസഭായോഗം അവലോകനം ചെയ്യും. റവന്യൂ വകുപ്പിന്റെ പക്കലുള്ള ടൗൺഷിപ്പിന് ഉതകുന്ന ഭൂമിയുടെ കണക്ക് സർക്കാർ ശേഖരിച്ചിരുന്നു. ദുരിതബാധിതർക്കുള്ള ധനസഹായത്തിന്റെ കാര്യത്തിലും മന്ത്രിസഭായോഗം തീരുമാനമെടുക്കുമെന്നാണ് സൂചന. ഓൺലൈനായാണ് മന്ത്രിസഭാ യോഗം ചേരുന്നത്.
മന്ത്രിസഭ ഉപസമിതിയുടെ റിപ്പോർട്ടും ചീഫ് സെക്രട്ടറിയുടെ റിപ്പോർട്ടും മന്ത്രിസഭായോഗം പരിഗണിക്കും. എത്ര നാൾ രക്ഷാപ്രവർത്തനം തുടരണമെന്ന കാര്യവും യോഗം ചർച്ച ചെയ്തേക്കും. സ്കൂളുകളിലെ ക്യാമ്പുകളിൽ നിന്ന് ആൾക്കാരെ മാറ്റിപ്പാർപ്പിച്ച് അധ്യയനം തുടങ്ങുന്ന കാര്യത്തിൽ തീരുമാനം ഉണ്ടാകും. സർക്കാരിന്റെ നേതൃത്വത്തിൽ പുനരധിവാസത്തിനായി ടൗൺഷിപ്പ് നിർമിക്കാൻ തീരുമാനിച്ചിരുന്നു ഇതിന്റെ പ്രാഥമിക ചർച്ചകൾ തുടങ്ങുകയും ചെയ്തിരുന്നു. ഇതിലുള്ള പുരോഗതി യോഗം വിലയിരുത്തും. ടൗൺഷിപ്പിനുള്ള സ്ഥലം ഏറ്റെടുക്കൽ അടക്കം ചർച്ചയാകും.
Be the first to comment